2014 ഡിസംബർ 31, ബുധനാഴ്‌ച

ക്ഷണിക്കാതെ എത്തുന്നവ -



ചില ഗന്ധങ്ങൾ
അങ്ങനെയാണ്..

മറന്ന് ,മണ്ണടിഞ്ഞു
എന്നു കരുതുമെങ്കിലും
ചില സമയങ്ങളിൽ
അറിയാതെ കടന്നു വരും,

മറവിയുടെ കാണാ-
മറയത്തെവിടെ നിന്നോ
സൗരഭ്യം നിറഞ്ഞ
ജീവിത നിമിഷങ്ങൾ
ഓർമയുടെ വെള്ളിത്തിരയിൽ
തെളിയിച്ച് കടന്നു പോകും.

നഷ്ടപ്രണയവും
അങ്ങനെതന്നെ..

മരിച്ച് , മണ്ണടിഞ്ഞു
എന്ന് കരുതുമെങ്കിലും
ചില നിമിഷങ്ങളിൽ
അറിയാതെ കടന്നു വരും..

വേദനയുടെ നിലയില്ലാ-
ക്കയങ്ങളിലെവിടെയോ
നിർവൃതിയുടെ പുളകം
ചാർത്തി,
സൗന്ദര്യം വഴിയുന്നൊരു
സ്വപ്നം
ഓർമയിൽ അവശേഷിപ്പിച്ച്
കടന്നു പോകും..

- അജി ആലത്ത്.  

2014 ഡിസംബർ 11, വ്യാഴാഴ്‌ച

അടച്ചിട്ട ജാലകങ്ങൾ




മുറിയിൽ
ശീതീകരണയന്ത്രം
സ്ഥാപിച്ച ശേഷം
ജനാലകളൊരിക്കലും
തുറക്കാനവൻ
അനുവദിച്ചിട്ടില്ല..

അയൽവീടുകളിലെ
ശബ്ദങ്ങളിപ്പോൾ
അവരുടെ സ്വകാര്യതയെ
കടന്നാക്രമിക്കാറേയില്ല ..

മാലിന്യങ്ങളുടെയും
വൃത്തികേടുകളുടെയും
സഹജീവികളുടെയും
ദുർഗന്ധത്തിനവിടെ
പ്രവേശനാനുമതിയുമില്ല..

കൃത്രിമമെന്ന് തോന്നുക
പോലും ചെയ്യാത്ത ,
കേട്ടു പോലും
പരിചയമില്ലാത്ത
സുഗന്ധതരംഗങ്ങൾ
വാതാനുകൂലിത കിടക്കറയിൽ
ഒഴുകി നടക്കുന്നുണ്ട്..

മഴ
പെയ്തുകൊണ്ടിരുന്ന
ഒരു രാത്രി,
അടച്ചിട്ട ജാലകത്തിൻറെ
സ്ഫടികപ്പാളിയിൽ
പഴയൊരു സ്നേഹത്തിൻറെ
ചൂട്ടും മിന്നിച്ചൊരു
മിന്നാമിനുങ്ങെത്തിയത്
ഓർമകളുടെ രജതപേടകം
തുറന്നു തരാനായിരുന്നു..

ജാലകവാതിൽ
മലർക്കെത്തുറക്കെ,
അടച്ചിട്ട മനസ്സിൻറെ
ദുർഗന്ധമാകെയും
പുറത്തേക്കു വമിക്കുന്നതും ,
നിലാമഴയിലെങ്ങോ വിരിഞ്ഞ
പാതിരാപ്പൂവിൻറെ
നറുമണമുള്ളിൽ
നിറയുന്നതുമവളനുഭവിച്ചു..


നീണ്ടുകിടന്ന ടാറിട്ട റോഡ്
നിലാവെളിച്ചത്തിൽ
ചെമ്മണ്‍  പാതയായ്
പുനർജ്ജനിക്കുന്നതും,
നഷ്ടപ്രണയത്തിൻറെ
ലഹരി നിറച്ച്
മുല്ലമൊട്ടുകൾ വിടരുന്നതും
അവളറിഞ്ഞു..


ഈറൻ മുടിയിൽ
തുളസിക്കതിരുമായ് ,
കരളു കുളിരെ
കേൾക്കാൻ കൊതിച്ച
നാട്ടുവഴിയിലെ  പദനിസ്വനം
കാത്തിരുന്ന
കൗമാര സ്വപ്നങ്ങളിലേക്ക്
കണ്ണ് തുറന്നപ്പോൾ ,
പണ്ടെന്നോ കേട്ടു മറന്ന
പഴയൊരാ പാട്ടോർമ്മയിലവൾ
കരഞ്ഞുകൊണ്ട് പാടി -

അടച്ചിട്ട  ജാലകങ്ങൾ
തുറന്നോട്ടെ...



- അജി ആലത്ത്.

2014 ഡിസംബർ 9, ചൊവ്വാഴ്ച

ഒപ്പ്



പേരെഴുതിയടിയിലൊരു
വരയുമായാരംഭിച്ചതാണ് ..

ഭംഗി പോരെന്ന തോന്നലിൽ
രീതി മാറ്റി, ശൈലി മാറ്റിയനന്യ-
മായൊരൊപ്പ് സ്വന്തമാക്കി-
യഭിമാനിയായ് മാറി ഞാൻ.

കാലം പോകെ, കൈത്തഴക്കത്താലെഴു-
ത്തിൻറെയാകൃതിയും മാറിപ്പോകെ
കൈയൊപ്പു ചേരുന്നില്ലയെന്ന
സ്പഷ്ടീകരണവുമായ്
മടങ്ങിയെത്തിയ ചെക്ക്
തെല്ലും വേദനിപ്പിച്ചില്ലയെങ്കിലും ,

നിൻറെ ഹൃദയത്തിലേക്കയച്ച
നിവേദനത്തിലെയൊപ്പ്
തിരിച്ചറിഞ്ഞേയില്ലെന്ന
വൈകിയ കുറ്റസമ്മതം ,
പിളർക്കുന്നതെൻറെ
ഹൃദയം തന്നെയാണ്, തോഴീ..


- അജി ആലത്ത്.

2014 ഡിസംബർ 3, ബുധനാഴ്‌ച

അവസ്ഥാന്തരങ്ങൾ -


അതിർത്തിത്തർക്കം
തീർക്കാനെത്തിയ മദ്ധ്യസ്ഥൻ
അവകാശത്തിനു വേണ്ടി
അന്യായം ബോധിപ്പിച്ച് ,
ഓഹരിയുടമസ്ഥതയ്ക്ക്
വിധി സമ്പാദിക്കുമ്പോൾ
യഥാർത്ഥ അവകാശിയുടെ
നെടുവീർപ്പ് പോലെയൊരു
വരണ്ട കാറ്റ് വീശുന്നുണ്ട്..

ഉഭയകക്ഷി ചർച്ചയിൽ
കൈവിട്ടു പോയ പാടശിഷ്ടങ്ങളിൽ
ഇഷ്ടിക വേവുന്ന  ഗോപുരങ്ങൾ
പുകവലിച്ച് ലഹരി നുകരുന്ന കാഴ്ച
കലങ്ങിയ കണ്ണിൽ നീറ്റലാകുമ്പോൾ
മുളങ്കാടിൻറെ തേങ്ങലും വഹിച്ചൊരു
നേർത്ത കാറ്റ് വീശുന്നുണ്ട്..

പാമ്പിൻകാവിൻറെ
ഹരിതവിശാലതയ്ക്ക്
നൊമ്പരസ്മരണയേകി
സിമൻറ്ബിംബങ്ങളായ്
പ്രതിഷ്ഠിക്കപ്പെട്ട നാഗങ്ങൾ
നൂറും പാലും  കാത്തിരിക്കുമ്പോൾ ,
കാരണവന്മാരുടെ നിശ്വാസങ്ങൾ
തറവാടിൻറെയസ്ഥിവാരമിളക്കുന്നൊരു
കൊടുങ്കാറ്റായി രൂപം മാറുന്നുണ്ട്..

