2014 ജൂൺ 25, ബുധനാഴ്‌ച

വാഴ്ത്തപ്പെടും ..




ഞാനും നീയും
ഇല്ലാതായിക്കഴിഞ്ഞ്
പതിറ്റാണ്ടുകൾ
കഴിഞ്ഞിട്ടാകും
ലോകം
നമ്മുടെ പ്രണയം
കണ്ടെത്തുന്നത്..

അന്നും അതിൽ
ജീവൻറെ കണികകൾ
തുടിക്കുന്നത് കണ്ട്
അവർ വിസ്മയിക്കും..

അന്ന്,
നമ്മുടെ പ്രണയം
വിശുദ്ധമെന്ന്
വാഴ്ത്തപ്പെടും...

- അജി ആലത്ത്.

2014 ജൂൺ 17, ചൊവ്വാഴ്ച

ഓർമ്മപ്പെയ്ത്തിൽ ജ്വരം ബാധിക്കുമ്പോൾ..



ഇവിടെ,
ഇടമുറിയാതെ പെയ്യുന്ന
നിൻറെ
ഓർമ്മമഴയിൽ നനഞ്ഞ്
ഞാൻ
പനിച്ചിരിക്കുമ്പോൾ,
നീ,
പതിവ് പോലെ
ദിനചര്യകളിൽ മുഴുകി,
കൈത്തണ്ടയിലെ
സമയസൂചിയ്ക്കൊപ്പം
ഓടിക്കൊണ്ടിരിക്കുകയാവും...

തിരക്കിൽ നിന്നും
തിരക്കുകളിലേക്ക്
യാത്ര ചെയ്യുമ്പോൾ,
ബോധപൂർവമോ
അല്ലാതെയോ
എന്നെ
മറന്നേ പോയിരിക്കും.....

തിരക്കൊഴിഞ്ഞ്
രാത്രിയുടെ അന്ത്യയാമത്തിൽ
ഉണരാനുള്ള മണിയൊച്ചയ്ക്ക്
തൊട്ടു മുമ്പുള്ള
സുഖനിദ്രയിൽ ,
ഒരു തൂവൽസ്പർശം പോലെ,
ഹൃദയത്തെത്തൊടുന്നൊരു
മധുരസ്വപ്നം
നീ കാണുന്നുവെങ്കിൽ ,
അറിയുക
അത്,
നീ മറക്കാൻ ശ്രമിക്കുന്ന
എൻറെ ഓർമ്മകളാണ് ..

മറക്കാൻ ശ്രമിക്കുന്തോറും
കൂടുതൽ തീവ്രതയോടെ,
ജ്വരബാധയുടെ ഉന്മാദമായി
എന്നിലും,
പുലർകാല സ്വപ്നങ്ങളായി
നിന്നിലും,
ആ ഓർമ്മകൾ
പെയ്തുകൊണ്ടേയിരിക്കും..


- അജി ആലത്ത്.

2014 ജൂൺ 10, ചൊവ്വാഴ്ച

മറന്നു കൂടാത്തത്..



ഒരുമിച്ചൊരേ  ബഞ്ചി-
ലിരുന്നു പഠിച്ച പാഠങ്ങൾ
നമ്മൾ മറന്നിരിക്കാം...

കളിക്കൂട്ടുകാരുടെ മുന്നിൽ
കളിയാക്കി ചിരിച്ച മുഖങ്ങളു -
മോർമ്മയിൽ മാഞ്ഞിരിക്കാം..

പ്രിയസ്നേഹിതൻ
പെരുന്നാൾ പിറ്റേന്ന്
കൊണ്ടുത്തന്ന
നെയ്‌പലഹാരത്തിന്റെ
സ്വാദ് മാത്രം
നാവിൻ തുമ്പത്തിരിക്കുന്നു..

കണ്ടിട്ടില്ലാത്തൊരുമ്മ
അടുക്കളപ്പുകയിൽ മുങ്ങി
പൊതിഞ്ഞു കൊടുത്തയച്ച
സ്നേഹത്തിന്റെ ഓർമ്മ പോലും
കണ്ണുകളിൽ
പെരുമഴ പെയ്യിക്കുന്നു..


