2015 ഡിസംബർ 28, തിങ്കളാഴ്‌ച

ഒഴിമുറി



വിധികർത്താവിൻറെ
മുന്നിൽ
സ്വന്തം ഭാഗം
ന്യായീകരിച്ച്
വിജയിക്കാനുള്ള
തത്രപ്പാടിനിടയിൽ,
ഒരു നിമിഷമെങ്കിലും
സ്വയം മറന്ന്
സ്നേഹിച്ചതിൻറെ
സമ്മാനമായ്‌ കിട്ടിയ
' സ്വന്തം ഭാഗം '
സ്വയം ശപിച്ച്,
നീറിയുരുകിക്കരയുന്നത്,
ഇരുവരും
കാണാതെ പോയതെന്തേ..

- അജി ആലത്ത്.  

ലിപ്സ്റ്റിക്



ചായം മായുമെന്ന
ഭയത്താൽ 
ചുംബിക്കാൻ മടിക്കുന്ന
സ്ത്രീ,
അമ്മയായാലും,
കാമുകിയായാലും,
നഷ്ടപ്പെടുത്തുന്നത്
വിലമതിക്കാനാനാവാത്ത
നിമിഷങ്ങളത്രേ ..

- അജി ആലത്ത്

നളപാചകം



ചാനലിൽ
ചേക്കേറിയ
നളനെ കാണാതെ
വിരഹിണിയായ
ദമയന്തി
അരയന്നത്തെ
ദൂതയച്ചുവെങ്കിലും
വ്യത്യസ്ത രുചികളുടെ
പുതിയ എപിസോഡിൽ
സ്വാൻ വിത്ത്‌ മഷ്റൂമെന്ന
പുതിയ വിഭവം കണ്ട്
മോഹാലസ്യയായ്
നിലം പതിച്ചു.


- അജി ആലത്ത്.

2015 ഡിസംബർ 3, വ്യാഴാഴ്‌ച

അടയാളങ്ങൾ


രാമരേഖ


ഹൈക്കു - സ്വപ്നത്തിൻറെ ആയുസ്സ്


ഉണരുന്നത് വരെ,
അല്ലെങ്കിൽ ആരെങ്കിലും
വിളിച്ചുണർത്തുന്നത് വരെ.

- അജി ആലത്ത്.

കാലാന്തരത്തിൽ നേടിയത്



ഊണു കഴിക്കാൻ
രണ്ടേകാൽ രൂപ
ഇല്ലാത്തതിനാൽ
എണ്‍പതു പൈസയ്ക്ക്
രണ്ടു ദോശ മാത്രം
വാങ്ങിത്തിന്ന്,
ചൂടുവെള്ളവും
കുടിച്ചിറങ്ങിയ
കാലത്തിൽ നിന്നും ,
കുടുംബത്തോടൊന്നിച്ച്
ഹോട്ടലിൽക്കയറി,
രണ്ടായിരത്തിമുന്നൂറ്റിയമ്പതു
രൂപയുടെ ബില്ലിന്
നൂറ്റിയമ്പതു രൂപ
ടിപ്പും കൊടുത്തിറങ്ങുമ്പോൾ
അയാൾക്ക്
കഴിക്കാൻ കഴിഞ്ഞത്,
പാതി വേവിച്ച പച്ചക്കറിയും,
എണ്ണ ചേർക്കാത്ത റൊട്ടിയും,
പഞ്ചസാരയും പാലുമില്ലാത്ത
ചായയുമായിരുന്നു..

- അജി ആലത്ത്.

നിരീശ്വരൻ


ദൈവവിശ്വാസമില്ലാത്തതിന്
പരിഭവമെന്തിനു സഖി,
ആ സമയം കൂടിയെനിക്കു
നിന്നെയോർക്കാനുള്ളതല്ലോ ..

- അജി ആലത്ത്.

2015 ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

ഭാഗ്യക്കുറി



ലോട്ടറിവിൽപനക്കാരൻ
ലോനപ്പൻ ചേട്ടന്
ഭാഗ്യക്കുറി കടന്നു വന്നത്
ഓഡി എ -4 ൻറെ രൂപത്തിലാണ്..

നട്ടുച്ചവെയിലത്ത് ,
നടന്നു തളർന്ന് ,
ഒരു ടിക്കറ്റ് പോലും
വിൽക്കാൻ കഴിയാത്ത
നിരാശയിൽ
നിരത്തിൻറെയോരത്ത്
ലോനപ്പനെപ്പോലെ
മെലിഞ്ഞൊരു തണൽമരത്തിൽ
ചാരി നിൽക്കുമ്പോഴാണ്
കെ എൽ 46 സി
നമ്പർപ്ലേറ്റും ധരിച്ച്
തിളങ്ങുന്നൊരു കറുത്ത ഓഡി
മുന്നിൽ ബ്രേക്കിട്ടു നിന്നത്.

പൂജാ  ബമ്പർ നാലും
കാരുണ്യ നാലും വാങ്ങിയ
വല്ലാത്ത കാരുണ്യത്തിൽ
തരളിതനായി
ലോനപ്പൻ ചേട്ടൻ
മകളുടെ മരുന്ന് ചീട്ടുമായി
മെഡിക്കൽ ഷോപ്പിലേക്ക് നടന്നു.

- അജി ആലത്ത്.

2015 ഒക്‌ടോബർ 26, തിങ്കളാഴ്‌ച

നീതിശാസ്ത്രം



പശിയടക്കാനാവാതെ
നിലവിളിക്കുന്നവനെ
തിരിഞ്ഞു നോക്കരുത്..
പക്ഷേ ,മാംസം ഭുജിച്ച്
വിശപ്പാറ്റിയാൽ,
അവനെ
വെറുതെ വിടുകയുമരുത് ..

പടക്കനിർമ്മാണശാലയിലും
ഇഷ്ടികക്കളങ്ങളിലും
ഹോമിക്കപ്പെടുന്ന
ബാല്യങ്ങളുടെ ചെവിയിൽ
ഡിജിറ്റൽ വേദമോതുക..

പകൽവെളിച്ചത്തിൽ പ്പോലും
നരഭോജികളുടെ മുന്നിൽ
നഗ്നരാക്കപ്പെടുന്ന
നാരികളോടു ചൊല്ലുക -
ന സ്ത്രീ സ്വാതന്ത്ര്യമർഹതി

നെയ്യും പാലും
ശിലയിലൊഴുക്കാൻ
നിസ്സഹായതയുടെ
പിച്ചച്ചട്ടിയിൽ
കൈയിട്ടു വാരുക ..

പുതിയ നീതിശാസ്ത്രത്തിനു
സ്തുതിഗീതം പാടാത്ത
നിഷേധിയുടെ നാവ്
പിഴുതെറിയുക -
അവൻറെ നെഞ്ചിൽ
ശൂലമിറക്കുക ,
ഗളച്ഛേദം ചെയ്യുക..

നിരപരാധികളെന്നു
വിലയിരുത്തി
പുതിയ നീതിശാസ്ത്രം
നിങ്ങളെ വെറുതെ വിടും,
അന്ത്യവിധി
നടപ്പിലാക്കാനായി
മനുഷ്യത്വം തിരിച്ചറിഞ്ഞ്
മനുഷ്യമനസുകൾ
തയാറെടുക്കും വരെ.