- അജി ആലത്ത്.

2014 നവംബർ 25, ചൊവ്വാഴ്ച

காதல் பரிசு


நரம்பு முறித்து விட்ட போது
பாய்ந்த ரத்தத்தின் சிவப்பு மட்டும் தான்
என்னுடன் இருக்கிறது..
உன் திருமணத்திற்கு
கை வடிவமைப்புக்காக
என் காதலின் பரிசு .
- அஜித் குமார்.

പാരിതോഷികം -


സിര മുറിച്ചപ്പോഴൊഴുകി -
പ്പരന്ന രക്തച്ചുവപ്പ് മാത്രമേ
കൈയിലുള്ളൂ സഖി,
നിനക്ക്
നിക്കാഹിന്
കൈയിലണിയും
മെഹന്ദിക്കായെൻ
മൊഹബ്ബത്തിന്നുപഹാരം .

അജി ആലത്ത്.

2014 നവംബർ 13, വ്യാഴാഴ്‌ച

പാമ്പുകൾക്ക് മാളമുണ്ട് .. ഒരു ശിശുദിന ചിന്ത




എരിവെയിലേറ്റുരുകുമ്പോഴുമമ്മ
മോഹിക്കുന്നു,
വെയിലേറ്റു വാടാതെ ,പൊൻ മകൾ
വളർന്നു വലുതായീടുവാൻ..

പെരുമഴ നനഞ്ഞു കുതിരുമ്പോഴുമമ്മ
കൊതിക്കുന്നു,
മഴയേറ്റു നനയാതെ, കുളിരാതെ തൻ മകൾ
സുഖമായ് കഴിഞ്ഞീടുവാൻ ..

വിശന്നു വലഞ്ഞും ,
ദാഹിച്ചു കുഴഞ്ഞുമന്നത്തെ
സമ്പാദ്യവുമായമ്മ
കുടിലിലെത്തുമ്പോൾ,
നാഥനില്ലാ വീട്ടിലേകയായ്
കാത്തിരിക്കും മകൾക്കു നേരെ
നാലു ദിക്കിൽ നിന്നും നീളുന്ന
കാമക്കണ്ണുകൾ കണ്ട് ..
ഒരു നിമിഷം തളർന്നു നിന്ന്  ..
മറു നിമിഷം ,
സ്നേഹവാഗ്ദാനങ്ങളിൽ
കാലിടറിയതിനു
ദാനമായ് കിട്ടിയ
കുഞ്ഞിനെയും തോളിലേറ്റി
തെരുവിലേക്കിറങ്ങുന്നു ..

ഇനി,
വെയിലേറ്റാലും ,
മഴ നനഞ്ഞാലും,
നീയെന്നരികിലുണ്ടല്ലോ -
യെന്നമ്മമനമാശ്വസിക്കുമ്പോൾ,
ഒന്നുമറിയാതെ,
മകളുറങ്ങുന്നു..
പട്ടുമെത്തയിലെന്ന പോലവേ..

- അജി ആലത്ത്.

2014 നവംബർ 11, ചൊവ്വാഴ്ച

கடைசி கவிதை


உன் இதயத்தில்
நான் இறந்த நொடியில்
என் இதயத்தில்
கவிதையும்  இறந்துள்ளன..

- அஜித்குமார்.

അവസാനത്തെ കവിത.



നിൻറെ ഹൃദയത്തിൽ 
ഞാൻ മരിച്ചു വീഴുന്ന നിമിഷം,
എൻറെ ഹൃദയത്തിൽ 
കവിതയും വീണു മരിക്കും..

- അജി ആലത്ത്.

2014 നവംബർ 4, ചൊവ്വാഴ്ച

ക്യാമറയോട് -



എനിക്ക് അസൂയയാണ്,
ഈ ക്യാമറയോട് ..

നിൻറെ സൗന്ദര്യമെല്ലാ -
മൊപ്പിയെടുത്ത് ,
നിന്നെയാകെയുള്ളി-
ലാവാഹിച്ചിരിക്കുന്ന
ക്യാമറയ്ക്കുള്ളിലെ
ലെൻസിനോട് ..

എങ്കിലും ക്യാമറേ ,
നീയറിയുക,
നിനക്കാവാഹിക്കാനാവുക,
അവളുടെ
ബാഹ്യസൗന്ദര്യം മാത്രം..

ആ കണ്ണുകൾക്കുള്ളിൽ
വിടരുന്ന പുഞ്ചിരി..
ആ പുഞ്ചിരിയുടെയുള്ളിൽ
എന്നെ മാത്രം കാണുന്ന
അവളുടെ മനസ്സ് ...
ആ മനസ്സിൽ നിറഞ്ഞു പൂക്കുന്ന
എന്നെക്കുറിച്ചുള്ള
ഓർമ്മകൾ..

ഇതൊന്നും കാണാൻ
നിനക്ക് കഴിവില്ലല്ലോ-
യെന്നറിയുമ്പോൾ
എൻറെ അസൂയ,
സഹതാപത്തിന് വഴി മാറുന്നു.

- അജി ആലത്ത്.

2014 ഒക്‌ടോബർ 30, വ്യാഴാഴ്‌ച

ആർക്കു വേണ്ടി ?




വടക്കു നിന്നെത്തുന്നൊരു
മേടക്കാറ്റിന്നാശ്ലേഷത്തിൽ
ചില്ലകളുലയുമ്പോൾ ,
കുഞ്ഞിക്കൈകൾ സ്വപ്നം കണ്ട് ,
പൊഴിയാനൊരുങ്ങി നിൽക്കുന്നുണ്ട് ,
മനസ്സിൽ മധു നിറച്ചും
കൊണ്ടൊരു മാമ്പഴം .

ഞെട്ടറ്റുവീഴും വേളയിലടുത്തെത്തി-
യെടുത്തുംകൊണ്ടോടിപ്പോകാൻ
ഉണ്ണികളാരുമിനിയീ
വഴി വരികയേയില്ലെന്ന
വ്യഥയിലെൻ ജന്മമേ
വ്യർത്ഥമെന്ന്
വിഷാദവതിയായ്
മൊഴിയുന്നുണ്ടീ തേന്മാവും ..

- അജി ആലത്ത്.

2014 ഒക്‌ടോബർ 27, തിങ്കളാഴ്‌ച

മെമ്നോണ്‍ പിന്നെയും പാടുന്നു..





ചരിത്രം അങ്ങനെയല്ല
പറയുന്നതെങ്കിലും,
തീബ്സിലെ മരുഭൂമിയിൽ
ഞങ്ങളുണ്ട്..
നൈൽ കടന്നെത്തുമ്പോൾ,
കരയിൽ
കാത്തുനിൽക്കുന്നുണ്ടാകും
ഞങ്ങൾ, നിങ്ങൾക്കായ്‌ ..

നീണ്ട നെടുവീർപ്പുകളോടെ ,
വിഹായസ്സിലേയ്ക്ക് കണ്ണും നട്ട് ..

ക്രിസ്തുവിനും മുമ്പ്,
ഇരുളടഞ്ഞ നൂറ്റാണ്ടുകളിലും
ഞങ്ങളൊന്നായിരുന്നുവെന്നതിന്
വേറെ തെളിവെന്തിന് ?

ആമെൻ ഹോട്ടെപ്‌
സൃഷ്ടിച്ച  പ്രതിമ ,
ഞങ്ങളുടേതെങ്കിലും
ഇന്നത്തെപ്പോലെ അന്നും
ചരിത്രകാരന്മാർ
രാജാവിന് സ്തുതിയോതി ..

