2016 ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

കാലാവസ്ഥാവ്യതിയാനം


സിഗ്നൽ


യുദ്ധാനന്തരം



യുദ്ധാനന്തരം,
വെടിമരുന്നിൻറെ ഗന്ധം 
വെയിലത്തുരുകുന്നോ-
രുച്ചനേരത്ത്,
അവശേഷിച്ച മരത്തിൻറെ-
യിലയില്ലാ ചില്ലയിൽ
വാ പിളർത്തിക്കരയുന്നൊരു
കുഞ്ഞിക്കിളിക്ക്
പാതികരിഞ്ഞ
ചിറകിനാൽ
തണൽ പകർന്ന്
കഴുകൻ പറഞ്ഞു,

എല്ലാവരും
ആർക്കോ വേണ്ടി
പൊരുതിത്തീർന്നപ്പോൾ
മാത്രമാണ് ,
സഹാനുഭൂതിയും
സഹിഷ്‌ണുതയും
എന്തെന്ന്
ഞാനുമറിഞ്ഞത്..

- അജി ആലത്ത്

ഇന്നല്ല, നാളെ .


വിലാപം


നഷ്ടം നേടിയവർ.


പെരുമഴക്കാലം.


നൊമ്പരപ്പെടുത്തുന്ന
ഓർമ്മകളൊക്കെയും
കഴുകിക്കളയണം 
ഈ മഴയിലെന്ന്
ഓരോ മഴ പെയ്യുമ്പോഴും
മോഹിച്ചിരുന്നു..
ആ മഴ
പെയ്തൊഴിയുമ്പോഴേക്കും,
ഓർമ്മകളുടെ
ഭാണ്ഡക്കെട്ടുമായ്
മാനത്തും മനസിലും
മറ്റൊരു
മഴക്കാറു വന്നെത്തും ..
വൈകാതെ തുടങ്ങുകയായി,
ധാര മുറിയാതെ,
നീർപ്രവാഹം..
മാനത്തു നിന്നും,
മിഴികളിൽ നിന്നും....
                                                 - അജി ആലത്ത് 


அன்புடன் ..


வாழ்த்துக்கள் !


இரவு


2016 ജൂലൈ 7, വ്യാഴാഴ്‌ച

നയനഭാഷ്യം


കൂടിക്കാഴ്ചയിൽ
കൂടുതൽ സല്ലപിച്ചത്
കണ്ണുകളത്രേ ..
നാവു പറഞ്ഞ
നുണകളെയൊക്കെ
നിമിഷം പ്രതി
തിരുത്തിത്തന്നതും
കണ്ണുകൾ തന്നെ...
വൈരുദ്ധ്യാത്മകമായി
പ്രതികരിച്ച് ,
പ്രണയമെന്നും
അനശ്വരമെന്ന സന്ദേശം
പകർന്നു തന്നതും
അതേ കണ്ണുകൾ ...
കൂടിക്കാഴ്ചക്കു
ശേഷമെന്നും
നിരന്തരമെന്നോട്
സംവദിച്ചു കൊണ്ടിരിക്കുന്നതും
കവിത ചൊല്ലുന്ന
നിൻറെ
കണ്ണുകളാണെന്നന്നറിയുന്നുവോ
നീ , പ്രണയിനീ..
- അജി ആലത്ത്.

കാലം മാറിയപ്പോൾ ..




ഒരു പൂവു ചോദിച്ച വേളയി-
ലൊരു പൂമാലയുമായ് നീ
കാത്തു നിന്നു ...
ഒരു പൂവു ചോദിച്ച നേരമിന്നു നീ -
യുരുവിട്ട വാക്കുകൾ കേൾക്കുവാ-
നരുതാതെ , മരവിച്ചു വീഴ് കെ-
യൊരു പുഷ്പചക്രവുമായ് നീ
കടന്നു വന്നു ..