- അജി ആലത്ത്.

2015 ഒക്‌ടോബർ 19, തിങ്കളാഴ്‌ച

നിലക്കണ്ണാടി


എനിയ്ക്കറിയാം..
എന്നെ സുന്ദരിയാക്കാനല്ല
എൻറെ നെറ്റിയിൽ നീ
പൊട്ടു കുത്തുന്നതെന്ന്..
പണിശാലയിലെ
തിരക്കുകഴിഞ്ഞ് ,
തിങ്ങി നിറഞ്ഞ
ടൗണ്‍ ബസ്സിലെ
തിരക്കിനിടയിൽക്കൂടി
തോളിലെ ബാഗുമായ്
നൂണിറങ്ങി ,
പാലും പച്ചക്കറിയും വാങ്ങി,
യൊരു കൈയിൽ
ഡേ കെയറിൽ നിന്നും
പൊന്നോമന മകളെ-
യുമെടുത്തു നടന്ന് ,
വാതിൽ തുറന്ന്
വീട്ടിൽക്കയറി ,
വിയർപ്പിൽ മുങ്ങിയ
സാരിയും ബ്ലൗസും മാറ്റി-
യടുക്കളയിലേയ്ക്കോടുന്ന
ഓട്ടമുണ്ടല്ലോ ..
ആ ഓട്ടത്തിനിടയിൽ,
സ്വന്തം മുഖം നോക്കാതെ,
എൻറെ മുഖത്തേക്ക്
കുത്തുന്ന പൊട്ടുകളുണ്ടല്ലോ ..
പെണ്ണേ ,
നീയറിയുന്നോ..
ആ പൊട്ടുകൾ നിന്നെത്തന്നെയാണ്
കൂടുതൽ സുന്ദരിയാക്കുന്നത്..
- അജി ആലത്ത്.

ലോക ഹൃദയദിനം


ഹൃദയം സംരക്ഷിക്കാനുള്ള
കുറിപ്പടികളുമായി
കുടുംബ ഡോക്ടറുടെ
ഇമെയിൽ
ഇന്നു രാവിലെ കിട്ടി..
പ്രിയപ്പെട്ടവളേ ,
ആ മെയിൽ
ഞാൻ നിനക്ക്
ഫോർവേഡ്
ചെയ്തിരിക്കുന്നു..


- അജി ആലത്ത്.

ഇന്നലെകളിലേക്ക് വീണ്ടും



ഇരുളിലേക്ക് മാഞ്ഞു പോയ
ഇന്നലെകളിലൂടെ,
നാം നടന്ന വീഥികളിലൂടെ,
ഇന്നു നീയൊറ്റയ്ക്ക്
നടന്നു പോകുന്നു..

ഇതേ വഴികളിലാണ്
വെള്ളിക്കൊലുസിട്ട്,
എനിക്കായ് ചൊരിഞ്ഞ
സുസ്മിതത്തിൻറെ
സുഗന്ധം മാത്രം
അവശേഷിപ്പിച്ച്,
നീ കടന്നു പോയത്..

ഇതേ വഴികളിലാണ്
കടന്നു പോയ നിൻറെ
പാദമുദ്രകൾ തേടി
ഞാനലഞ്ഞു നടന്നത്,
കാലത്തിൻറെ
കുത്തൊഴുക്കിലവ
മാഞ്ഞു പോയതറിയാതെ..

ഇന്നുനീയേകയായീ
വഴി നടക്കുമ്പോൾ,
കേൾക്കുന്നുവോ സഖി,
നിൻറെ കുറുനിര
തഴുകുന്ന തെന്നലിൽ
നിന്നെക്കുറിച്ചുള്ളോരെൻ
ഗദ്ഗദം..


നാം നടന്ന വഴികളിലൂടെ,
നിൻറെ കൈ പിടിച്ചി-
നിയുമെനിക്കു നടക്കണം..
നിറം മാഞ്ഞൊരിന്നലെകൾക്ക്
നിറം  പകരണം...

കാണാതെ പോയ
പ്രണയ ബിന്ദുക്കളാ
പ്രഭാതത്തിൽ ,
നിൻറെ പൂന്തോട്ടത്തിലെ
റോസാദലങ്ങളിൽ
തുളുമ്പി നിൽക്കുന്നത്
കാട്ടിത്തരണം..
കൈക്കുടന്നയിൽ
നിനക്കായ്  കരുതിയ
മുല്ലമൊട്ടുകൾ  സമ്മാനിച്ചാ
ചൊടിയിലെ മുല്ലമൊട്ടുകൾ
പകരം നേടണം..

നിറം മാഞ്ഞൊരിന്നലെകൾക്ക്
വീണ്ടും നിറം പകരണം..


.- അജി ആലത്ത്.

2015 ഒക്‌ടോബർ 13, ചൊവ്വാഴ്ച

வாழ்க நலமுடன் !



அன்பே,
திருமணநாளிலிருந்து
முகத்தை
மூடி இருக்கும்
முகத்திரைக்குள்
உன்
விருப்பங்கள்
அத்தனையும் கூட
மூடி வைத்தாயா ?


- அஜித்  

2015 സെപ്റ്റംബർ 15, ചൊവ്വാഴ്ച

നന്ദി, പ്രണയിനിയ്ക്ക്


നന്ദി,
വിവാഹാർത്ഥന
നിരസിച്ചതിന്..

ഭാര്യാഭർത്താക്കന്മാരെന്ന
ചട്ടക്കൂടിലൊതുങ്ങാൻ
വിസമ്മതിച്ചതിന്..

സാഫല്യത്തിലെത്തിച്ച്
പ്രണയത്തിന്
അന്ത്യോദകം ചൊല്ലാൻ
കൂട്ടാക്കാത്തതിന് ..

നീറി നീറി
പരസ്പരം
പ്രണയിച്ചു കൊണ്ടേയിരിക്കാൻ
നിശ്ചയിച്ചുറച്ചൊപ്പം
നിന്നതിന് ..


വസന്തം
ചെറിമരങ്ങളോട്
ചെയ്യുന്നത്
എല്ലാ ഋതുവിലും
നിന്നോട് ചെയ്യാൻ
എനിക്ക്
അവസരമൊരുക്കിയതിന് ..

അങ്ങനെ,
നമ്മുടെ പ്രണയം
അനശ്വരമാകാൻ
കൂട്ടു നിന്നതിന് ..

പ്രണയിനിയ്ക്ക് ,നന്ദി ,
വീണ്ടും വീണ്ടും  നന്ദി


അജി ആലത്ത്.

2015 സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

കാലഹരണപ്പെട്ടവർ




രണ്ട് ഇൻലാൻഡ് വേണമെന്ന
താഴ്മയോടെയുള്ള
ആവശ്യത്തിനു മുന്നിലേക്ക് ,

കൗണ്ടറിനു പിന്നിലിരുന്ന്
പുതിയ 4G ഫോണിൽ
മകളുടെ നൃത്തം
ഗൾഫിലെ ഭർത്താവിന്
വാട്ട്സാപ് ചെയ്യുന്ന
ഉദ്യോഗസ്ഥ
പുച്ഛത്തോടെ
തിരുവായ് തുറന്നു-

'' ചില്ലറ തരണം.''