സ്മിത്തും കീറ്റ്സും
ഞങ്ങളെക്കുറിച്ച്
പാടിയിരുന്നു..
നിലാവ്,
മറ്റൊരു ശാന്തസമുദ്രമാക്കി
മാറ്റിയ ,
ഈ ഈജിപ്ഷ്യൻ മണൽപ്പരപ്പിൽ,
ഈന്തപ്പനകളെ തഴുകിയെത്തുന്ന
മണൽക്കാറ്റിൽ ,
ശിലയുടെ കരളു തുടിക്കുമ്പോൾ ,
ശില്പമായ ഞാൻ പോലും
ചാരത്തിരിക്കുന്ന
അവളെ നോക്കി പാടാറുണ്ട് -
ശിലയുമലിയുന്ന
പ്രണയരാഗം..

- അജി ആലത്ത്.

2014 ഒക്‌ടോബർ 23, വ്യാഴാഴ്‌ച

ഊഴം കാത്ത്..



കറവക്കാരൻ
കരുണൻറെ
കൈവിരലുകൾക്കിടയിലൂടെ
ക്ഷീരശരങ്ങൾ
പാൽപ്പാത്രത്തിൽ
പതിക്കുന്ന താളത്തിന്
കാതോർത്ത്,
അവൻ നിന്നു-
ഊഴം കാത്ത്.

പെരുന്നാളിന്
വിരുന്ന് വരുന്ന
പുയ്യാപ്ലയുടെ
തക്കാരത്തിന്
എന്താ സ്പെഷല് ന്ന
കറവക്കാരൻറെ
ചോദ്യത്തിന്
അവനെ നോക്കി
അഹമ്മദ് സാഹിബ് പറഞ്ഞു,
''ഇളംമാംസത്തിന് സ്വാദ് കൂടും''

വിടർന്ന കണ്ണുകളിൽ
പാലുകുടിക്കാനുള്ള
അക്ഷമയെക്കാളേറെ
കഴുത്തിൽ
വലിഞ്ഞു മുറുകുന്ന
കയറു നൽകുന്ന
വേദനയുടെ
ദൈന്യത്തോടെ
അവൻ നിന്നു -
ഊഴം കാത്ത്..

- അജി ആലത്ത്..

கொள்ளைக்காரி


மலர் தோட்டத்திலிருந்து 
பூ பறிக்க அனுமதி கேட்டு,
உள்ளுக்கு வந்து 
என் இதயத்தையே திருடி 
போய் விட்டாளே , அவள்..

- அஜி ஆலதது

കവര്‍ച്ചക്കാരി.




പൂന്തോട്ടത്തിൽ  നിന്നൊരു 
പൂവിറുക്കാന്‍ സമ്മതം ചോദിച്ചിട്ടെന്‍ 
ഹൃദയമറുത്തു കൊണ്ടോടിപ്പോയവളേ ..

- അജി ആലത്ത്.

2014 ഒക്‌ടോബർ 13, തിങ്കളാഴ്‌ച

വീണ്ടുമൊരു വിലാപം. --







അകലെയുള്ള
അജ്ഞാത ശത്രുവിന്
ദാസ്യവേല ചെയ്ത്,
ലക്ഷ്യം മുഴുമിച്ചു കൊടുത്തതിനു
പ്രത്യുപകാരമായി ,
സപ്തനക്ഷത്ര ഹോട്ടലിൽ
വാർഷിക അവലോകന
കൂടിക്കാഴ്ചക്ക് ശേഷം,
രാത്രി വൈകിയുള്ള
അത്താഴത്തിന്
കോഴിക്കാൽ കടിച്ചു വലിച്ച്
ചവച്ചിറക്കുമ്പോൾ ,
ഇങ്ങു ദൂരെയൊരു രോദനം..

'എൻറെ മോനേ ..'

സൃഷ്ടിയുടെ
നൊമ്പരവേലിയേറ്റത്തിൽ
നാൽപതു കൊല്ലം മുമ്പ്
സർക്കാരാസ്പത്രിയുടെ
പ്രസവമുറിയുടെ
ചുവരിൽ പ്രതിധ്വനിച്ച
അതേ നിലവിളി
വീണ്ടും ..

നോവിൻറെ പാരമ്യതയിൽ
അർബുദവാർഡിൽ നിന്ന്,
മൾട്ടിനാഷണൽ കമ്പനിയുടെ
മുഖ്യ അധികാരിയുടെ
കേൾക്കാത്ത കാതുകളിലേക്കതാ
കാതങ്ങൾ താണ്ടുന്നു..

''എൻറെ മോനേ ..''


 -അജി ആലത്ത് .

2014 ഒക്‌ടോബർ 8, ബുധനാഴ്‌ച

പരാതി.



പണ്ട്,
അവൾ പരാതി
പറഞ്ഞിരുന്നത്
പൂക്കളോടും
ശലഭങ്ങളോടുമായിരുന്നു -

എഞ്ചുവടി മനപ്പാഠം
പഠിക്കാത്തതിന്
ഇംപോസിഷൻ തന്ന
സീതടീച്ചറെപ്പറ്റി,
മുഷിഞ്ഞ യൂണിഫോ-
മിട്ടു വന്നതിന്
ക്ലാസിനു പുറത്തു നിർത്തിയ
വിനയൻ മാഷെപ്പറ്റി..

പിന്നീട്
അവളുടെ പരാതി
ദൈവത്തോടായി -

കൂട്ടുകാരൊത്തു മദ്യപിച്ച്
വൈകിയെത്തുന്ന
ഭർത്താവിനെപ്പറ്റി,
കൗതുകബാല്യത്തിൽ നിന്നും
കാരാഗൃഹയൗവനത്തിലേ -
ക്കെത്തിച്ചവിധിയെപ്പറ്റി..

ഇപ്പോൾ
അവൾക്ക്
പരാതിയേയില്ല -

തെക്കേത്തൊടിയിലെ
വാകച്ചോട്ടിൽ
മണ്ണിൻ കമ്പളം
പുതച്ചുറങ്ങുമ്പോൾ ,
അമ്മിഞ്ഞ കുടിച്ച്
കുഞ്ഞിക്കാലിളക്കുന്ന
കുഞ്ഞിപ്പെണ്ണാണവൾ..
അച്ഛൻറെ നെഞ്ചത്ത്
തുള്ളിക്കളിക്കുന്ന
കളിക്കുട്ടിയാണവൾ ..
കൗമാരകാല കാമുകൻറെ
കൊട്ടാരത്തിലെ  രാജ-
കുമാരിയാണവൾ..


- അജി ആലത്ത്.

2014 ഒക്‌ടോബർ 7, ചൊവ്വാഴ്ച

ഗ്രാൻഡ്‌ മാസ്റ്റർ ജി.എസ് .പ്രദീപിനോട്...


ശ്രേഷ്ഠ നായകാ,
അശ്വമേധത്തിലേക്ക്
വീണ്ടും സ്വാഗതം..
ചോദ്യങ്ങളെത്ര
വേണമെങ്കിലും
ചോദിച്ചു കൊൾക ..
കളിവട്ടങ്ങളെത്ര
വേണമെങ്കിലും
തുടർന്നു കൊൾക ..
ചുഴിഞ്ഞെങ്ങനെ
വേണമെങ്കിലും
നോക്കിക്കൊൾക ..
ദുർഘടസന്ധികളി-
ലൊക്കെപ്പെടുത്തി
ക്ലേശിപ്പിച്ചു കൊൾക

സൂചനകളും അടയാളങ്ങളും
തിരിച്ചും മറിച്ചു -
മാരാഞ്ഞു കൊൾക
നിശ്ചയം..!
അവളുടെ മനസ്സിലെ
എന്നെ,
നിങ്ങൾക്ക്
കണ്ടെത്താനാവില്ല..
- അജി ആലത്ത് .