നൊമ്പരക്കാഴ്ച


കവലയിലെ ഫ്ളക്സിൽ
എ പ്ലസ് മികവിൻറെ
ചിരിയുമായ് നിൽക്കുന്ന
പഴയ സഹപാഠികളെ നോക്കി
നെടുവീർപ്പിടുന്നുണ്ട്,
അച്ഛനുമമ്മയും
നഷ്ടപ്പെട്ട കാരണം
പ്രൈമറിക്ലാസ് വിട്ട്
വീട്ടുജോലിക്ക്
പോകേണ്ടി വന്നൊരു
പെൺകിടാവ്..

- അജി ആലത്ത് .

2016 ജൂൺ 29, ബുധനാഴ്‌ച

2016 മേയ് 30, തിങ്കളാഴ്‌ച

ശമ്പളദിനം


വരവു ചെലവു കണക്കുകൾ
എഴുതിയ പുസ്തകത്താളും ,
അത്യാവശ്യം വാങ്ങേണ്ട
പലചരക്കു സാധനങ്ങളുടെ
പട്ടികയും നോക്കി,
'പറ്റു ' കൾ തീർത്ത്
കൈയിൽ ബാക്കി വന്ന
നോട്ടുകൾ വീണ്ടുമെണ്ണി ,
വ്യാകുലപ്പെട്ടിരിക്കുന്ന
അച്ഛൻറെ മുഖമുണ്ട്
മായാതെ മനസ്സിൽ,
ഓരോ മാസാദ്യവും ..

- അജി ആലത്ത്..

2016 മേയ് 24, ചൊവ്വാഴ്ച

കാലിഡോസ്കോപ്


കൊടുത്ത രൂപത്തിലല്ല
തിരിച്ചു കിട്ടിയത്..
മടക്കിത്തരണമെന്ന്
ആവശ്യപ്പെട്ടിട്ടുമല്ല
തന്നത്..
സ്നേഹസാന്ത്വനമാവശ്യമായ
പ്രിയർക്കു വേണ്ടി,
കുറച്ചു നാൾ കൂടി
ജീവിക്കണമെന്ന
ആഗ്രഹത്തോടെ,
തിരികെ നീയെറിഞ്ഞിട്ടു പോയ
നുറുങ്ങുകൾ ചേർത്ത്
ഞാനൊരുക്കിയ ഹൃദയമിപ്പോൾ
അവർക്ക്
ആനന്ദം പകരുന്ന
വിചിത്രവർണ്ണ രൂപദർശിനി
- അജി ആലത്ത്

തേടി വന്ന കണ്ണുകൾ


അവധിക്കാല സായാഹ്നം
ആഘോഷമാക്കി
പുഷ്പോദ്യാനം
മനുഷ്യസാഗരമായ്
മാറിയപ്പോഴും,
വിടർന്നു നിന്ന
പൂവുകൾക്കിടയിൽ ,
ചിരി തൂകുന്ന
വദനങ്ങൾക്കിടയിൽ,
നിൻറെ മുഖം കണ്ടെത്താൻ
നിമിഷനേരം പോലുമെനിക്ക്
വേണ്ടി വന്നില്ല..,
മൂന്നരയുടെ മണി
മുഴങ്ങുമ്പോൾ,
പാഠശാലയുടെ
കവാടം തുറന്നൊഴുകുന്ന
വെള്ളയുടെയും പച്ചയുടെയും
വെള്ളച്ചാട്ടത്തിൽ നിന്ന്
ഇരു വശത്തും മെടഞ്ഞിട്ട
മുടിയുമായി,
കണ്ണുകളിലൊളിപ്പിച്ച
ചിരിയുമായി വരുന്ന
നിന്നെ കണ്ടെത്താൻ
നിഷ്പ്രയാസമന്നെനിക്ക്
കഴിഞ്ഞിരുന്ന പോലെ..
- അജി ആലത്ത്.

അനുഭവപാഠം


നിങ്ങളുടെ അസാന്നിധ്യം
ആശ്വസിപ്പിക്കുന്നുവെന്നും
നിങ്ങളുടെ സാന്നിധ്യം
അലോസരപ്പെടുത്തുന്നുവെന്നും
മനസിലായിക്കഴിഞ്ഞാൽ,
ഒട്ടും വൈകരുത്,
.
ബന്ധം തുടരണമെന്ന്
നിങ്ങളെത്ര ആഗ്രഹിക്കുന്നുവെങ്കിലും,
നിങ്ങളെത്ര ഇഷ്ടപ്പെടുന്നുവെങ്കിലും ,
ഒഴിഞ്ഞു പൊയ്ക്കൊൾക ..
നിങ്ങൾ ഇഷ്ടപ്പെടുന്ന
വ്യക്തിക്ക് നൽകാവുന്ന
ഏറ്റവും വിലപ്പെട്ട
സമ്മാനമാകും അത്.