- അജി ആലത്ത്.

2015 സെപ്റ്റംബർ 8, ചൊവ്വാഴ്ച

ഒളിച്ചോടുന്നവർ മറക്കുന്നത്...




കൂട്ടുകാരാ,
കൊടുങ്കാറ്റും പേമാരിയും .
കൊടുംവേനലും വറുതിയും
ഭൂമുഖം വിട്ടു പോകാൻ
ഹേതുവായി നാമാരും
കരുതുന്നില്ലല്ലോ..

എന്നിട്ടും,
ഉത്തരമില്ലാത്തതെന്ന്
കരുതിയൊരു
കടംകഥയ്ക്കു മുന്നിൽ
കയറു കൊണ്ടൊരു
കുരുക്കു തീർക്കാൻ
നീ തുനിഞ്ഞതെന്തേ..

കട്ടിക്കണ്ണടയ്ക്കു പിന്നിലെ
കലങ്ങിയ കണ്ണുകളിൽ
വിഷാദസ്മേരവുമായ് നീ
യാത്ര ചോദിക്കുമ്പോൾ,
ഞങ്ങൾ സുഹൃത്തുക്കൾ
നിനക്ക്
മാപ്പു തന്നേക്കാം..
പക്ഷേ ,
നീ നൽകിയ ജീവിതം
ഉറയ്ക്കാത്ത കാലടികളുമായ്
നേരിടാൻ വിധിക്കപ്പെട്ട
നിൻറെ സ്വന്തം മകൻ,
നിറഞ്ഞ മിഴികളിൽ
അങ്കലാപ്പുമായ്
ചിതയ്ക്ക് തീ പകരുമ്പോൾ,
നിനക്കൊരിക്കലും
മാപ്പു തന്നെന്ന് വരില്ല.

- അജി ആലത്ത്.

ഓണപ്പിറ്റേന്ന് ...


ഒടുവിലത്തെ വാഹനവും
പടി കടന്നു പോകെ ,
പടിവാതിലടച്ച് ,
മിഴി തുടച്ച്,
മുത്തച്ഛൻ
ഉമ്മറത്തെ
ചാരുകസേരയിലിരുന്നു..


ഓണനിലാവ്‌
പാൽക്കടലാക്കിയ
മുറ്റത്തെ കോണിൽ
പേരക്കുട്ടിയുപേക്ഷിച്ചു പോയ
കുരങ്ങൻപാവയും ചെണ്ടയും
കൈയിലെടുത്ത്‌ ,
മുത്തശ്ശിയും,
അടുത്തുവന്ന്
ഉമ്മറപ്പടിയിലിരുന്നു...

ഇനിയത്തെയോണത്തി -
നാരെന്നുമെന്തെന്നു-
മാർക്കറിയാമെന്ന
പഴയ കവിത
തന്നോർമ്മയിലിരുവരും
മൗനത്തിലമരവെ ,
മുത്തശ്ശിയുടെ
മടിയിലെ പാവ,
പെട്ടെന്ന്
ഞെട്ടിയുണർന്ന് ,
വിരഹവേദനയിൽ
മുഴക്കാൻ മറന്ന
വാദ്യഘോഷം തുടരുകയും,
തിരിയുന്ന ചാവിയുടെ -
യവസാന മുറുക്കത്തിൽ
പിടഞ്ഞൊടുങ്ങുകയും
ചെയ്തതോടെ,
ഒരു നീണ്ട തേങ്ങലോടെ
മുത്തശ്ശി,
മുത്തച്ഛൻറെ
മാറിലേക്ക്‌
തലചായ്ച്ചു.

- അജി ആലത്ത്.

2015 ഓഗസ്റ്റ് 19, ബുധനാഴ്‌ച

ഓണക്കാഴ്ച.


ചെങ്കഴമയും ചിറ്റേനിയും
തഴച്ചു വളർന്നിരുന്ന
പാടവിശാലതയിലേക്ക്, 
ഗൃഹാതുരത്വത്തിൻറെ
നെൽമണം നെഞ്ചിലേറ്റി
വഴിതെറ്റിയെത്തിയൊരു
തെക്കൻ കാറ്റ് ,
മഴവിൽ നിറം പിടിപ്പിച്ച
കെട്ടിടസമുച്ചയത്തിൻറെ
ചുമരുകളിൽ തട്ടിത്തെറിച്ച് ,
പുറത്തു കടക്കാനാവാതെ
ശ്വാസം മുട്ടി,
കൂറ്റൻ ഇരുമ്പുഗേറ്റിനു
മുന്നിലെ പ്ലാസ്റ്റിക്
പൂക്കളത്തിൽ വീണ്
ഊർദ്ധ്വൻ വലിക്കുന്നു..
- അജി ആലത്ത്.

2015 ഓഗസ്റ്റ് 5, ബുധനാഴ്‌ച

എക്സ് റേ




നെഞ്ചുവേദന
കലശലായപ്പോഴാണ്
യാത്രയായത്,
ആശുപത്രിയിലേക്ക്..

നെഞ്ചകം എക്സ്റേയിൽ
പകർത്തിയ ചിത്രവുമായി
ഡോക്ടറുടെ മുറിയിലേക്ക്..

എക്സ്റേ വ്യൂ ബോക്സിൽ
ഫിലിം കണ്ട് ,
അത്ഭുതത്തോടെ,
ഡോക്ടർ നോക്കി,
എൻറെ മുഖത്തേക്ക്..

ഹൃദയത്തിൽ തെളിഞ്ഞത്,
നിൻറെ മുഖമത്രേ ..

- അജി ആലത്ത്.

2015 ജൂലൈ 22, ബുധനാഴ്‌ച

. , ?



ഏതിനും
ഒരു വിരാമമില്ലെങ്കിൽ
പൂർണ്ണമാവില്ലെന്നു
പറഞ്ഞു പഠിപ്പിച്ചത്
ഷൊളഖോവ് നാടകസമിതിയിലെ
ആന്റപ്പൻ മാഷായിരുന്നു..

നമ്മുടെ പ്രണയം
സഫലമാവില്ലെന്നു  കണ്ടെത്തി,
അതിനൊരു പൂർണ്ണവിരാമം
കാലേക്കൂട്ടി ഒരുക്കിവച്ച
നിൻറെ
ദീർഘദൃഷ്ടിക്കു മുന്നിൽ
എൻറെ മിഴിനീർ
കോമകളുടെ  പ്രവാഹമായ്
ഒഴുകിയൊഴുകി,
കോമാവസ്ഥയിലേക്കുള്ള
എൻറെ പതനം
പൂർത്തിയാകും ..

അപ്പോഴും
എൻറെ മുഖത്ത്
എന്തിനെന്ന
ദയനീയമായൊരു
ചോദ്യചിഹ്നം
നിനക്കായി
ബാക്കിയുണ്ടാകും ..

- അജി ആലത്ത്.