2014 സെപ്റ്റംബർ 29, തിങ്കളാഴ്‌ച

നിവേദനം



പ്രിയപ്പെട്ടവളെ,
ലോക ഹൃദയദിനമായ
ഇന്ന്
ഓർക്കാനുള്ളത് -

നിന്നിൽ ഏൽപ്പിച്ചിട്ടുള്ള
എൻറെ ഹൃദയം
കേടുകൂടാതെ സൂക്ഷിക്കാനുള്ള
ചുമതല
നിന്നിൽ മാത്രം
നിക്ഷിപ്തമാണ്..

- അജി ആലത്ത്.   

2014 സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

ചോദ്യം




വേഗത   = ദൂരം / സമയം
ആണെങ്കിൽ ,

എന്നിൽ നിന്നും
നിന്നിലേക്കുള്ള
ഇരുനൂറ്റിത്തൊണ്ണൂറു
കിലോമീറ്റർ ദൂരം
എൻറെ സ്വപ്നങ്ങൾക്ക്
നിമിഷാർദ്ധം കൊണ്ട്
സഞ്ചരിക്കാനാവുമെങ്കിൽ ,


ആ സ്വപ്നപേടകത്തിൽ
യാത്ര ചെയ്ത്
വെനീസിലെ
ജലപാതകളും
ഗദ്സേമിനയിലെ
വിശുദ്ധ പൂന്തോട്ടവും
മൗറീഷ്യൻ
കടൽത്തീരങ്ങളും
കണ്ടു വരാൻ
നാമിരുപേർക്കും
സമയ മിനി-
യെത്ര വേണ്ടിവരും?

- അജി ആലത്ത്.

ശാസ്ത്രം ജയിച്ചു ..മനുഷ്യൻ വീണ്ടും തോറ്റു ..



ആദ്യദൗത്യം
പരാജയപ്പെട്ടതിൻറെ
തെറ്റ് തിരിച്ചറിഞ്ഞ
അമേരിക്കയും റഷ്യയും
ഇരിങ്ങാലക്കുടയിലെത്തി
''സമസ്താപരാധം പൊറുക്കേണമേ''യെന്ന
യാചനയോടെ
ശയനപ്രദക്ഷിണം നടത്താൻ
തീരുമാനിച്ചു..

ഇനി വിക്ഷേപിക്കാനുള്ള
റോക്കറ്റുകളുടെ
രൂപമാതൃകാ സമർപ്പണത്തിന്
പ്രത്യേക കൗണ്ടർ തുടങ്ങാൻ
തിരുപ്പതി ദേവസ്ഥാനം
തീരുമാനിച്ചു..

ലോകകപ്പ് വിജയത്തിന്
ഫുട്ബാളിൽ പൂ മൂടിയാൽ
മതിയെന്ന് ഫിഫ.

നിൽപ്പ് സമരവും
നികുതി വർദ്ധനവും
നിർബാധം തുടരട്ടെ..
സന്താനസൗഭാഗ്യമില്ലാത്തവരും
സന്താപപ്പെടരുത്..

വേളാങ്കണ്ണിയിലൊരു
അത്ഭുത ശുശ്രൂഷ..
ഗുരുവായൂരിലൊരു
തുലാഭാരം..
അജ്മീറിലെ
ഉറൂസിനൊരു നേർച്ച ..

നമുക്ക് ചെയ്യേണ്ടത്
ഇത്ര മാത്രം..

- അജി ആലത്ത്.

2014 സെപ്റ്റംബർ 17, ബുധനാഴ്‌ച

പൂവൻകോഴി



നാളെ
അത്താഴവിരുന്നൊരുക്കണമെന്ന്
വീട്ടുകാരിയോട് പറയുന്നത്
ഞെട്ടലോടെയാണ്
കൂട്ടിലിരുന്ന് കേട്ടത്..

അങ്ങനെയെങ്കിൽ ..
ഇന്നെൻറെ
അവസാനത്തെ അത്താഴമാണ് ..

പൂട്ടിയിട്ട കൂട്ടിനുള്ളിൽ
തല കുനിച്ചുറക്കം നടിക്കുന്ന
എൻറെ പിടകളും,
അവരുടെ ഉദരത്തിൽ
വളരുന്ന ,
ഒരിക്കലും
ഞാൻ കാണുകയേ ഇല്ലാത്ത,
നിങ്ങളുടെ
വരും ദിവസങ്ങളിലേക്കുള്ള
വിശിഷ്ട വിഭവങ്ങളും
ആ വാക്കുകൾ കേട്ടിരിക്കാം..

നാളത്തെ പുലരിയിൽ
നിങ്ങളെൻറെയുണർത്തുപാട്ട്
അവസാനമായി കേൾക്കും ..
പിന്നെ നിങ്ങളെന്നെ
ഓർക്കാൻ വഴിയില്ല..

പക്ഷേ ,
മസാലക്കൂട്ടുകൾക്കിടയിൽ
തിളച്ചു വേവുമ്പോൾ,
നിങ്ങളുടെ പല്ലുകൾക്കിടയിലെൻറെ
മാംസം നുറുങ്ങിച്ചിതറുമ്പോൾ ,
രസനയിൽക്കൂടിയെൻറെ
സ്വാദറിയുമ്പോൾ ,
നിങ്ങളെ ഞാൻ മറക്കില്ല...

അന്നനാള ത്തിൽക്കൂടി ,
ആമാശയത്തിൽക്കൂടി
സഞ്ചരിച്ച്
എൻറെ രോഷം
നിങ്ങളുടെ രക്തധമനികളിൽ
കൊഴുപ്പായി ഒട്ടിപ്പിടിക്കും...
അനുഭവിച്ച
വേദനകളൊക്കെയും
നിങ്ങളുടെ
ഹൃദയത്തിലേക്ക് പകരും..
''അമ്മേ''യെന്നൊരലർച്ചയിൽ
നിങ്ങൾ കുഴഞ്ഞുവീഴും..

പ്രതികാരം ചെയ്ത
തൃപ്തിയിൽ,
അന്നാവും..
ഞാൻ ശരിക്കും മരിക്കുക...

- അജി ആലത്ത്.

2014 സെപ്റ്റംബർ 5, വെള്ളിയാഴ്‌ച

യുയുത്സുവിന് പറയാനുള്ളത് ➛



സുയോധനാ..
ചോരച്ചാലിൽ നീ
വീണു കിടക്കുമ്പോൾ,
ഹിൻഡോണ്‍   നദീതീരത്ത്
അന്തി മയങ്ങുമ്പോൾ,
അന്നത്തെ പോരിന്
അന്ത്യം കുറിച്ചുകൊണ്ട്
പെരുമ്പറ മുഴങ്ങുമ്പോൾ,
അരികത്ത് ഞാൻ വന്നത്  
മാപ്പ് ചോദിക്കാനല്ല..
ഗർഭപാത്രം മറ്റൊന്നെങ്കിലും
ഭാതൃസ്നേഹത്താലെന്നെ
ഞാനാക്കിയ ജ്യേഷ്ഠന്  
ബലിതർപ്പണത്തിനായ് മാത്രം..

സഹോദരന്മാർ തമ്മിൽ
സ്പർദ്ധ മൂർച്ഛിക്കുമ്പോൾ  ,
താങ്ങായ് നിൽക്കേണ്ടവർ
വാളുമായ്, കലി പൂണ്ട്
അങ്കക്കളത്തിലിറങ്ങുമ്പോൾ ,
ഇത്
യുയുത്സുവിൻ  കടമയെന്നറിയുക ..
മറുചേരിയും
ഭാതൃചേരിയെന്നറിഞ്ഞ്
കൂട്ടുചേരാൻ..
കൂട്ടുകൂടി നൽവാക്കോതുവാൻ..
പോര് നിർത്തിയൊന്നായ് വാഴുവാൻ..