മനസുകളിലൊരു
നേർവര
വിഭജനം വരച്ച
വർത്തമാന കാലത്തിൽ,
സഹപാഠിയുടെ
സ്നേഹസ്മരണ
പങ്കു വച്ചതിനു
പകരമായി,
കഠാര പിന്നിലൊളിപ്പിച്ചൊരു
പുഞ്ചിരി
എതിരേ വരുന്നത്
നാം കാണാതെ പോകരുത്...

- അജി ആലത്ത് .

2014 ജൂൺ 5, വ്യാഴാഴ്‌ച

ശേഷം വെള്ളിത്തിരയിൽ..






നെട്ടയം ജയശ്രീയിൽ
അരക്കള്ളൻ മുക്കാൽകള്ളൻ
രണ്ടാം വാരം കളിക്കുന്ന
സമയത്താണ്
സഹദേവൻ കോണ്‍ട്രാക്ടരുടെ
മകൾ  രമണിക്ക് ,
പുറമ്പോക്ക് കോളനിയിലെ
പൊടിയന്റെ മകൻ
വിജയൻ ,
ആദ്യത്തെ പ്രേമലേഖനം
എഴുതിയത്..

മുല്ലപ്പൂം പല്ലിലോ ..
ഞാൻ മയങ്ങിയെന്ന്
ഈണത്തിൽ പാടി നടന്നിട്ടും
രമണിയുടെ
കടാക്ഷമുനയേൽക്കാഞ്ഞതിൽ
വിഷമിച്ച വിജയൻ
വീണ്ടും കത്തെഴുതി..

'അയോദ്ധ്യ' റിലീസ് ചെയ്ത
വെള്ളിയാഴ്ച
മാറ്റിനി കഴിഞ്ഞ്
രമണിയുടെ
കിളിവാതിലിൻ വെളിയിൽ നിന്നും
ഒരു മലരിതളോടൊപ്പം
അകത്തേക്കെറിഞ്ഞ
പ്രേമലേഖനം
രമണിയുടെ ചേച്ചി
സുധാമണി കൈപ്പറ്റുകയും
ശക്തമായൊരു
ത്രികോണപ്രേമം
സംവിധായക
നിർദ്ദേശങ്ങളില്ലാതെ തന്നെ
കൊഴുക്കുകയും ചെയ്തു.

ശേഷം വെള്ളിത്തിരയിലെന്ന്
രേഖപ്പെടുത്തിയ
കൊതിപ്പിക്കുന്ന
വർണ്ണക്കടലാസുകൾ
നെട്ടയം ജയശ്രീയുടെ
ടിക്കറ്റ് കൌണ്ടറിൽ
ആൾക്കൂട്ടം സൃഷ്ടിക്കുകയും
കസേരയുടെ മൂല്യം
എണ്‍പത് പൈസയിൽ നിന്നും
ഒരു രൂപയിലേക്ക്
ഉയരുകയും ചെയ്തു.

കമലഹാസന്റെ
മദനോത്സവം കണ്ട്
വിതുമ്പുന്ന മനസുമായി
പ്രേക്ഷകർ ഇറങ്ങിയ
ഒരു
സെക്കന്റ് ഷോയ്ക്ക്
ശേഷം,
ആളൊഴിഞ്ഞ
ഓലപ്പുരയുടെ
കഴുക്കോലിൽ
വിജയൻ
തൂങ്ങി നിന്നത്
സഹദേവൻ കോണ്‍ട്രാക്ടരുടെ
അറിവോടെയല്ലെന്ന്
ഇന്നും നാട്ടുകാർ
വിശ്വസിക്കുന്നു,
ഒരുൽഭയത്തോടെ ..

ശേഷഭാഗം
വെള്ളിത്തിരയിൽ
കണ്ടറിയാൻ
നെട്ടയം ജയശ്രീയോ ,
ആനപ്പാറ ഊക്കൻസോ,
പേരൂർക്കട ജനതയോ,
വളഞ്ഞമ്പലം ലക്ഷ്മണോ ,
മൂർക്കനിക്കര കവിതയോ
ഇന്നില്ലല്ലോ.. :(

- അജി ആലത്ത്.