2015 ജൂലൈ 16, വ്യാഴാഴ്‌ച

എഞ്ചുവടി





ചൂരൽ മുനയുടെ
ആംഗ്യഭാഷ കാട്ടിയാണ്
പ്രഭാകരൻ മാഷ്
എഞ്ചുവടി
കാണാതെ പറയാൻ
പഠിപ്പിച്ചത്..

ഏതു നിദ്രയുടെ
നിലയില്ലാക്കയങ്ങളിൽ
മുങ്ങിക്കിടന്നാലും
ആറു പന്ത്രണ്ടെന്ന
ചോദ്യം കേട്ടാൽ
എഴുപത്തിരണ്ടെന്നുറക്കെ -
യെഴുന്നേറ്റു
ചൊല്ലാറുണ്ടിപ്പോഴും ..

കടക്കണ്മുനയുടെ
വ്യംഗ്യഭാഷ കാട്ടിയാണ്
പ്രണയത്തിൻറെ എഞ്ചുവടി
കരളിൻറെ ചുമരിലവൾ
കുറിച്ചിട്ടത്..

ഏതു നിദ്രയുടെ
നിലയില്ലാക്കയങ്ങളിൽ
മുങ്ങിത്താണാലും
പണ്ടു കണ്ടൊരു
കിനാവിൻറെ ലഹരിയായ്,
കുളിരുന്നൊരു
നിലാത്തുണ്ടായ്,
അവളുടെയോർമ്മകൾ
കരളിൽ കത്തി -
പ്പടരാറുണ്ടിപ്പോഴും..

- അജി ആലത്ത്.

2015 ജൂലൈ 8, ബുധനാഴ്‌ച

തേഞ്ഞു പോയ ജീവിതങ്ങൾ


ഉള്ളിലേക്ക് പ്രവേശനം
സാധ്യമാകും വരെ
കാത്തു സൂക്ഷിക്കുകയെന്ന
ധർമം നിർവഹിച്ച
ചാരിതാർത്ഥ്യത്തോടെ
വാതിലിനു പുറത്ത്
പരസ്പരം നോക്കി
കാത്തിരിക്കുന്നുണ്ടൊരു
ജോഡി തേഞ്ഞ ചെരുപ്പ്..
നാലാളു കാണുമ്പോൾ
കുറ്റം പറയാതെ-
യണിയിച്ചൊരുക്കി ,
മണ്ഡപത്തിലേക്ക്
കൈപിടിച്ചു കയറ്റി,
നിറകണ്ണുകളോടെ
യാത്രയാക്കി,
കർത്തവ്യങ്ങൾ നിർവഹിച്ച
ചാരിതാർത്ഥ്യത്തോടെ
പരസ്പരം നോക്കി
കണ്ണു തുടയ്ക്കുന്നുണ്ട്
മറ്റൊരു ജോഡി ..
- അജി ആലത്ത്.

2015 ജൂൺ 29, തിങ്കളാഴ്‌ച

ഒടുവിൽ നീയെത്തുമ്പോൾ -



അസ്തമയസൂര്യൻ തൻ
രശ്മികൾ ചാഞ്ഞു, നിഴൽ
ചിത്രം പതിഞ്ഞൊരീ മണ്‍ -
പാതയോരത്തേകനായ്
നിന്നെയും കാത്തു നിൽക്കെ -
യിരുൾ പരക്കുവാനിനിയൊട്ടും
നേരമില്ലെന്ന നേരിലേയ്ക്ക്,
വൈകിയാണെങ്കിലും നീ വരുമെന്ന്
കാതിലാരോ മൊഴിയുന്നു,
സായാഹ്നമാരുതനോ , പാത -
യോരത്തെ മരച്ചില്ലകളിൽ
ചേക്കേറും കിളികളോ ..

നീ വരുമ്പോൾ, നിനക്കായി
നൽകുവാനെൻ കരങ്ങളിൽ
യാതോന്നുമില്ലയെങ്കിലും,
നിശ്ചയം,
പാടാതെ പോയൊരു
പാട്ടുണ്ടെന്നിടനെഞ്ചിൽ ..
പറയാതെ പോയൊരു
വാക്കുണ്ടെൻ നാവിൽ ..
പകരുവാനാശിച്ച് ,
കഴിയാതെ വന്നപ്പോൾ
വരളാതെ സൂക്ഷിച്ച
പ്രണയത്തിന്നുറവയുണ്ടെൻ
മനസ്സിൽ , നിനക്കായ്‌..

- അജി ആലത്ത്.

2015 ജൂൺ 22, തിങ്കളാഴ്‌ച

കഥ തുടരുന്നൂ..





നനഞ്ഞ കുട മടക്കി
കോലായിലേക്ക്
കയറുമ്പോൾ
തോരാതെ പെയ്യുന്ന
പെരുമഴയിൽ
നടന്നു വന്നിട്ടും
അച്ഛൻ വിയർത്തിരുന്നു ..

കരിപുരണ്ട മുണ്ടിൽ
കൈ തുടച്ചുകൊണ്ടടു-
ക്കളയിൽ നിന്നോടി വന്ന
അമ്മയ്ക്കും ,
ഉമ്മറത്ത്
കളിച്ചുകൊണ്ടിരുന്ന
ഞങ്ങൾക്കും ,
മധുരപ്പുഞ്ചിരി
തരുമ്പോഴും
അച്ഛൻറെ കണ്‍കോണിൽ
നനവുണ്ടായിരുന്നു..

മഴത്തുള്ളികളും
വിയർപ്പും
ചിത്രം വരച്ച കുപ്പായം
അയയിലേക്കിടുമ്പോൾ
പുഞ്ചിരിയുടെ പിന്നിലെ
നനവിൻറെ  രഹസ്യം ,
കാലിയായ കുപ്പായക്കീശ
ഞങ്ങളോട് പറഞ്ഞു തന്നു.

ഇന്ന് ഞാനറിയുന്നൂ,
നാല് വയർ
നിറയ്ക്കുവാനച്ഛൻ
നടന്നു തീർത്ത
ദൂരങ്ങളുടെ കഥ..

കഥയിതു തുടരുന്നു,
ഇന്നും ,
ഒരച്ഛനു മാത്രമറിയുന്ന കഥ..

- അജി ആലത്ത്.

2015 ജൂൺ 8, തിങ്കളാഴ്‌ച

സ്റ്റാറ്റസ് - എൻഗേജ്ഡ്



കഴുത്തിൽ
മുറുക്കാൻ പോകുന്ന
കുരുക്കിന്
മുന്നോടിയായി .
അവളുടെ
വിരൽക്കഴുത്തി-
ലവനണിയിച്ചു ,
സ്വന്തം പേരു കൊത്തിയ
അധികാരചിഹ്നം ..

- അജി ആലത്ത്.

2015 ജൂൺ 5, വെള്ളിയാഴ്‌ച

വെറുതെയെങ്കിലും..