ദാസ്യഗർഭങ്ങളിലിനിയും
യുയുത്സുമാരീ നിയോഗത്തിനായ്
പിറവി
കാത്തിരിക്കുന്നുണ്ടാവാം..

വേണ്ട, യുധിഷ്ഠിരാ ..
ഇന്ദ്രപ്രസ്ഥമെനിക്കു വേണ്ട..
ഭാതൃരക്തത്തിൽ ചുവന്ന
കിരീടവും
മാതൃശാപത്തിൽ തിളച്ചു പൊള്ളുന്ന
സിംഹാസനവും
വൈധവ്യക്കണ്ണീരിൽ  കുതിർന്ന
ചെങ്കോലും
നിശ്ചയം തമോമയമാക്കുമെൻ
ശിഷ്ടജീവിതം ..

വിഷമേറ്റു വാങ്ങി
ഗംഗയും യമുനയും
ആധി പൂണ്ടൊഴുകുമ്പോൾ ,
പേര് പോലുമില്ലാത്ത
ദാസിമാരാമെന്നമ്മമാർ
വിലപിക്കുമ്പോൾ ,
കർമ്മം കൊണ്ടെങ്കിലു-
മവർക്കാശ്വാസമേകുവാൻ
അനുവദിക്ക,യെന്നെ
യാത്രയാക്കുക...


- അജി ആലത്ത്.

2014 സെപ്റ്റംബർ 1, തിങ്കളാഴ്‌ച

എം.ജി. റോഡ്‌.



സഹോദരൻ അയ്യപ്പൻ
ഇന്ന്
വെറുമൊരു പാതയാണ്.
ജാതിവ്യവസ്ഥ-
യില്ലാതാക്കാൻ
ശ്രമിച്ച കുറ്റത്തിന്,
'മേൽ' 'കീഴ് '
വ്യത്യാസമില്ലാതെ
ജാതി മേലാളന്മാർക്ക്
നടന്നു തുപ്പാൻ
ഒരുക്കിയിട്ട
ഒരു വെറും പാത.

മഹാത്മാഗാന്ധിയും
ഇന്ന്
ഒരു പാത മാത്രമാണ്..
സ്വദേശി വസ്തുക്കൾ
ഉത്പാദിപ്പിക്കാനും
ഉപയോഗിക്കാനും
ഉപദേശിച്ച കുറ്റത്തിന്,
വിദേശനിർമിത
വാഹനങ്ങൾ
അഹംഭാവത്തോടെ
ഓടിച്ചു കയറ്റാൻ
നഗരഹൃദയങ്ങളിൽ
സൃഷ്ടിക്കപ്പെട്ട
ഒരു വെറും പാത..

അജി ആലത്ത്.

2014 ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

தொலைபேசி





தூரத்திலிருந்து நீ பேசிய 
வார்த்தைகள் அனைவதும் 
பக்கத்திலிருந்து மெதுவாக 
காதில் சொன்னது போல் ,
இதயத்திற்குள் நுழைந்தது..

-
அஜி ஆலத்த் .

மல்லிப்பூ




நீ சூடும் மல்லிப்பூ
உன் புன்னகை கண்டு,
வெட்கத்துடன்
நிறம் விளறி
வாடி துடங்கியுள்ளது ..


- அஜி ஆலத்த் .

2014 ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

ചലിക്കാത്ത സമയസൂചികള്‍ ➨



സമയത്തിന്‍റെ ആശുപത്രിയില്‍
ചുമരിലും
ചില്ലലമാരയ്ക്കുള്ളിലും
നിരന്നു കിടക്കുന്ന
രോഗികളുടെ നടുവില്‍
അയാളിരുന്നു -
മറ്റൊരു
പുരാതനഘടികാരം പോലെ.

ഉറ്റവര്‍ ഉപേക്ഷിച്ചുപോയ
രോഗികളില്‍
അസുഖം ഭേദമായവര്‍ ,
കൃത്യസമയങ്ങളില്‍
മണി മുഴക്കി
കര്‍മ്മം ചെയ്തു പോന്നു..
ഓര്‍മ്മത്തെറ്റു പോലെ
ഞെട്ടിയെണീറ്റ
ചിലരുടെ മണിമുഴക്കം
അസമയങ്ങളില്‍ കേള്‍ക്കാറുണ്ട് ..
മറ്റു ചിലര്‍  നീണ്ട നിദ്രയില്‍ ..

ചാവി കൊടുക്കാന്‍ പോലും
സമയമില്ലാത്ത മനുഷ്യന്‍
സമയമറിയാന്‍ പുതിയ
സംവിധാനങ്ങള്‍  തേടിയപ്പോള്‍
സമയമാപിനികള്‍ പുതിയ
അഭയകേന്ദ്രങ്ങള്‍ തേടിപ്പോയി..

കണ്ണിലുറപ്പിച്ച
സൂക്ഷ്മദര്‍ശിനിയിലൂടെ,
സമയചക്രങ്ങളുടെ
കേടുപാട് തീര്‍ക്കുമ്പോള്‍
ഓര്‍മ്മയില്‍
ഒരമ്മമുഖം കണ്ട്
അയാള്‍ പൊട്ടിക്കരഞ്ഞു..

- അജി ആലത്ത്.

2014 ഓഗസ്റ്റ് 5, ചൊവ്വാഴ്ച

അനന്തതയില്‍ നിന്നൊരു സന്ദേശം ...



നൂറോ അഞ്ഞൂറോ
പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറം ,
ഗ്ലീസെന്നോ കെപ്ലറെന്നോ
പേര് കൊടുക്കപ്പെട്ട
ഗ്രഹത്തിലോ,
ഇനിയും
നാമകരണം ചെയ്യപ്പെടാത്ത
ഗ്രഹത്തിലോ,
നീയും ഞാനുമുണ്ടായിരിക്കും...

അവിടെ,
ഗന്ധകം മണക്കുന്ന
തീക്കാറ്റില്ല ..
ചോര പുരണ്ട നെഞ്ചില്‍
പാവക്കുഞ്ഞിനെ ചേര്‍ത്ത്
കണ്ണ് തുറന്നുറങ്ങുന്ന
പിഞ്ചോമനകളില്ല ..
ദൈവങ്ങളും മതങ്ങളും
മനസ്
തീറെഴുതിയെടുത്തിട്ടില്ല ..

പരിശുദ്ധ പ്രണയത്തിന്‍
പ്രകാശം പ്രസരിക്കുന്ന
പകല്‍ വേളകളും
നിര്‍മല നിലാവൊളി
നിദ്രയില്‍ നിറയുന്ന
നിശായാമങ്ങളും
ആ സ്വപ്നതീരത്തെ
കളങ്കപ്പെടാത്ത
ആദിമഭൂമിക്ക്
സമാനമാക്കുന്നു..

പ്രണയാതുരമായ ഏതോ
ഒരു രാത്രിയില്‍,
ആകാശത്ത് കണ്ണു ചിമ്മുന്ന
ഒറ്റ നക്ഷത്രത്തിനെ നോക്കി,
അതിനു ചുറ്റും
കറങ്ങുന്നൊരു ഭൂമിയില്‍
പണ്ട് നമ്മള്‍
ജീവിച്ചിരുന്നുവെന്ന്
ഞാന്‍ മന്ത്രിക്കും,
നിന്‍റെ  കാതില്‍..

- അജി ആലത്ത്.  

2014 ജൂലൈ 31, വ്യാഴാഴ്‌ച

ഔഷധപുരാണം.



ഡോക്ടര്‍ അകത്തുണ്ട്
ദയവായി കാത്തിരിക്കുക
എന്ന ഫലകത്തിന് മുന്നില്‍
ആധിയോടെ കാത്തിരിക്കുന്ന
ഏകമുഖജീവികളുടെ
ദയവിന്‍റെ  ദൗര്‍ബല്യം
മുതലെടുത്ത്‌
മരുന്നു കമ്പനിയുടെ
പ്രതിനിധി
അകത്തേയ്ക്ക് കടന്നു..

