പണ്ടു മുതലേ
ഈ കാക്കകൾക്ക്
സദാചാരബോധം
തീരെയില്ല.
ഓല കൊണ്ട് മറച്ച
കുളിമുറിയുടെ പിന്നിലെ
മുരിങ്ങയിൽ വന്നിരുന്ന്
ഓട്ടക്കണ്ണിട്ട് നോക്കും..
കുളക്കടവിൽ ചെന്നിരിക്കും..
പുടവകൾക്ക് പകരം
പാതിമുറിച്ച
ലൈഫ് ബോയ് സോപ്പിൻറെ കട്ട
റാഞ്ചിക്കൊണ്ടു പോകും...
കാലം മാറിയെങ്കിലും
പഴയൊരോർമ്മയിൽ
കുളിമുറിയുടെ വെൻറ്റിലേറ്ററിലൂടെ
എത്തി നോക്കിയ കാക്ക
'ഡവ്' സോപ്പിൻറെ വെണ്മയിലും
അതിലും വെളുത്ത
വെണ്ണക്കൽമേനിയിലും
മയങ്ങിയിരിക്കുമ്പോഴാണ്
സദാചാരക്കാക്കകൾ
പറന്നെത്തിയത് ...
ടെറസ്സിൽ ഉണക്കാനിട്ട
നാളികേരത്തിന്
കാവലിരിക്കുന്ന
സുബൈദാത്തയെ
തുറിച്ചു നോക്കുന്ന
രണ്ട് കാക്കച്ചിറകുകളാണ്
പിന്നീട് കണ്ടത്..
ചത്തിട്ടും
സദാചാരബോധമില്ലാത്ത കാക്ക..
- അജി ആലത്ത് .