- അജി ആലത്ത്

2016 മേയ് 9, തിങ്കളാഴ്‌ച

പരസ്യം പതിക്കരുത്




തെരഞ്ഞെടുപ്പു കാലത്ത്,
ചുമരെഴുത്തുകളുടെ നടുവിൽ
അരാഷ്ട്രീയതയുടെ
കപടമുഖമുയർത്തി നിൽക്കുന്നു ,
വരേണ്യവർഗ മതിലുകൾ


- അജി ആലത്ത്. 

2016 മേയ് 4, ബുധനാഴ്‌ച

കണ്ണുനീർമഴ


ക്ഷമാപണം


നീരറ്റ പുഴയുടെ -
യിത്തിരി വട്ടത്തിൽ
നീന്തുവാനരുതാതെ -
യന്ത്യശ്വാസം വലിക്കാൻ
തുടങ്ങവേ, യമ്മ മീൻ
ഒന്നുമറിയാതെ
തുള്ളിക്കളിക്കുന്ന
കുഞ്ഞു മത്സ്യങ്ങളോട്
നെഞ്ഞു നീറിപ്പറഞ്ഞത് -
അത്യാഗ്രഹം പൂണ്ട
മർത്യജന്മങ്ങൾ
കുഴിവെട്ടി മൂടിയ
പുഴയുടെ ചുടലയിൽ
ചെയ്യാത്ത തെറ്റിന്
ശിക്ഷയേറ്റു വാങ്ങി
ചത്തൊടുങ്ങുന്ന
സാധുക്കളാണു നാം.
മനസാക്ഷിയില്ലാത്ത
മനുഷ്യമൃഗങ്ങൾക്ക്
രുചിയേറും ഭോജ്യമാകുവാ-
നിനിയും കാത്തു നിൽക്കാതെ
ജീവൻ വെടിയുകയൊന്നായി ,
നിങ്ങളും, മക്കളേ ,
മാപ്പു നൽക , ജന്മം നല്കിയതിനീ
നിസ്സഹായയാം അമ്മയോട്..
- അജി ആലത്ത്.

2016 ഏപ്രിൽ 26, ചൊവ്വാഴ്ച

അന്യദേശതൊഴിലാളി.


അവരുടെ
ചെളി പുരണ്ട കാലുകൾ
നിങ്ങളിൽ
അറപ്പുണ്ടാക്കിയേക്കാം ..
അവരുടെ
കീറിയ ചെരിപ്പുകളും
നിറം മങ്ങിയ വസ്ത്രങ്ങളും
നിങ്ങളിൽ
വമനേച്ഛയുണ്ടാക്കിയേക്കാം ..
എങ്കിലും,
മറക്കാതിരിക്കുക,
നമ്മൾ ചെയ്തുകൊണ്ടിരുന്നതും,
ഇപ്പോൾ ചെയ്യാതിരിക്കുന്നതും
എന്നാൽ ചെയ്യേണ്ടതും,
ഒരു പക്ഷേ
ചെയ്യാൻ മറന്നതുമായ
തൊഴിലുകൾ
ചെയ്യുന്നവരെയാണ്
ഗതിയില്ലാത്തവരെന്ന്
നാം,
പുച്ഛത്തോടെ വിളിക്കുന്നത് .
- അജി ആലത്ത്.

യാത്രാമൊഴി


മഴ പെയ്തു തോർന്ന
വഴികളിൽ ,
നിലാവ്, നേർത്ത
നിഴൽ ചിത്രം വരച്ച
വഴികളിൽ ,
തിരസ്കരിക്കപ്പെട്ട
പ്രണയം തിരഞ്ഞ്
വിഷാദമൂകനായ്
നടക്കവേ,
ആ വഴികൾ
ചെന്നെത്തിയത് ,
നിൻറെ ഭവനത്തിൻറെ
അടഞ്ഞ കവാടങ്ങൾക്കു
മുന്നിലായിരുന്നു..