മരുന്നുകളുടെ പട്ടികയോടൊപ്പം
കുടുംബത്തോടെ
സിംഗപ്പൂര്‍ മലേഷ്യ
യാത്രയ്ക്കുള്ള
ടിക്കറ്റുമേല്‍പ്പിച്ച് ,
ടാര്‍ഗറ്റിന്‍റെ കാര്യം
ഒന്നു കൂടി ഓര്‍മിപ്പിച്ച് ,
വിജയീ ഭാവത്തോടെ
പുറത്തിറങ്ങിയ അയാള്‍
സഹതാപത്തോടെ
ഉപഭോക്തൃക്കൂട്ടത്തെ നോക്കി...

ഡോക്ടറെ കണ്ട് ,
കുറിപ്പടിയുമായി
മെഡിക്കല്‍ സ്റ്റോറിലേക്ക്
നടന്ന ഹതഭാഗ്യര്‍
സിംഗപ്പൂര്‍ യാത്രയുടെ
ചെലവിന്‍റെ  തിരിച്ചടവ്
തെറ്റാതെ നിര്‍വഹിച്ചു .

പരീക്ഷണ ശാലയിലെ
ഗിനിപ്പന്നികളെ നോക്കി
അങ്ങ് ദൂരെയിരുന്ന്
ഏകധ്രുവലോകത്തിന്‍റെ വക്താക്കള്‍
കുമ്പ കുലുക്കി ചിരിച്ചു..


- അജി ആലത്ത്.

2014 ജൂലൈ 21, തിങ്കളാഴ്‌ച

ഉ = ഉറി


മഹാനഗരത്തിലെ
നാലു ചുവരുകള്‍
ചേര്‍ത്ത കൂടുകളൊന്നില്‍
കുഞ്ഞിക്കിളിയെ
തായ്മൊഴി പഠിപ്പിക്കാന്‍
തീരുമാനിച്ചത്
അച്ഛന്‍ കിളിയാണ്..
പച്ചപ്പട്ട് പുതച്ച പാടങ്ങളും,
പറമ്പും,പനന്തത്തയും,
മഴപെയ്തു നനഞ്ഞ
നാട്ടുവഴികളും
സ്വപ്നം കണ്ട്
അച്ഛന്‍ കിളി
കുഞ്ഞിക്കിളിക്ക്
ചൊല്ലിക്കൊടുത്തു..
അ = അമ്മ
ആ = ആന.
പഠനം പുരോഗമിക്കേ ,
സംശയം തീര്‍ക്കാന്‍
കുഞ്ഞിക്കിളി
അടുക്കളയിലേക്കോടി
അമ്മക്കിളിയോട് ചോദിച്ചു,
ഉ= ഉറി .
ഉറിയെന്നാലെന്തമ്മേ ?
മോഡുലാർ കിച്ചണിൽ
പേരെഴുതിയൊട്ടിച്ച
പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന്
ചേരുവകളുമായി
ഗ്യാസ് റേഞ്ചിലേയ്ക്കും ,
വെന്തെരിഞ്ഞ് ,
പാത്രം കഴുകുന്നിടത്തേയ്ക്കും,
അവിടെ നിന്ന് വീണ്ടും
ഗ്യാസ് റേഞ്ചിലേയ്ക്കും
ഓടുന്നതിനിടയിൽ
ചോദ്യം കേട്ട്
അമ്മക്കിളി
ഒരു നിമിഷം
മുകളിലേക്ക് നോക്കി..
ഓലക്കീറിനിടയിലൂടെ
ഒലിച്ചിറങ്ങിയൊരു
സൂര്യരശ്മി
ഉറിയിലെ മണ്‍ചട്ടിയുടെ
വക്കിലൊരു
മഴവില്ല് തീര്‍ത്തതു കണ്ട്
കുഞ്ഞിക്കിളിയോട്
പറഞ്ഞു,
''ദാ ..
നോക്കു മോളെ, ഉറി ''
- അജി ആലത്ത്.

2014 ജൂലൈ 16, ബുധനാഴ്‌ച

ഊര്‍ജ്ജതന്ത്രം



സ്കൂളില്‍  പഠിക്കുമ്പോള്‍
ഗുരുത്വാകര്‍ഷണമെ-
ന്നാലെന്തെന്ന്
പറഞ്ഞതൊന്നും
മനസ്സിലായിരുന്നില്ല..

അകലാനെത്ര ശ്രമിച്ചാലും
അടുപ്പിക്കുന്ന,
അകലേയ്ക്കെത്ര പോയാലും
തിരികെ എത്തിക്കുന്ന,
കഴിവാണതെന്ന്
മനസ്സിലായത്
നിന്നെ പ്രണയിച്ചപ്പോഴാണ്..

കുറ്റിയില്‍  കെട്ടിയിട്ട
ഗോവിനെപ്പോലെ,
നീ കുറിച്ചിട്ട
വ്യാസാര്‍ദ്ധത്തില്‍
നിന്നെ
ചുറ്റിക്കൊണ്ടിരിക്കുമ്പോള്‍ ,
ഊര്‍ജ്ജതന്ത്രം
ഉദാഹരണസഹിതം
പഠിപ്പിക്കാനുള്ള  
നിന്‍റെ  കഴിവില്‍
ഞാന്‍  വിസ്മയം കൊള്ളുന്നു...

- അജി ആലത്ത്.  

2014 ജൂലൈ 8, ചൊവ്വാഴ്ച

ട്രപ്പീസില്‍ ജീവിക്കാന്‍ പഠിക്കാത്തവള്‍


ഉയരങ്ങളിലെ കുഞ്ഞു
ഊഞ്ഞാലുകളൊന്നില്‍
നിന്നിനിയൊന്നിലേക്കവ-
ളൂയലാടുമ്പോള്‍
ഹര്‍ഷാരവം കൂടാരത്തി-
ലുയര്‍ന്നിരുന്നു..

അവളുടെ മനസ്സില്‍
നിറഞ്ഞിരുന്നതോ ..
മുലപ്പാലിനായ് കേഴും
രണ്ടു കുഞ്ഞിക്കണ്ണുകളും..

കാലം പോകെ,
ആളില്ലാക്കസേരകള്‍ക്ക് മുന്നില്‍
ട്രപ്പീസാട്ടമിനിയുമധികം
നാളില്ലെന്ന തിരിച്ചറിവിലാ
അമ്മ മനസ്സ് ഭയന്നിരുന്നു..

അവസാനകളിയും കഴിഞ്ഞ് ,
തമ്പൊഴിഞ്ഞ നേരം,
തെരുവ് വിളക്കുകള്‍  കണ്ണ് ചിമ്മി
മയങ്ങാന്‍  തുടങ്ങിയ നേരം..
കള്ളച്ചിരിയുമായെത്തിയ
കമ്പനി മാനേജര്‍  ,
പുതിയ ലാവണത്തിന്
ഒത്താശ ചെയ്യാന്‍
സമ്മതം തേടിയപ്പോള്‍ ,
കൈ ഉയര്‍ത്തിയത്
അവളല്ല, അവളുടെ
ആത്മാഭിമാനമായിരുന്നു..

പുകയുന്ന കവിളത്ത്
കൈ ചേര്‍ത്ത്
നടന്നകന്ന അയാളുടെ
പുലമ്പലില്‍
പുലയാട്ടും
വെല്ലുവിളിയുമവള്‍  കേട്ടു ..

