2014 ഫെബ്രുവരി 18, ചൊവ്വാഴ്ച

മെമ്മറാബിലിയ - ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നു...




സമയത്തിനെതിരെ
സ്വപ്നത്തോണി തുഴഞ്ഞ്
മുത്തശ്ശി യാത്ര തുടങ്ങി..

മരിച്ചു പോയ
കളിക്കൂട്ടുകാരി
മനയ്ക്കലെ കുഞ്ഞാത്തോൽ
മകരക്കുളിരിൽ
മുങ്ങി നിവർന്നു വന്ന്
കൈ വീശി..

കഴിഞ്ഞ തിരുവാതിര രാവിലെ
കുസൃതിത്തരങ്ങൾ
കുളപ്പടവിലിരുന്ന്
കളിചിരിയുടെ
ഓളക്കൈകളിലൂടെ
കൈ മാറി..

തോണി മുന്നോട്ടു പോകെ,
ചെറിയമ്മ
ഉച്ചക്കഞ്ഞിയുമായെത്തി ..

വേണ്ട വേണ്ടെന്ന
കുട്ടിക്കളിയോടെ
മുത്തശ്ശി കൊഞ്ചുകയും,
മരുന്നും കഞ്ഞികുടിയും
കഴിഞ്ഞ് , വീണ്ടും
കാലഗണനയുടെ
സീമകൾ  താണ്ടി
യാത്ര തുടരുകയും ചെയ്തു..

കൊയ്ത്തുപാട്ടിൻറെയീണം
കാതിൽ നിറച്ച്,
കാറ്റ് കവർന്ന
നെൽമണം നുകർന്ന്,
പാടവരമ്പത്ത്
 ഓലക്കുട ചൂടി
മുത്തശ്ശി നിന്നു ..

വൈകുന്നേരം
ചായയുമായി
ചെറിയമ്മ എത്തിയപ്പോഴാണ്,
മുത്തശ്ശി ഓർത്തത്‌,

തേവരേ ..
വടക്കോറത്ത് കെട്ടിയിട്ട
ആട്ടിൻ കുട്ടിക്ക്
വെള്ളം കൊടുത്തിട്ടില്ല..
കടവത്തെ ശ്രീദേവിക്ക്
മരുന്ന് മേടിക്കാൻ
രണ്ടുറുപ്യ ചോദിച്ചേർന്നു
മുണ്ടുംപെട്ടീലുണ്ട്
എടുത്തു കൊടുത്തോളോ ..
കറവക്കാരൻ നാണു വന്നു പോയോ..
ജാന്വേ ..
തൊഴുത്തീന്നു ചാണകം വാര്യോ ..
എന്തൊക്കെ പണ്യാ..
എവിട്യാ ഇവറ്റോള് ..

ഫ്ലാറ്റിൻറെ ആറാം നിലയിലെ
ജാലകപ്പഴുതിലൂടെ
കടന്നു വന്ന
പോക്കുവെയിലിൻ കിരണം
മുത്തശ്ശിയുടെ കവിളിൽ
സ്നേഹത്തോടെ ഉമ്മ വച്ചു ..

- അജി ആലത്ത്.

2014 ഫെബ്രുവരി 17, തിങ്കളാഴ്‌ച

മൂന്ന് ദിവസമെങ്കിലും...




അമ്മേ ...
ഇനിയെനിക്ക് സ്കൂളിൽ
പോകണ്ടമ്മേ ...

ഏഴാം ക്ലാസ്സിലെ
ചട്ട കീറിയ
മലയാള പാഠാവലിയും,
തുന്നിക്കൂട്ടിയ
തുണിസഞ്ചിയും,
ചായം പോയ
യൂണിഫോമും
സാരമില്ലമ്മേ..

കുറി കിട്ടിയപ്പോൾ
കഴിഞ്ഞയാണ്ടിലമ്മ
വാങ്ങിത്തന്ന ഷൂ
തേഞ്ഞു പോയതും
സാരമില്ലമ്മേ..

ഓറഞ്ചും നീലയും
പായ്ക്കറ്റിനുള്ളിൽ
ബെൽറ്റും  വിംഗ്സും
 പതിപ്പിച്ച
പഞ്ഞിപ്പതുപ്പ്  കാട്ടി
കൂട്ടുകാരികൾ
കൊതിപ്പിക്കുന്നമ്മേ ..

ജട്ടിക്കിടയിൽ
പഴന്തുണി തിരുകി
പോകാൻ മാത്രം
നാണമാകുന്നമ്മേ ..

അമ്മയെന്നും
തൊഴുന്ന ദൈവം
നമ്മോടു മാത്രമെ -
ന്തിങ്ങനെയമ്മേ ..

ഇനിയെനിക്ക് സ്കൂളിൽ
പോകണ്ടമ്മേ ..
ആ മൂന്ന് ദിവസമെങ്കിലു-
മെന്നെ
നിർബന്ധിച്ചയക്കരുതമ്മേ ..

- അജി ആലത്ത് .

2014 ഫെബ്രുവരി 7, വെള്ളിയാഴ്‌ച

ആവർത്തനം .



ചിലപ്പോഴൊക്കെ
ഓർമ്മകൾ
വേലിയേറ്റം പോലെ
കടന്നു വരും..

ഉറങ്ങി നിൽക്കുന്ന
മറവിച്ചെടികളുടെ
ധമനികളിലേക്ക്
ഉപ്പുരസം പകരും.

ഉണങ്ങിത്തുടങ്ങിയ
മുറിവുകളിൽ,
നനവ്‌
നഷ്ടബോധത്തിൻറെ
നീറ്റലുണ്ടാക്കും ..

വേരുകൾ പോലും
പറിച്ചെറിയുന്ന
വേദനയിൽ നാം
തല തല്ലിക്കരയും..

വീണ്ടും,
അശാന്തിയുടെ നാഴികകൾ,
ശാന്തിയുടെ ഇടവേളയ്ക്ക്
വഴി മാറും,
ഇനിയുമൊരു
വേലിയേറ്റത്തിന്
ചിറകു മുളയ്ക്കും വരെ.


- അജി ആലത്ത്.