അതു തുറന്നാലും
നിൻറെ ഹൃദയത്തിൻറെ
അടഞ്ഞ വാതായനങ്ങൾ
എനിക്കുവേണ്ടിയൊരിക്കലും
തുറക്കുകയില്ലെന്ന
തിരിച്ചറിവിൽ,
തിരിഞ്ഞു നടക്കവേ,

നമ്മളൊരുമിച്ചു കണ്ടൊരാ
പാതിരാ നക്ഷത്രം,
മഴമേഘങ്ങൾക്കിടയിലൂടെ-
യലിവോടെയെന്നെ
ക്ഷണിക്കുന്നത് കാൺകെ ,
ചോദിക്കുന്നു , ഞാനും
നിന്നോട് - യാത്രാമൊഴി..

-അജി ആലത്ത്.

കണി


നനു നനെ പെയ്യുന്ന
മഴ കുളിരണിയിച്ചൊരു
പുലരിയിൽ,
സ്വപ്നസാക്ഷാത്കാരത്തിൻ
തേരിലേറിയെൻ
മുന്നിലെത്തി,
തിരശ്ശീല നീക്കി-
യെനിക്കു മാത്രമായ്
നീ നൽകിയ
മന്ദസ്മിതമാണന്നു-
മിന്നുമെന്നുമെൻ
വിഷുക്കണി..
- അജി ആലത്ത്

തിരിച്ചറിവുകൾ


മാതാ പിതാ ഗുരു


2016 മാർച്ച് 31, വ്യാഴാഴ്‌ച

മഴയ്ക്ക്‌ വേണ്ടി


ഭൂമി ചുട്ടുപൊള്ളുമ്പോൾ
സാന്ത്വനമായൊരു
വേനൽമഴ 
മണ്ണിനെ നനയിക്കാറുണ്ട്..
വിരഹച്ചൂടിൽ
നീറിക്കൊണ്ടിരിക്കുന്ന
മനസ്സിനെ നനയിക്കാനൊരു
ചാറ്റൽ മഴയായെങ്കിലുമെത്തുമോ
നിൻ കളമൊഴി..

അജി ആലത്ത്.

2016 മാർച്ച് 28, തിങ്കളാഴ്‌ച

ബാലൻസ്




മുറ്റത്ത്‌ ,
പൂക്കളെ താലോലിച്ചും,
ചെടികളോട്
കിന്നാരം ചൊല്ലിയും,
നീ നിൽക്കുന്ന നേരത്ത്,
നിൻറെ വീടിനു മുന്നിലെ
നിരത്തിൽ കൂടിയാണ്
ഞാൻ സൈക്കിൾ
ചവിട്ടാൻ പഠിച്ചത്...

കടക്കണ്ണിൻറെയേറു
കൊണ്ടിട്ടെത്രയോ തവണ
ഞാനന്ന്  സൈക്കിൾ
ബാലൻസ് തെറ്റി വീണിരുന്നു..

സൈക്കിളിൽ ബാലൻസ്
കിട്ടിയെങ്കിലുമാ
നോട്ടത്തിന്നോർമ്മയിൽ
ജീവിതത്തിൻറെ
ബാലൻസ് പിന്നെയും പിന്നെയും
തെറ്റിക്കൊണ്ടേയിരിക്കുന്നു..

- അജി ആലത്ത്.

