സുയോധനാ..
ചോരച്ചാലിൽ നീ
വീണു കിടക്കുമ്പോൾ,
ഹിൻഡോണ്‍ നദീതീരത്ത്
അന്തി മയങ്ങുമ്പോൾ,
അന്നത്തെ പോരിന്
അന്ത്യം കുറിച്ചുകൊണ്ട്
പെരുമ്പറ മുഴങ്ങുമ്പോൾ,
അരികത്ത് ഞാൻ വന്നത്
മാപ്പ് ചോദിക്കാനല്ല..
ഗർഭപാത്രം മറ്റൊന്നെങ്കിലും
ഭാതൃസ്നേഹത്താലെന്നെ
ഞാനാക്കിയ ജ്യേഷ്ഠന്
ബലിതർപ്പണത്തിനായ് മാത്രം..
സഹോദരന്മാർ തമ്മിൽ
സ്പർദ്ധ മൂർച്ഛിക്കുമ്പോൾ ,
താങ്ങായ് നിൽക്കേണ്ടവർ
വാളുമായ്, കലി പൂണ്ട്
അങ്കക്കളത്തിലിറങ്ങുമ്പോൾ ,
ഇത്
യുയുത്സുവിൻ കടമയെന്നറിയുക ..
മറുചേരിയും
ഭാതൃചേരിയെന്നറിഞ്ഞ്
കൂട്ടുചേരാൻ..
കൂട്ടുകൂടി നൽവാക്കോതുവാൻ..
പോര് നിർത്തിയൊന്നായ് വാഴുവാൻ..
ദാസ്യഗർഭങ്ങളിലിനിയും
യുയുത്സുമാരീ നിയോഗത്തിനായ്
പിറവി
കാത്തിരിക്കുന്നുണ്ടാവാം..
വേണ്ട, യുധിഷ്ഠിരാ ..
ഇന്ദ്രപ്രസ്ഥമെനിക്കു വേണ്ട..
ഭാതൃരക്തത്തിൽ ചുവന്ന
കിരീടവും
മാതൃശാപത്തിൽ തിളച്ചു പൊള്ളുന്ന
സിംഹാസനവും
വൈധവ്യക്കണ്ണീരിൽ കുതിർന്ന
ചെങ്കോലും
നിശ്ചയം തമോമയമാക്കുമെൻ
ശിഷ്ടജീവിതം ..
വിഷമേറ്റു വാങ്ങി
ഗംഗയും യമുനയും
ആധി പൂണ്ടൊഴുകുമ്പോൾ ,
പേര് പോലുമില്ലാത്ത
ദാസിമാരാമെന്നമ്മമാർ
വിലപിക്കുമ്പോൾ ,
കർമ്മം കൊണ്ടെങ്കിലു-
മവർക്കാശ്വാസമേകുവാൻ
അനുവദിക്ക,യെന്നെ
യാത്രയാക്കുക...
- അജി ആലത്ത്.