പിറ്റേന്ന്,
കൈയിലൊരു തുകല്‍  ബാഗും,
ഒക്കത്ത് കുഞ്ഞുമായി
കൂടാരം വിട്ടിറങ്ങേണ്ടി വന്നപ്പോള്‍
അവള്‍  കണ്ടു -

പ്രത്യയശാസ്ത്രം
ബലാത്സംഗം ചെയ്യപ്പെട്ട
നാട്ടിലെ സുന്ദരിമാരുടെ
നീണ്ട നിര ..
കവാടത്തില്‍
പുതിയ ഫ്ലക്സും ..
റഷ്യന്‍  സുന്ദരിമാരുടെ
ആകാശനൃത്തം ..
വരുവിന്‍ ..
ആസ്വദിക്കുവിന്‍  ..

- അജി ആലത്ത്.

2014 ജൂൺ 25, ബുധനാഴ്‌ച

വാഴ്ത്തപ്പെടും ..




ഞാനും നീയും
ഇല്ലാതായിക്കഴിഞ്ഞ്
പതിറ്റാണ്ടുകൾ
കഴിഞ്ഞിട്ടാകും
ലോകം
നമ്മുടെ പ്രണയം
കണ്ടെത്തുന്നത്..

അന്നും അതിൽ
ജീവൻറെ കണികകൾ
തുടിക്കുന്നത് കണ്ട്
അവർ വിസ്മയിക്കും..

അന്ന്,
നമ്മുടെ പ്രണയം
വിശുദ്ധമെന്ന്
വാഴ്ത്തപ്പെടും...

- അജി ആലത്ത്.

2014 ജൂൺ 17, ചൊവ്വാഴ്ച

ഓർമ്മപ്പെയ്ത്തിൽ ജ്വരം ബാധിക്കുമ്പോൾ..



ഇവിടെ,
ഇടമുറിയാതെ പെയ്യുന്ന
നിൻറെ
ഓർമ്മമഴയിൽ നനഞ്ഞ്
ഞാൻ
പനിച്ചിരിക്കുമ്പോൾ,
നീ,
പതിവ് പോലെ
ദിനചര്യകളിൽ മുഴുകി,
കൈത്തണ്ടയിലെ
സമയസൂചിയ്ക്കൊപ്പം
ഓടിക്കൊണ്ടിരിക്കുകയാവും...

തിരക്കിൽ നിന്നും
തിരക്കുകളിലേക്ക്
യാത്ര ചെയ്യുമ്പോൾ,
ബോധപൂർവമോ
അല്ലാതെയോ
എന്നെ
മറന്നേ പോയിരിക്കും.....

തിരക്കൊഴിഞ്ഞ്
രാത്രിയുടെ അന്ത്യയാമത്തിൽ
ഉണരാനുള്ള മണിയൊച്ചയ്ക്ക്
തൊട്ടു മുമ്പുള്ള
സുഖനിദ്രയിൽ ,
ഒരു തൂവൽസ്പർശം പോലെ,
ഹൃദയത്തെത്തൊടുന്നൊരു
മധുരസ്വപ്നം
നീ കാണുന്നുവെങ്കിൽ ,
അറിയുക
അത്,
നീ മറക്കാൻ ശ്രമിക്കുന്ന
എൻറെ ഓർമ്മകളാണ് ..

മറക്കാൻ ശ്രമിക്കുന്തോറും
കൂടുതൽ തീവ്രതയോടെ,
ജ്വരബാധയുടെ ഉന്മാദമായി
എന്നിലും,
പുലർകാല സ്വപ്നങ്ങളായി
നിന്നിലും,
ആ ഓർമ്മകൾ
പെയ്തുകൊണ്ടേയിരിക്കും..


- അജി ആലത്ത്.

2014 ജൂൺ 10, ചൊവ്വാഴ്ച

മറന്നു കൂടാത്തത്..



ഒരുമിച്ചൊരേ  ബഞ്ചി-
ലിരുന്നു പഠിച്ച പാഠങ്ങൾ
നമ്മൾ മറന്നിരിക്കാം...

കളിക്കൂട്ടുകാരുടെ മുന്നിൽ
കളിയാക്കി ചിരിച്ച മുഖങ്ങളു -
മോർമ്മയിൽ മാഞ്ഞിരിക്കാം..

പ്രിയസ്നേഹിതൻ
പെരുന്നാൾ പിറ്റേന്ന്
കൊണ്ടുത്തന്ന
നെയ്‌പലഹാരത്തിന്റെ
സ്വാദ് മാത്രം
നാവിൻ തുമ്പത്തിരിക്കുന്നു..

കണ്ടിട്ടില്ലാത്തൊരുമ്മ
അടുക്കളപ്പുകയിൽ മുങ്ങി
പൊതിഞ്ഞു കൊടുത്തയച്ച
സ്നേഹത്തിന്റെ ഓർമ്മ പോലും
കണ്ണുകളിൽ
പെരുമഴ പെയ്യിക്കുന്നു..


മനസുകളിലൊരു
നേർവര
വിഭജനം വരച്ച
വർത്തമാന കാലത്തിൽ,
സഹപാഠിയുടെ
സ്നേഹസ്മരണ
പങ്കു വച്ചതിനു
പകരമായി,
കഠാര പിന്നിലൊളിപ്പിച്ചൊരു
പുഞ്ചിരി
എതിരേ വരുന്നത്
നാം കാണാതെ പോകരുത്...

- അജി ആലത്ത് .

2014 ജൂൺ 5, വ്യാഴാഴ്‌ച

ശേഷം വെള്ളിത്തിരയിൽ..






നെട്ടയം ജയശ്രീയിൽ
അരക്കള്ളൻ മുക്കാൽകള്ളൻ
രണ്ടാം വാരം കളിക്കുന്ന
സമയത്താണ്
സഹദേവൻ കോണ്‍ട്രാക്ടരുടെ
മകൾ  രമണിക്ക് ,
പുറമ്പോക്ക് കോളനിയിലെ
പൊടിയന്റെ മകൻ
വിജയൻ ,
ആദ്യത്തെ പ്രേമലേഖനം
എഴുതിയത്..

മുല്ലപ്പൂം പല്ലിലോ ..
ഞാൻ മയങ്ങിയെന്ന്
ഈണത്തിൽ പാടി നടന്നിട്ടും
രമണിയുടെ
കടാക്ഷമുനയേൽക്കാഞ്ഞതിൽ
വിഷമിച്ച വിജയൻ
വീണ്ടും കത്തെഴുതി..

'അയോദ്ധ്യ' റിലീസ് ചെയ്ത
വെള്ളിയാഴ്ച
മാറ്റിനി കഴിഞ്ഞ്
രമണിയുടെ
കിളിവാതിലിൻ വെളിയിൽ നിന്നും
ഒരു മലരിതളോടൊപ്പം
അകത്തേക്കെറിഞ്ഞ
പ്രേമലേഖനം
രമണിയുടെ ചേച്ചി
സുധാമണി കൈപ്പറ്റുകയും
ശക്തമായൊരു
ത്രികോണപ്രേമം
സംവിധായക
നിർദ്ദേശങ്ങളില്ലാതെ തന്നെ
കൊഴുക്കുകയും ചെയ്തു.

ശേഷം വെള്ളിത്തിരയിലെന്ന്
രേഖപ്പെടുത്തിയ
കൊതിപ്പിക്കുന്ന
വർണ്ണക്കടലാസുകൾ
നെട്ടയം ജയശ്രീയുടെ
ടിക്കറ്റ് കൌണ്ടറിൽ
ആൾക്കൂട്ടം സൃഷ്ടിക്കുകയും
കസേരയുടെ മൂല്യം
എണ്‍പത് പൈസയിൽ നിന്നും
ഒരു രൂപയിലേക്ക്
ഉയരുകയും ചെയ്തു.