ഇളനീർ


പുറം പരുക്കനായ്
തോന്നിയിരിക്കാം ..
ചകിരിനാരിന്റെ ശ്മശ്രുക്കൾ
മുഖം വിരൂപമാക്കിയിരിക്കാം ..
ഉള്ളം കടുകട്ടിയായി
ഉറച്ചിരുന്നിരിക്കാം..
ഉള്ളിന്റെ ഉള്ളിലേക്കൊന്നു
കടന്നു വന്നു നോക്കൂ ...
മധുരം തുളുമ്പുന്ന
സ്നേഹത്തിന്നുറവ
നിറച്ചു വച്ചതു കാണാം
- അജി ആലത്ത്

2016 മാർച്ച് 14, തിങ്കളാഴ്‌ച

ഉലൂപിയുടെ ആത്മഗതങ്ങൾ

ഞാനറിയുന്നു,
ഒരു വർഷം ,
ഒരാൾ മാത്രം
ദ്രൗപദിയൊടൊപ്പമെന്ന
ഹസ്തിനപുരനിയമം
തെല്ലൊന്നുമല്ല
വില്ലാളി വീരന്
വിരസത
സമ്മാനിച്ചതെന്ന് ...

എന്നെ കാണാൻ,
നാടു കടത്തപ്പെടാൻ
മാത്രമാണ്
അന്തപ്പുരത്തിൽ
ആയുധങ്ങൾ
മറന്നു വച്ചതെന്ന
മധുരഭാഷണം
ഞാൻ വിശ്വസിച്ചു..

നാട്
കടന്നു കിട്ടാനാവാം ,
പക്ഷേ ,
എന്നെ കാണാനായി
മാത്രമല്ലായിരുന്നെന്നു
ഇന്ന് ഞാനറിയുന്നു..

ഹേ സവ്യസാചി,
നാഗരികതയുടെ
കൊടുംചതികളേതു -
മറിയാതെ,
ഗംഗയുടെയാഴത്തിലെ
നാഗരാജ്യത്ത് വളർന്ന
നിഷ്കളങ്കതയിൽ
കാമഫണമാഴ്ത്തുമ്പോൾ ,
നിനക്ക്
ഉലൂപി വെറും സ്ത്രീ..
വിത്തു വിതയ്ക്കാനുള്ള
കൃഷിയിടം..

പാടങ്ങൾ മാറി മാറി
വിത്തെറിഞ്ഞു
മുന്നേറുമ്പോൾ
ചിത്രാംഗദയും
സുഭദ്രയുമെല്ലാം
നിനക്കു വെറും
പെണ്ണുടലുകൾ മാത്രം..

എങ്കിലും ധനഞ്ജയാ ,
എന്നിൽ മുളപ്പിച്ച
പ്രണയത്തിൻ ബീജം
മൃതസഞ്ജീവനിയായ്
ജീവൻ തിരികെ
നൽകിയ നിമിഷം പോലും ,,
ഉണ്മയായ
പ്രണയവായ്പോടെയൊന്നു
നോക്കുവാൻ
നിനക്ക് കഴിഞ്ഞില്ലല്ലോ..

കപടമുഖങ്ങളറിയാതെ ,
കാണാതെ, യിനിയും
പിറക്കുവാനിരിക്കുന്നോ -
രായിരം ഉലൂപിമാരി-
ലിനിയുമിക്കഥ  തുടരുമെ-
ന്നറിഞ്ഞു കൊണ്ടു  തന്നെ,
അമ്മയുടെ മാറിലേക്ക്
ഞാൻ മടങ്ങിയത്,
പൊയ്മുഖങ്ങൾ കാണാതെ
പ്രണയിച്ച
ദുരന്തവൃത്താന്തം
ആഴങ്ങളിൽ മറയട്ടെ ,
നീയെന്നും
വിജയിക്കട്ടെ, യെന്ന
പ്രാർത്ഥനയോടെയാണ്..


  - അജി ആലത്ത്.

2016 മാർച്ച് 11, വെള്ളിയാഴ്‌ച

പരേതൻറെ കവിത


ഓർമ്മകൾ
ഉറക്കത്തെ
ആക്രമിക്കുന്നത്
ശീലമാക്കിയപ്പോഴാണ്
ഉറക്കഗുളികയെ
ആശ്രയിക്കാൻ
തീരുമാനിച്ചത്.

ഓർമ്മകൾ
സ്വപ്നങ്ങളിൽ കൂടി
ഉറക്കത്തിലേക്കു
വീണ്ടും
കടന്നു വരാൻ
തുടങ്ങിയപ്പോഴാണ്
ഉറക്കഗുളികകൾ
ഒരുമിച്ചു കഴിച്ച്
ഉറങ്ങാൻ ശ്രമിച്ചതും
വിജയിച്ചതും.