ഈ വരികൾ
നിനക്കു വേണ്ടി മാത്രം
എഴുതപ്പെട്ടതാണ്..
എൻറെ തൂലികയിൽ
പിറവി കൊണ്ട
ഈ വാക്കുകളുടെ ജന്മം
സാർത്ഥകമാകുന്നത്
നീ വായിക്കുമ്പോൾ
മാത്രമാണ്.
വീണ്ടും കാണാമെന്ന
വ്യർത്ഥ വാഗ്ദാനവുമായ്
വേർ പിരിഞ്ഞു
നടന്നകന്നെങ്കിലും,
ഒരു നാൾ
നീയീവഴി വീണ്ടും
വരുമെന്നും,
വേനൽച്ചൂടിലുരുകി ,പിന്നെ-
യിടവപ്പാതിയിലലിഞ്ഞ്
നിശയുടെയേകാന്തതയിൽ
നിന്നെയും കാത്തിരിക്കുന്ന
നിലാക്കുഞ്ഞുങ്ങളെ
നിരാശരാക്കാതെ
നിൻറെ
നീലമിഴികൾക്കുള്ളി-
ലേയ്ക്കാനയിച്ചു
കൊണ്ടുപോകുമെന്നും
വെറുതെയെങ്കിലും
ഞാൻ ആശിക്കട്ടെ,
നിനക്ക് ഞാൻ
ആരുമല്ലെങ്കിലും..
വെറുതെയെങ്കിലും..
- അജി ആലത്ത്

2015 മേയ് 11, തിങ്കളാഴ്‌ച

ഏറ്റുമുട്ടലുകൾ സൃഷ്ടിക്കപ്പെടുമ്പോൾ..


നമ്മെപ്പോലെ ശ്വസിക്കുന്ന,
മലമൂത്രവിസർജ്ജനം ചെയ്യുന്ന ,
ജീവിക്കുന്ന ദൈവങ്ങളെ 
പരിഹസിച്ചപ്പോഴാണ്
അയാൾ അനഭിമതനായത് ..
പൊതുസമ്പത്ത് കട്ടെടുത്ത്
നോട്ടുകളെണ്ണുന്ന യന്ത്രവുമായി
മണിമാളികയിൽ
സുഖവാസം ചെയ്യുന്നവരെ
വിമർശിച്ചപ്പോഴാണ്
അയാൾ 'നിരീക്ഷണ'ത്തിലായത്..
അവകാശം ചോദിച്ചു ചെല്ലുമ്പോൾ
നിയമങ്ങളെ കൈപ്പിടിയിലൊതുക്കി
പുലയാട്ടു പറയുന്നവർക്ക് നേരെ
മുഷ്ടി ചുരുട്ടിയപ്പോഴാണ്
അയാൾ കമ്യൂണിസ്റ്റായത് ..
ആതുരസേവനം വ്യവസായമാക്കി,
ഇരുപുറവുമുള്ള
സ്വത്തുക്കൾ കൈക്കലാക്കി,
വൈദ്യശാസ്ത്ര കലാലയം സ്ഥാപിച്ച്,
വിദ്യാഭ്യാസം കച്ചവടമാക്കിയതിനെ
ചോദ്യം ചെയ്തപ്പോഴാണ്
അയാളെ തടവിലാക്കിയത്..
നിരായുധനായി പിടിക്കപ്പെട്ടിട്ടും
ജീവൻ നിലച്ച കൈയ്ക്കുള്ളിൽ
തോക്ക് തിരുകി
ഏറ്റുമുട്ടൽ വാർത്ത സൃഷ്ടിച്ചപ്പോഴാണ്
അയാൾ
ഭരണകൂടത്തിന് കൊടുംഭീകരനും
സാധാരണക്കാരന്
വിപ്ലവകാരിയുമായത്..
- അജി ആലത്ത്.

2015 മേയ് 5, ചൊവ്വാഴ്ച

വീട്




ഉയർന്ന മതിലുകൾക്കുള്ളിൽ ,
ഉദ്യാനത്തിനു നടുവിൽ ,
ഉയർന്നു നിൽക്കുന്നൊരു
വീടുണ്ടായിരുന്നു, അവൾക്ക് ..

വീട്ടിൽ അച്ഛനുമമ്മയും
ഭർത്താവും മക്കളുമുണ്ടായിരുന്നു ..
പരിചാരകരുണ്ടായിരുന്നു,
ടിവിയും ഏസിയും
അലക്കുയന്ത്രവും
കാറുമുണ്ടായിരുന്നു..

എന്നിട്ടും
അവൾക്ക് വേണ്ടിയിരുന്ന
ഒന്നു മാത്രമവിടെ-
യുണ്ടായിരുന്നില്ല..

- ഒരു വീട്.

- അജി ആലത്ത്.

2015 ഏപ്രിൽ 30, വ്യാഴാഴ്‌ച

വേനലിൽ ഒരു മഴ.


പടിഞ്ഞാറേയ്ക്ക്
രഥം തെളിയ്ക്കുന്ന
ചക്രവർത്തിയുടെ 
യോദ്ധാക്കൾ പായിച്ച
തിളയ്ക്കുന്ന
ശരശതങ്ങളെ
തറ പറ്റിച്ച്,
തണുത്ത വെടിയുണ്ടകൾ
ചൊരിഞ്ഞെത്തീ
തകർത്തു പെയ്യുന്ന
വേനൽ മഴ.

- അജി ആലത്ത്.

2015 ഏപ്രിൽ 22, ബുധനാഴ്‌ച

ഹൈക്കു  -  വീണ

വീണ മീട്ടുന്ന നിന്നുടെ
വിരലുകൾ തൻ നർത്തനം
വീണാനാദത്തെക്കാൾ മനോഹരം..

2015 ഏപ്രിൽ 19, ഞായറാഴ്‌ച

മറക്കാൻ ശ്രമിക്കുമ്പോൾ ..



മറക്കാൻ ശ്രമിക്കുമ്പോഴെൻറെയീ -
വാക്കുകൾ മാത്രമോർക്കാൻ ശ്രമിക്കുക..

മറക്കാൻ ശ്രമിക്കുമ്പോൾ
മുറിവേറ്റു തകർന്നൊരീ ഹൃദയം
കാണാതിരിക്കുവാൻ ശ്രമിക്കുക..

മറവി പൂർണ്ണമായനുഗ്രഹിക്കും വരെ
പ്രാർത്ഥനകളിലെൻ പേരു
പറയാതിരിക്കുക..

തുടരുന്ന യാത്രയിൽ
വഴിവക്കിലെങ്ങാനുമൊ-
രോർമ്മത്തെറ്റു പോലെൻ
പിടയുന്ന ഗീതങ്ങൾ
കേൾക്കുവാനിട വന്നെന്നാൽ
കേട്ടില്ലെന്നു നടിച്ചേക്കുക..
അവയെല്ലാമങ്ങനെ തന്നെ-
യൊടുങ്ങേണ്ടതാണെന്നുമറിയുക ..

ഒടുവിൽ, മറന്നു കഴിയുമ്പോഴൊരു
ചെറുതിരിയുമണഞ്ഞു തീർന്നോരെൻ
കുഴിമാടത്തിലേക്ക് നോക്കാതിരിക്കുക,

അവിടെ ,
നീ മറന്നൊരെൻ പ്രണയം
മരിക്കാതെ കാത്തിരിക്കുന്നത്
കാണാതിരിക്കുവാൻ..
വീണ്ടുമോർമ്മശരങ്ങളിൽ നിൻ 
ഹൃദയം മുറിപ്പെടാതിരിക്കുവാൻ ..
വീണ്ടുമോരോർമ്മപ്രവാഹത്തിൽ നീ
നിലതെറ്റി വീഴാതിരിക്കുവാൻ..


