2013 ഏപ്രിൽ 26, വെള്ളിയാഴ്‌ച

പൂരപ്പറമ്പിലെ കാക്ക പറഞ്ഞത്



പൂരപ്പിറ്റേന്ന് പത്തൻസിൻറെ * പിന്നിലെ 
എച്ചിൽ കൂനയ്ക്കരികിൽ 
ഒന്നും തിന്നാതെ,
കണ്ണീരൊലിപ്പിച്ചൊരു കാക്ക,

എച്ചിൽ കൂടയിൽ നിന്നും 
പുറത്തു ചിതറിയ മുട്ടത്തോടുകളിലേക്ക് 
തല ചെരിച്ചു നോക്കി,
യുറക്കെയൊന്നു കരഞ്ഞു -

പൂരപ്പറമ്പിലെ മരത്തിൽ 
കൂട് കെട്ടുമ്പോൾ,
പൂരമെന്നെന്ന് 
അറിഞ്ഞിരുന്നില്ല .. 

മുട്ടയ്ക്ക്,നെഞ്ചിലെ 
ചൂട് പകരുമ്പോൾ,
വെടി  മരുന്നിൻറെ 
ചൂട് വരുമെന്നുമറിഞ്ഞില്ല 

പുലർകാല സ്വപ്നത്തിൽ 
കാട്ടുതീയാളി പ്പടർന്നത്‌ ,
ജരിത**യോട് കുഞ്ഞുങ്ങൾ പറഞ്ഞത്,
മുട്ടക്കുഞ്ഞുങ്ങൾ തന്നോട് പറഞ്ഞതും,
പൂരപ്പറമ്പ് കത്തിയമർന്നതും ,
ഞെട്ടിയുണർന്നു , വെടിപ്പുകയിലേക്ക് 
ദിക്കറിയാതെ പറന്നതും ,

നിങ്ങൾ അറിയണം .. 
ഇന്നത്തെയെൻറെ നഷ്ടം, നാളെ,
നിങ്ങളുടേതാകാതിരിക്കാൻ ... 
നിങ്ങൾ എഴുതണം ... 


* പത്തൻസ്  - തൃശൂർ നഗരത്തിലെ പ്രസിദ്ധമായ  ഹോട്ടൽ 

**  ജരിത - 'കാട്ടുതീയിൽ പെട്ട കുടുംബ'ത്തിലെ അമ്മപ്പക്ഷി 

- അജി ആലത്ത് . 

2013 ഏപ്രിൽ 17, ബുധനാഴ്‌ച

അതിക്രമിച്ചു കടക്കുന്നവർ


പടിയടച്ചു പിണ്ഡം വച്ചിട്ടും,
ചാണകവെള്ളം തളിച്ച് 
ശുദ്ധി വരുത്തിയിട്ടും,
വാതിൽ താഴിട്ടു പൂട്ടിയിട്ടും,

കുറുമ്പൻ ഉണ്ണിയെപ്പോലെ, മനം
കുളിരും നിലാവ് പോലെ, നെഞ്ചിൽ
കുരുങ്ങും തേങ്ങൽ പോലെ,
പിന്തുടരുന്ന ഓർമ്മകൾ .

- അജി ആലത്ത്

2013 ഏപ്രിൽ 4, വ്യാഴാഴ്‌ച

പൊറ്റെക്കാട് മുകുന്ദനോട്



പ്രവാസത്തിൻറെ ബാക്കിപത്രം 
എഴുതാനിരുന്ന 
മുകുന്ദൻറെ മുന്നിലേക്ക്‌ 
നിറചിരിയോടെ 
പൊറ്റെക്കാട് 

ഇന്നത്തെ കുട്ടികൾ 
യാത്ര ചെയ്യാറില്ലേ മുകുന്ദാ 

ഉവ്വല്ലോ..
കിടക്കയിൽ ചെരിഞ്ഞിരുന്ന് ,
ഇല്ലെങ്കിൽ
കസേരയിൽ ചാഞ്ഞിരുന്ന് ,
കൈവിരലുകൾ മാത്രം 
ചലിപ്പിച്ച്‌ ,
ലോകം മുഴുവൻ പോകാറുണ്ട്,
പാസ്പോർട്ടില്ലാതെ ,
വിസയില്ലാതെ..

കടം വാങ്ങിയ കാശും,
തോസഞ്ചിയിൽ 
യാത്രാ രേഖകളും,
കാലിൽ തേഞ്ഞ ചെരിപ്പുമായി 
ലോക സഞ്ചാരി 
തിരിഞ്ഞു  നടന്നു...

- അജി ആലത്ത് 

2013 ഏപ്രിൽ 3, ബുധനാഴ്‌ച

എം ബി എ




നാലു സെന്റും പുരയും 
കടലാസിൽ പൊതിഞ്ഞ് 
ബാങ്ക് മാനേജർക്ക് 
കാണിക്കയിട്ട് ,
നാലു ലക്ഷം വായ്പ 
മകന് 
എം ബി എ പഠിക്കാൻ.

മകളുടെ വളയും 
ഭാര്യയുടെ താലിയും 
സ്വർണക്കടയുടെ മാജിക്കിൽ 
മകന് 
ലാപ്ടോപ്പായി മാറി .

നാലു  സെന്റിലെ
യൊറ്റമാവിൽ പടർന്ന 
കുരുമുളകു വള്ളികൾ 
മകന് 
യൂണിഫോമും  ടൈയും 
തുന്നിക്കൊടുത്തു .


പ്രതീക്ഷയുടെ വിമാനത്തിൽ 
പ്രകാശ വേഗതയിൽ 
രണ്ടു വർഷം കടന്നു പോകുകയും 
മകൻറെ ഫയലിൽ 
എം ബി എ ബിരുദം 
ലാമിനേറ്റ് ചെയ്യപ്പെടുകയും 

സൂര്യതാപത്തിൽ 
പുസ്തകച്ചുമടുമായി 
വീടു  വീടാന്തരം 
എംബിയെക്കാരൻ മകൻ 
മാർക്കറ്റിംഗ് ഭിക്ഷാടനം 
തുടങ്ങുകയും ചെയ്തു..

തിരിച്ചടവിൻറെ 
തിയതികൾ തെറ്റിയതും 
വായ്പ വീടും പറമ്പും 
വിഴുങ്ങിയതും 
രെജിസ്റ്റേഡ് തപാലിലാണ്
 അറിയിക്കപ്പെട്ടത്‌.

പിറ്റേന്ന്,
വീടിൻറെ നടുമുറിയിൽ 
രണ്ടും,
ഒറ്റമാവിൻറെ ശിഖരത്തിൽ 
രണ്ടും ശരീരങ്ങൾ 
തിരിച്ചടവിന് കാത്തു കിടന്നു..

- അജി ആലത്ത്