കമലഹാസന്റെ
മദനോത്സവം കണ്ട്
വിതുമ്പുന്ന മനസുമായി
പ്രേക്ഷകർ ഇറങ്ങിയ
ഒരു
സെക്കന്റ് ഷോയ്ക്ക്
ശേഷം,
ആളൊഴിഞ്ഞ
ഓലപ്പുരയുടെ
കഴുക്കോലിൽ
വിജയൻ
തൂങ്ങി നിന്നത്
സഹദേവൻ കോണ്‍ട്രാക്ടരുടെ
അറിവോടെയല്ലെന്ന്
ഇന്നും നാട്ടുകാർ
വിശ്വസിക്കുന്നു,
ഒരുൽഭയത്തോടെ ..

ശേഷഭാഗം
വെള്ളിത്തിരയിൽ
കണ്ടറിയാൻ
നെട്ടയം ജയശ്രീയോ ,
ആനപ്പാറ ഊക്കൻസോ,
പേരൂർക്കട ജനതയോ,
വളഞ്ഞമ്പലം ലക്ഷ്മണോ ,
മൂർക്കനിക്കര കവിതയോ
ഇന്നില്ലല്ലോ.. :(

- അജി ആലത്ത്.





2014 മേയ് 29, വ്യാഴാഴ്‌ച

പണി തീരാത്ത വീട്.



നിന്റെ
വീടിനു മുന്നിലെ
ഒഴിഞ്ഞ പറമ്പിൽ
ഞാനൊരു
വീട് പണിയും..

അതിൻറെ
ജാലകങ്ങൾ തുറക്കുന്നത്
നിന്റെ
മുറിയിലേക്കാവും..
എന്റെ ഹൃദയം
നിന്നിലേക്കും,
നിന്റെ മിഴികൾ
എന്നിലേക്കും
തുറക്കുന്നത് പോലെ...

നാം കണ്ട
സ്വപ്നങ്ങളിലെ
നൂൽഗോവണിയിലൂടെ
നിനക്ക് എന്നിലേക്കും
എനിക്ക് നിന്നിലേക്കും
കടന്നു വരാം..

നിന്റെ
മുല്ലപ്പന്തലിൽ നിന്നും
കൊഴിഞ്ഞു വീണ
പൂക്കൾ ശേഖരിച്ച്
മുല്ലപ്പൂക്കൾ വിരിഞ്ഞ
ആകാശച്ചോട്ടിൽ
നമുക്ക്
പുഷ്പശയ്യയൊരുക്കാം..

കൂട്ടുകാരീ,
നിന്റെ
വീടിനു മുന്നിലെ
ഒഴിഞ്ഞ പറമ്പിൽ
സ്വപ്നത്തിൽ
ഞാനൊരു
വീട് പണിതു..


മൗനമുറങ്ങുന്ന
മിഴികളോടെ,
സ്നേഹം
കവിഞ്ഞൊഴുകുന്ന
ഹൃദയത്തോടെ,
എന്നാണ്
നീയെന്റെ -
യരികിലെത്തുക ?

- അജി ആലത്ത്. 

2014 മേയ് 23, വെള്ളിയാഴ്‌ച

വേഴാമ്പലും നമ്മളും.



മഴയെ പ്രണയിച്ച്
കാത്തിരുന്ന
വേഴാമ്പൽ
മരിച്ചു വീണ നിമിഷം,
വേഴാമ്പലിൻറെ
ജഡത്തിൽ
കണ്ണുനീരായി
മഴത്തുള്ളികൾ
പൊഴിഞ്ഞു വീണു..

നമ്മുടെ പ്രണയപർവം
വ്യത്യസ്തമാകും ..

നിന്നെ പ്രണയിക്കുന്ന
ഞാൻ
മരിക്കുമ്പോൾ
നിന്റെ കണ്ണുകൾ
നിറയുകയാണെങ്കിൽ,
അടുത്ത നിമിഷം
ഞാനുയിർത്തെഴുന്നേൾക്കും ..
നിൻറെ കണ്ണുനീർ
തുടച്ചു മാറ്റാൻ...

- അജി ആലത്ത്.

2014 മേയ് 15, വ്യാഴാഴ്‌ച

എന്നിട്ടും അവർ ചിരിക്കുന്നു...


സമയം നോക്കാനവർക്ക്
കിളിക്കൊഞ്ചലുള്ള
ഘടികാരമില്ല..

സമയം നോക്കി പോകാനവർക്ക്
പള്ളിക്കൂടമോ
തൊഴിൽശാലയോ ഇല്ല..

ബുക്ക്‌ ചെയ്ത്
മാസങ്ങൾ കഴിഞ്ഞിട്ടുമെത്താത്ത
ഗ്യാസ് സിലിണ്ടറിനായുള്ള
കാത്തിരിപ്പില്ല ..

തിയതി തെറ്റാതെ
പണമടയ്ക്കാൻ
ക്രെഡിറ്റ് കാർഡോ
വൈദ്യുതി ബില്ലോ ഇല്ല...

ബർഗറും പിസ്സയും
മഞ്ചൂറിയനും
ഒരിക്കൽ പോലുമവർ
രുചിച്ചിട്ടേയില്ല ..

ഐസ്ക്രീം പാർലറും
അമ്യൂസ്മെന്റ് പാർക്കു-
മെന്തെന്നു പോലു -
മവർക്കറിയില്ല ..

ഈ കുഞ്ഞിപ്പെണ്ണിനൊരു
സിനിമ കാണാൻ മോഹമോ,
അയാൾക്കവളെ കൊണ്ടുപോകാൻ
കഴിവോ ഇല്ല..

എന്നിട്ടും അവർ ചിരിക്കുന്നു...

സുഹൃത്തേ..
ടെലിവിഷൻ
ആവർത്തിച്ചു തുപ്പുന്ന
'ഹാസ്യ' വമനം
കണ്ടിട്ടല്ലാതെ ,
മനസ്സറിഞ്ഞ്
നമ്മളൊന്ന്
ചിരിച്ചിട്ട്
നാളെത്രയായി?

- അജി ആലത്ത്.

2014 മേയ് 5, തിങ്കളാഴ്‌ച

അജ്നബി ബൻ ജായേ ...



ജനുവരിയുടെ
കുളിരിൽ കുതിർന്ന
കടൽക്കരയിലെ
സന്ധ്യ.

ചുടുകാപ്പി മൊത്തി-
ക്കുടിക്കുന്ന നിൻറെ
ചുണ്ടിലും കവിളിലും
അസ്തമയസൂര്യരശ്മികൾ
സ്വർണ്ണനൂലുകൊണ്ടൊരു
സ്വപ്നം നെയ്തെടുത്തൊരാ
സന്ധ്യ..

മറക്കാനൊരിക്കലും
കഴിയാത്തൊരാ
സന്ധ്യ..

കടൽക്കാറ്റിലിളകിയ നിൻ
കുരുനിരകളെന്നോട്
ചൊല്ലിയത്
യാത്രാമൊഴിയായിരുന്നെന്നോ ...

കടൽക്കരയിലെ
കോഫീ ഹൗസിന്റെ
പശ്ചാത്തലത്തിൽ
മഹേന്ദ്രകപൂർ
'' വീണ്ടും നാം അപരിചിതരായി '' - ***
യെന്നീണത്തിൽ പറഞ്ഞതും
നമ്മോടായിരുന്നെന്നോ ...

പരിചിതമായൊരീ
വഴിത്താരയില -
പരിചിതരായി നാം യാത്ര
തുടരുമ്പോഴും സഖീ,
നിന്നെയോർത്തെൻ മനം
തുടിക്കുന്നതും,
മിഴിയീറനണിയുന്നതും
നീയറിയുന്നുവോ...

- അജി ആലത്ത്.


*** - മഹേന്ദ്രകപൂർ ആലപിച്ച,  ''ചലോ ഏക്‌ ബാർ ഫിർ സേ  അജ്നബി ബൻ ജായെ ഹം ദോനോം''  എന്ന ഗാനം