- അജി ആലത്ത്.

മരം പെയ്യുന്നത് -


ഇന്നലെ രാത്രി
പെയ്ത മഴയിൽ
വീണു ചിതറിയ
മാമ്പൂക്കൾ തീർത്ത
ശയ്യയിൽ,
ചിരിതൂകി മയങ്ങുന്ന
ഉണ്ണികളെ കണ്ട് ,
അമ്മത്തേന്മാവ്
വാർക്കുന്ന കണ്ണീരത്രേ
മരം പെയ്തുകൊണ്ടിരിക്കുന്നത്..
- അജി ആലത്ത്.

2016 ഫെബ്രുവരി 23, ചൊവ്വാഴ്ച

സുപ്രഭാതം




പടിഞ്ഞാറു നിന്നും
നിൻറെ സ്വപ്നവും
കിഴക്കു നിന്നും
എൻറെ സ്വപ്നവും
അക്ഷാംശം 9º42' നും
രേഖാംശം  76º9' നും
ഇടയിൽ  വച്ച്
കൂട്ടിമുട്ടിയപ്പോഴുള്ള
സ്വപ്നസാക്ഷാത്കാരത്തിൻറെ
ഊർജ്ജ പ്രസരണത്തിൽ
വിടർന്ന
പ്രഭാവലയം കണ്ട്
ലോകർ
ഉണർന്നെഴുന്നേൽക്കുന്ന
സമയത്തെയാണ്
പ്രഭാതം എന്ന് വിളിക്കുന്നത്.

- അജി ആലത്ത്.

2016 ഫെബ്രുവരി 17, ബുധനാഴ്‌ച

1994 ഒക്ടോബർ 24


താപ്തിനദിയെ
ഇന്നലെ പെയ്ത മഴ
നാണം കുണുങ്ങിയായ 
ലാവണ്യവതിയാക്കി..
പ്രിയതമൻറെ -
യരുകിലേക്കവൾ
ധൃതിയിലൊഴുകി ..
മുകളിൽ ,
ഭുസാവലിൻറെ
ഹൃദയഭാഗത്തെ
ഇരുമ്പു പാലത്തിൽ
പ്രണയിനിക്ക്
കത്തെഴുതാനിരുന്ന
യുവാവിൽ നിന്നും
ഇന്നിലേക്കുള്ള
ദൂരമാണ്
നമ്മുടെ ജീവിതകഥ.
താപ്തിക്ക്
പിന്നിലേക്കൊഴുകാനാവില്ല..
അന്നു തപാൽപ്പെട്ടിയിൽ
വീഴാത്ത കത്തിന്
ഇന്ന് പ്രസക്തിയുമില്ല..
പിന്നിലേക്കൊഴുകാൻ
കഴിയുന്നത് ,
ഓർമ്മകൾക്കു മാത്രം..
ഓളങ്ങളിൽ തെളിയുന്ന
ഓർമ്മകളെ താലോലിച്ച്,
നരച്ചു തുടങ്ങിയ
മുടിയിഴകളൊതുക്കി
അന്നത്തെ യുവാവ്‌ ,
കവിത കുറിക്കുന്നു..
- അജി ആലത്ത്

' വേനലിൽ ഒരു മഴ '



കനലെരിയുന്ന മനസിലേക്ക് ,
ചുട്ടു പഴുത്ത 
ഹൃദയച്ചുമരുകൾ നനച്ച് ,
പാതി വെന്ത ചിന്തകളാൽ
പുകഞ്ഞു നീറുന്ന
മസ്തിഷ്കം തണുപ്പിച്ച്,
നനു നനെ പൊഴിഞ്ഞ
നിൻറെ മൊഴിമുത്തുകൾ,
കത്തുന്ന വേനലിൽ പെയ്ത
തെളിനീർമഴ
കരിഞ്ഞുണങ്ങാൻ തുടങ്ങിയ
പുൽക്കൊടിക്കെന്നപോലെ
എനിക്കു നൽകിയത് ,
പുതു ജീവനാണ് .

- അജി ആലത്ത്.