- അജി ആലത്ത്.

2015 ഏപ്രിൽ 16, വ്യാഴാഴ്‌ച

ഇന്നലത്തെ വിഷുക്കണി



ഓട്ടുരുളിയിൽ
കോടിമുണ്ടും
കൊന്നപ്പൂവും
കണിവെള്ളരിയും
നിരത്തി വച്ച്,
നിലവിളക്ക്
തെളിയിച്ച്,
എനിക്കായ് നീ
കണിയൊരുക്കി
ക്ഷണിക്കവേ,

കണ്ണു മിഴിച്ച
ഞാൻ കണ്ടത്,
ദീപപ്രഭയിൽ
പുഞ്ചിരി ചൊരിയുന്ന
നിന്മുഖം മാത്രമാ-
ണെന്നോമലെ ,
നീയറിഞ്ഞുവോ?

- അജി ആലത്ത്.

2015 ഏപ്രിൽ 7, ചൊവ്വാഴ്ച

തീൻമേശയിലെ മര്യാദകൾ



തീൻമേശയ്ക്കു മുന്നിൽ
പൊട്ടിച്ചിരികളോ
 ഉറക്കെയുറക്കെയുള്ള
സംസാരമോ പാടില്ല.

വെള്ളത്തൂവാല
മടിയിൽ വിരിച്ച്,
  കത്തിയും മുള്ളും
 അതാതു കൈകളിൽ പിടിച്ച്
 ദൈവത്തിന് നന്ദി ചൊല്ലി ,
ഒരു ശിൽപം പോലെയിരിക്കണം..

വിഭവങ്ങളെന്തൊക്കെ
വിളമ്പിയാലും,
ആർത്തി കാണിക്കരുത്..
ഇതൊക്കെയെത്ര
കണ്ടിരിക്കുന്നുവെന്ന
നിസംഗഭാവം മാത്രമാകാം..

ഇതൊക്കെയാണ്
തീൻമേശ മര്യാദയെന്നിരിക്കെ,
ഇവറ്റകളെന്തിനാണിങ്ങനെ
ആക്രോശിക്കുന്നത് ..
ആക്രാന്തം കാണിക്കുന്നത്..

നായ്ക്കളെപ്പോലെ
തമ്മിൽ കടിപിടി കൂടുന്നത്..

ഒരു തുണ്ട് റൊട്ടി താ-
യെന്നുറക്കെ കരയുന്നത്..

ഉച്ഛിഷ്ടമാണെങ്കിലും
 അന്തസ്സോടെ കഴിച്ചു കൂടെ
ഇവറ്റകൾക്ക് ..

 - അജി ആലത്ത്.

2015 ഏപ്രിൽ 1, ബുധനാഴ്‌ച

സ്വപ്നത്തിലെ മഴ.



എൻറെ സ്വപ്നങ്ങളിലും
മഴ പെയ്യാറുണ്ട് ..


പ്രഭാതങ്ങളിൽ
അമ്പലത്തിൽ നിന്നും
നീ മടങ്ങുന്നതും കാത്ത്
പാടവരമ്പത്ത്
കുടയുമായ് നിൽക്കുന്ന
എൻറെ സ്വപ്നങ്ങളിൽ
എപ്പോഴുമൊരു
കുറുമ്പൻ മഴ
പെയ്യാറുണ്ട്..

- അജി ആലത്ത്.

2015 മാർച്ച് 27, വെള്ളിയാഴ്‌ച

2015 മാർച്ച് 18, ബുധനാഴ്‌ച

മതിലുകൾ



ആരോ തീർത്ത
മതിലുകൾക്കുള്ളിൽ
പരസ്പരം കാണാനാവാതെ,
അറിയാനാവാതെ
നാം ജീവിക്കുന്നു..

ആധുനിക
ആശയവിനിമയ
സാധ്യതകൾ പോലും
കൊട്ടിയടയ്ക്കപ്പെട്ട
തടവറകൾക്കുള്ളിൽ
നാമിരിക്കുന്നു..

എങ്കിലും,
ഏകാന്തരാവുകളിൽ
നിൻറെ നെടുവീർപ്പുകൾ
ഞാൻ  മാത്രം
കേൾക്കാറുണ്ട്..

പാതിമയക്കത്തിൽ
നീ കണ്ട കിനാവിലെ
പുഞ്ചിരിയലകൾ
എന്നെ മാത്രം
തേടിയെത്താറുമുണ്ട് ..

ആകാശത്തേക്ക് വളർന്ന
കാരാഗൃഹഭിത്തി -
ക്കിരു പുറവുമായി
നാമിപ്പോൾ
നിൽക്കുകയാണ്..

പൂവോടു കൂടിയൊരു
റോസാച്ചെടി
നിനക്കായി ഞാൻ
ഉയരത്തിലേക്കെറിഞ്ഞു
തരുന്നു..

ഇന്ന് രാത്രി
നിന്നെയോർത്ത്
കരയുമെന്ന് ഞാനും,
എന്നും എന്നെയോർത്ത്
കരയാറുണ്ടെന്ന്  നീയും..

പൂവുകൾ
ഹൃദയത്തിലേക്ക് സ്വീകരിച്ച്
നീ മന്ദഹസിക്കുന്നത്
മതിലിനിപ്പുറത്ത് നിന്ന്
അടയാളദർശനമായി
ഞാൻ കാണുന്നു..

എന്നോടുള്ള പ്രേമത്തിൻറെ
അടയാളദർശനത്തിൽ
ജീവിതസാഫല്യം നേടി,
മറ്റൊരു അടയാളത്തിനായി
ഞാൻ പിന്നെയും
കാത്തിരിക്കുന്നു..

- അജി ആലത്ത്.

( വൈക്കം മുഹമ്മദ് ബഷീറിൻറെ 'മതിലുകൾ' ക്ക് അമ്പത് വയസ്..
അതിലെ പ്രണയത്തിനിന്നും, എന്നും  കൗമാരം )

2015 മാർച്ച് 13, വെള്ളിയാഴ്‌ച

ശാസന



കത്താതെ പുകയുന്ന
വിറകടുപ്പിൽ
തോരാതെ പെയ്യുന്ന
തുലാമഴ പോലെ,
അമ്മയുടെ കണ്ണുനീർ
ഒരു ശാസനയുടെ
സ്വരം പൊഴിക്കുന്നത്
ഞാൻ കേൾക്കാറുണ്ട് -

'' എൻറെ കുഞ്ഞിന് വിശക്കുന്നു,
വേഗമൊന്നു കത്തെൻറെ പൊന്നടുപ്പേ "

- അജി ആലത്ത്.

2015 മാർച്ച് 9, തിങ്കളാഴ്‌ച

പരാജിതൻ



എൻറെ
പരാജയങ്ങളിൽ
എന്നും
ഞാൻ സന്തുഷ്ടനാണ്..

