2013 ഡിസംബർ 6, വെള്ളിയാഴ്‌ച

പ്രസാദം.





ഇലക്കീറിനൊപ്പം
തൊടിയിലേക്ക്‌
 തെറിച്ചു വീണ
തെച്ചിപ്പൂവ്
അടുത്തു നിന്ന
 മുക്കൂറ്റിപ്പൂവിനോട് -

കൊഴിയും വരെ-
യാകാശം നോക്കി-
യമ്മ വീട്ടിൽ
ചിരിച്ചു നിൽക്കുന്ന
നീ തന്നെയാണ്
 ഭാഗ്യവതി.

- അജി ആലത്ത് .

2013 ഡിസംബർ 4, ബുധനാഴ്‌ച

തസ്തിക



അടുക്കളക്കാരി ദേവു
അടുത്തൂണ്‍ പറ്റി
ജീവിതത്തിൽ നിന്ന് തന്നെ
പിരിഞ്ഞ ശേഷമാണ്,
അവർ  ഒറ്റയ്ക്ക്
ചെയ്ത പണികൾക്ക്
മൂന്ന് തസ്തികകൾ സൃഷ്ടിക്കപ്പെടുകയും
ഏജൻസിയിൽ നിന്നും
മൂന്നു പേർ എത്തുകയും ചെയ്തത്..

ദിവസങ്ങൾ  പതിവ് പോലെ
കടന്നു പോയിട്ടും,
നഴ്സറിയിൽ നിന്ന്
തിരിച്ചെത്തുന്ന
ദീപുമോൻ മാത്രം ,
ദേവകിയമ്മൂമ്മേ കാണണം എന്ന്,
എന്നും
നിലവിളിച്ചു കരഞ്ഞു....

- അജി ആലത്ത് .

2013 ഡിസംബർ 3, ചൊവ്വാഴ്ച

ധവള വിപ്ലവം




രാമൻകുട്ടി
അയഞ്ഞ മുലകളിൽ
കൈയമർത്തിയപ്പോൾ
നേർത്ത പാൽ ക്കമ്പികൾ
വിരലുകൾക്കിടയിലൂടെ
ഓട്ടുപാത്രത്തിൽ
വേദനയുടെ
സീൽക്കാരമുതിർത്തു ..

കറവ വറ്റിയ
അവസാനത്തെ പശുവിനെയും
അറവുശാലയിലേക്ക്
യാത്രയാക്കി ,

നീലയും മഞ്ഞയും നിറമുള്ള
പ്ലാസ്റ്റിക് കവറിലെ
പൊടി കലക്കിയ
നന്മ കണികണ്ടുണരാൻ
രാമൻകുട്ടി നടന്നു,
മിൽമ ബൂത്തിലേക്ക് ..

- അജി ആലത്ത് .