2016 ഏപ്രിൽ 26, ചൊവ്വാഴ്ച

അന്യദേശതൊഴിലാളി.


അവരുടെ
ചെളി പുരണ്ട കാലുകൾ
നിങ്ങളിൽ
അറപ്പുണ്ടാക്കിയേക്കാം ..
അവരുടെ
കീറിയ ചെരിപ്പുകളും
നിറം മങ്ങിയ വസ്ത്രങ്ങളും
നിങ്ങളിൽ
വമനേച്ഛയുണ്ടാക്കിയേക്കാം ..
എങ്കിലും,
മറക്കാതിരിക്കുക,
നമ്മൾ ചെയ്തുകൊണ്ടിരുന്നതും,
ഇപ്പോൾ ചെയ്യാതിരിക്കുന്നതും
എന്നാൽ ചെയ്യേണ്ടതും,
ഒരു പക്ഷേ
ചെയ്യാൻ മറന്നതുമായ
തൊഴിലുകൾ
ചെയ്യുന്നവരെയാണ്
ഗതിയില്ലാത്തവരെന്ന്
നാം,
പുച്ഛത്തോടെ വിളിക്കുന്നത് .
- അജി ആലത്ത്.

യാത്രാമൊഴി


മഴ പെയ്തു തോർന്ന
വഴികളിൽ ,
നിലാവ്, നേർത്ത
നിഴൽ ചിത്രം വരച്ച
വഴികളിൽ ,
തിരസ്കരിക്കപ്പെട്ട
പ്രണയം തിരഞ്ഞ്
വിഷാദമൂകനായ്
നടക്കവേ,
ആ വഴികൾ
ചെന്നെത്തിയത് ,
നിൻറെ ഭവനത്തിൻറെ
അടഞ്ഞ കവാടങ്ങൾക്കു
മുന്നിലായിരുന്നു..

അതു തുറന്നാലും
നിൻറെ ഹൃദയത്തിൻറെ
അടഞ്ഞ വാതായനങ്ങൾ
എനിക്കുവേണ്ടിയൊരിക്കലും
തുറക്കുകയില്ലെന്ന
തിരിച്ചറിവിൽ,
തിരിഞ്ഞു നടക്കവേ,

നമ്മളൊരുമിച്ചു കണ്ടൊരാ
പാതിരാ നക്ഷത്രം,
മഴമേഘങ്ങൾക്കിടയിലൂടെ-
യലിവോടെയെന്നെ
ക്ഷണിക്കുന്നത് കാൺകെ ,
ചോദിക്കുന്നു , ഞാനും
നിന്നോട് - യാത്രാമൊഴി..

-അജി ആലത്ത്.

കണി


നനു നനെ പെയ്യുന്ന
മഴ കുളിരണിയിച്ചൊരു
പുലരിയിൽ,
സ്വപ്നസാക്ഷാത്കാരത്തിൻ
തേരിലേറിയെൻ
മുന്നിലെത്തി,
തിരശ്ശീല നീക്കി-
യെനിക്കു മാത്രമായ്
നീ നൽകിയ
മന്ദസ്മിതമാണന്നു-
മിന്നുമെന്നുമെൻ
വിഷുക്കണി..
- അജി ആലത്ത്

തിരിച്ചറിവുകൾ


മാതാ പിതാ ഗുരു