എന്തെന്നാൽ
എൻറെ
പരാജയങ്ങൾ
എന്നും
നിനക്ക് സമ്മാനിച്ചത്
വിജയങ്ങളായിരുന്നല്ലോ ..

എൻറെ
പ്രണയോപഹാരങ്ങളായ്
നീയവയെ
സ്വീകരിച്ചു കൊൾക ..



- അജി ആലത്ത്.

2015 മാർച്ച് 6, വെള്ളിയാഴ്‌ച

കുസൃതി


അനുസരണക്കേട്
കാട്ടുന്ന
ബാല്യത്തിൻറെ
കുസൃതി പോലെ,
ഓടുന്ന
തീവണ്ടിയിലിരുന്നു
മഴ കാണുന്ന
കാമുകിയുടെ
കുറുനിരയിൽ
ജാലകത്തിലൂടെ
തെറിച്ചു വീണ
മഴത്തുള്ളികൾ..

- അജി ആലത്ത് .

2015 ഫെബ്രുവരി 27, വെള്ളിയാഴ്‌ച

ഫലം പറയാം -



കുറത്തിയും തത്തയും
പറയുന്നത് നുണയെന്നാരും
പറയരുത്..

അവൾക്കു വേണ്ടി
തത്ത കൊത്തിയെടുത്തത്
ശ്രീരാമചന്ദ്രൻറെ
വർണ്ണചിത്രമുള്ള
കാർഡു തന്നെയായിരുന്നു..

പ്രജകൾക്കു വേണ്ടി
എല്ലാം ത്യജിച്ചവൻ ,
ശ്രീ രാമചന്ദ്രൻ..
സുന്ദരനും പുരുഷോത്തമനുമായ
രാശകുമാരൻ തന്നെ
തുണയായ് വരുമെന്ന
കുറത്തിയുടെ
പ്രവചനം ശരിയായ് ഭവിച്ചു ..


ഇതിഹാസത്തിലെ
മറ്റു സംഭവങ്ങൾക്കും
മാറ്റമേതുമുണ്ടായതില്ല..

വെറുമൊരു സംശയത്തിൽ
ശ്രീരാമചന്ദ്രൻ
അവളെ അഗ്നിപരീക്ഷയ്ക്ക്
വിധേയയാക്കുകയും
എണ്‍പത്തിരണ്ടു ശതമാനം
പൊള്ളലേറ്റ്,
മൂന്നു നാൾ
ഐ സി യുവിൽ കഴിഞ്ഞ് ,
നാലാംനാളവൾ
ഭൂമിയുടെ ഉള്ളിലേക്ക്
യാത്രയാകുകയും ചെയ്തു..

കുറത്തി പറയുന്നത്
ശരിയല്ലെന്നിനിയു -
മാരും പറയരുതേ...


-അജി ആലത്ത്.

2015 ഫെബ്രുവരി 18, ബുധനാഴ്‌ച

ഞാൻ നിനക്ക് ആര് - WHO AM I TO YOU


ഞാൻ നിനക്ക് ആരെന്ന
ചോദ്യം
ഞാൻ നിന്നോടും 
നീ എന്നോടും
ചോദിക്കുമ്പോൾ,
മിഴികൾ പരസ്പരം
കൂട്ടി മുട്ടാതിരിക്കാൻ
ശ്രദ്ധിക്കണം..
ഇല്ലെങ്കിൽ,
നാം പറയാൻ പോകുന്ന
നുണകൾക്ക് മുമ്പേ തന്നെ
ശരിയായ ഉത്തരം
കണ്ണുകൾ
കൈമാറിയിരിക്കും ..

- അജി ആലത്ത്.

നിർവചനം

പ്രണയസാഫല്യത്തിൻറെ
നിർവചനം
വിവാഹമോ, കുടുംബമോ
ജീവിച്ചു തീർത്ത
ജീവിതമോ അല്ല.

മറിച്ച് ,
എനിക്ക് നിന്നെയും
നിനക്ക് എന്നെയും
ഓർമ വരുമ്പോൾ,
ഓരോ തവണയും
മനസിനുള്ളിൽ പെയ്യുന്ന
പുതുമഴയാണ്..

പുതുമഴയിൽ കുതിർന്ന
മണ്ണിൻറെ സുഗന്ധമാണ്..
- അജി ആലത്ത്

സങ്കീർണ്ണമായ രണ്ടു ദേശീയപ്രശ്നങ്ങൾ -


പള്ളിപ്പറമ്പിലെ
മാങ്കൊമ്പിലിരുന്ന്
മാന്തളിരുണ്ട്
മതിമറന്നു പാടിയ
കുയിലിൻറെ പാട്ടിന്
അമ്പലമുറ്റത്തെ
ചെമ്പകച്ചില്ലയിൽ
പൂമണമേറ്റ്
മയങ്ങിയിരുന്ന
പെണ്‍കുയിൽ
മറുപാട്ട് പാടി..

പാട്ടും മറുപാട്ടും
തുടരവേ,
പാട്ടിൻറെ ഈണങ്ങളിൽ
കുയിലുകൾ
ഹൃദയം കൈമാറുന്നത്  
ഒളിക്കണ്ണു കൊണ്ട് കണ്ട
സദാചാരപാലകർ
രോഷം പൂണ്ടട്ടഹസിച്ചു-

'' ലൗ ജിഹാദ്..ലൗ ജിഹാദ്."

ഇരുകുയിലുകളുമ-
വരുടെ കണ്ണ് വെട്ടിച്ച്
പ്രാണനും കൊണ്ടു
പറന്ന് ,തളർന്ന്
പുഴ കടന്നെത്തിയത്
ഇല്ലിക്കാടും
വന്മരങ്ങളും നിറഞ്ഞ
വനമേഖലയിലാണ്..

ആശ്വാസത്തോടെ,
ആണ്‍കുയിൽ
ഇണയെ നോക്കി
കണ്ണിറുക്കി-
യുറക്കെ പാടി ..

'' ഘർവാപ്പസി.. ഘർവാപ്പസി ''

- അജി ആലത്ത്.

2015 ഫെബ്രുവരി 9, തിങ്കളാഴ്‌ച

ശരി



അതെ,
നീ പറഞ്ഞത് ശരിയാണ്..

പൂട്ടിയ തടവറയ്ക്കുള്ളിൽ
നിസ്സഹായനൊരുത്തനെ
പെട്രോളിൽ മുക്കി
ചുട്ടെരിച്ച് രസിക്കുമ്പോൾ,

പാവനമായ പാഠശാലയിൽ
നിഷ്കളങ്കരായ കുട്ടികൾ
നിറതോക്കിനാൽ
പിടഞ്ഞു വീഴുമ്പോൾ,

ജീവനു വേണ്ടി കേഴുന്നവൻറെ
കഴുത്തിൽ കത്തി കയറ്റിയ
ചലനചിത്രം
വിജയചിഹ്നമാകുമ്പോൾ ,

പിറവി സ്വപ്നം കണ്ട്
ഗർഭപാത്രത്തിൽ മയങ്ങുന്ന
ഭ്രൂണത്തെ
ത്രിശൂലത്തിൽ കോർത്തെടുത്ത്
അട്ടഹസിക്കുമ്പോൾ,

നിർമലമായ മനസുകളിൽ
സ്വാർത്ഥതാൽപര്യങ്ങൾ
വിദ്വേഷത്തിൻറെ വിത്ത്
വിതയ്ക്കുമ്പോൾ ,

നേർച്ചപ്പണം കൈക്കൊണ്ട്
പുഞ്ചിരി തൂകുന്ന
ദൈവത്തിനു മുന്നിൽ
ഞാൻ നിന്നെ സ്നേഹിക്കുന്നു
എന്നത് ,
തീർച്ചയായും
ദൈവത്തിന് നിരക്കാത്തതു
തന്നെയാണ്...

അതെ,
നീ പറഞ്ഞത് വളരെ ശരിയാണ്..

- അജി ആലത്ത്.

2015 ഫെബ്രുവരി 3, ചൊവ്വാഴ്ച

நான் உனக்கு யார் - WHO AM I TO YOU







நான் உனக்கு யார்
என்று
நான் உன்னிடமும்
நீ  என்னிடமும்
கேள்வி கேட்கும்பொழுது
இமைகள் சந்திக்காமல்
கவனித்து கொள்ளணும் ..

ஏனென்றால்
நாம்
சொல்லப்போகிற பொய்
வெளியே
வருவதற்கு முன்னே
சரியான பதில்
நிச்சயமாக
கண்கள்
பரிமாற்றம்
செய்திருக்கும்..

- அஜித்குமார் .

2015 ജനുവരി 27, ചൊവ്വാഴ്ച

കരോൾബാഗിലെ സന്ധ്യ.



മഞ്ഞിൻറെ നേർത്ത
മുഖാവരണം നീക്കി
പുഞ്ചിരിച്ചുകൊണ്ട്
തെരുവു വിളക്കുകൾ
തെളിഞ്ഞു തുടങ്ങുമ്പോൾ
കരോൾബാഗിൽ
ശിശിരകാല സന്ധ്യ
ഉണരുകയായി..

പാതയോരത്തെ
ചായ വിൽപനക്കാരൻറെ
ഉന്തുവണ്ടിയിലെ
സമോസയിലേക്ക് നോക്കി
വെള്ളമിറക്കുന്ന
ഇന്ദ്രപ്രസ്ഥ ബാല്യത്തിൻറെ
പ്രതിരൂപം..

ഇരുട്ടു മൂടിത്തുടങ്ങുന്ന
ഡി റ്റി സി ബസ് സ്റ്റോപ്പിൽ
തണുപ്പകറ്റാൻ
കണ്‍കോണിൽ
തീയൊളിപ്പിച്ച്
ക്ഷണിക്കുന്ന
ദേവദാസിയുടെ
വർത്തമാനകാല
പ്രതിനിധി.

മധ്യവർഗസ്വപ്നങ്ങൾ
തോൾസഞ്ചിയിലേറ്റി
നോയ്ഡയിലേക്കും
ദ്വാരകയിലേക്കും
ഗാസിയാബാദിലേക്കും
വാഹനവ്യൂഹങ്ങളുടെ
പടയൊരുക്കം..

കരോൾബാഗിലെ സന്ധ്യ
രാത്രിക്ക് വഴി മാറുമ്പോൾ,
താപനില ന്യൂനത്തിലേക്ക്
താഴുമ്പോൾ,
ഒഴിഞ്ഞ ചാക്കിൻ കഷ്ണം
കഷ്മീരി പഷ്മിനാ-
ഷാളാക്കി സങ്കൽപ്പിച്ചു പുതച്ച്,
ആധാർ പോലും പുറന്തള്ളിയ
രാജധാനി നിവാസി
വിറച്ചു തുള്ളുമ്പോൾ,

സ്വച്ഛ ഭാരതം
ചൊവ്വയ്ക്ക് നേരെ
കുതിക്കുകയായിരുന്നു..

കഴിഞ്ഞ നൂറ്റാണ്ടിലും
അതിനുമുമ്പുള്ള
നൂറ്റാണ്ടുകളിലും
കരോൾബാഗിലെ സന്ധ്യ
ഇങ്ങനെ തന്നെയായിരുന്നു -

ഇനി വരും നൂറ്റാണ്ടുകളിലും !

- അജി ആലത്ത്.

நிழல்


என் நிழலை பார்த்தாலே
உனக்கு புரிந்து விடும்,
என் உள்ளுக்குள் 
எவ்வளவு
நிறைந்து நிற்கிறாய்
நீ என்று..
ஏனென்றால்
என் நிழலுக்கு கூட
உன் உருவம் தான்..

- அஜித்குமார்

നിഴൽ


എൻറെ നിഴലിനെ നോക്കിയാൽ
നിനക്കറിയാൻ കഴിയും
എൻറെയുള്ളിൽ എത്ര മാത്രം 
നീ നിറഞ്ഞു നിൽക്കുന്നുവെന്ന് ..
എന്തെന്നാൽ
എൻറെ നിഴലിന്
നിൻറെ രൂപമാണ്.

- അജി ആലത്ത്.

2015 ജനുവരി 13, ചൊവ്വാഴ്ച

പ്രണയചരിതം ,അവസാനഖണ്ഡം


രാത്രിയേറെ വൈകി,
എച്ചിൽപാത്രങ്ങൾ
കഴുകിത്തുടച്ച് ,
അടുക്കളവാതിലടച്ച് ,
കിടക്കറയിലെത്തുമ്പോൾ
പ്രിയനേ,
നീ ഉറങ്ങിയിരിക്കും..
ഉറക്കത്തിനൊരിക്കലും
തടസ്സമാകരുതേയെന്നോർത്ത്
പെരുമഴ പോലെയാർത്ത്
വരുന്നൊരു കരച്ചിൽ
തലയിണയിൽ മുഖമമർത്തി
നിശബ്ദമാക്കുമ്പോൾ ,
പ്രിയനേ,
നീ ശാന്തമായുറങ്ങുന്നത്
ഞാനുറങ്ങാതെ
നോക്കിയിരിക്കുമെന്ന
നിൻറെ പ്രണയാതുരമായ
വാക്കുകൾ..
പ്രണയത്തിൻറെ
പ്രാരംഭ നാളുകളിലെ
വാഗ്ദാനങ്ങൾ ..
എല്ലാമെല്ലാം
വീണ്ടുമെൻ കാതിൽ
മുഴങ്ങുകയാണ്..
- അജി ആലത്ത്.

2015 ജനുവരി 6, ചൊവ്വാഴ്ച

മണിയറയിൽ ..



മരുമകൾ മറന്നതാകാമെന്നു
കരുതി,
പാൽ നിറച്ച ഗ്ലാസുമായ്
മണിയറയിലെത്തിയ
വരൻറെയമ്മ കണ്ടത്-

മേശപ്പുറത്ത്
തുറന്നു വച്ച രണ്ടു
ലാപ്ടോപ്പുകൾ ,
സൈബർ ജാലകത്തിലേക്ക്
മിഴി നട്ട്  രണ്ടു
മെഴുകു പ്രതിമകൾ..

- അജി ആലത്ത്.