2014 ഡിസംബർ 31, ബുധനാഴ്‌ച

ക്ഷണിക്കാതെ എത്തുന്നവ -



ചില ഗന്ധങ്ങൾ
അങ്ങനെയാണ്..

മറന്ന് ,മണ്ണടിഞ്ഞു
എന്നു കരുതുമെങ്കിലും
ചില സമയങ്ങളിൽ
അറിയാതെ കടന്നു വരും,

മറവിയുടെ കാണാ-
മറയത്തെവിടെ നിന്നോ
സൗരഭ്യം നിറഞ്ഞ
ജീവിത നിമിഷങ്ങൾ
ഓർമയുടെ വെള്ളിത്തിരയിൽ
തെളിയിച്ച് കടന്നു പോകും.

നഷ്ടപ്രണയവും
അങ്ങനെതന്നെ..

മരിച്ച് , മണ്ണടിഞ്ഞു
എന്ന് കരുതുമെങ്കിലും
ചില നിമിഷങ്ങളിൽ
അറിയാതെ കടന്നു വരും..

വേദനയുടെ നിലയില്ലാ-
ക്കയങ്ങളിലെവിടെയോ
നിർവൃതിയുടെ പുളകം
ചാർത്തി,
സൗന്ദര്യം വഴിയുന്നൊരു
സ്വപ്നം
ഓർമയിൽ അവശേഷിപ്പിച്ച്
കടന്നു പോകും..

- അജി ആലത്ത്.  

2014 ഡിസംബർ 11, വ്യാഴാഴ്‌ച

അടച്ചിട്ട ജാലകങ്ങൾ




മുറിയിൽ
ശീതീകരണയന്ത്രം
സ്ഥാപിച്ച ശേഷം
ജനാലകളൊരിക്കലും
തുറക്കാനവൻ
അനുവദിച്ചിട്ടില്ല..

അയൽവീടുകളിലെ
ശബ്ദങ്ങളിപ്പോൾ
അവരുടെ സ്വകാര്യതയെ
കടന്നാക്രമിക്കാറേയില്ല ..

മാലിന്യങ്ങളുടെയും
വൃത്തികേടുകളുടെയും
സഹജീവികളുടെയും
ദുർഗന്ധത്തിനവിടെ
പ്രവേശനാനുമതിയുമില്ല..

കൃത്രിമമെന്ന് തോന്നുക
പോലും ചെയ്യാത്ത ,
കേട്ടു പോലും
പരിചയമില്ലാത്ത
സുഗന്ധതരംഗങ്ങൾ
വാതാനുകൂലിത കിടക്കറയിൽ
ഒഴുകി നടക്കുന്നുണ്ട്..

മഴ
പെയ്തുകൊണ്ടിരുന്ന
ഒരു രാത്രി,
അടച്ചിട്ട ജാലകത്തിൻറെ
സ്ഫടികപ്പാളിയിൽ
പഴയൊരു സ്നേഹത്തിൻറെ
ചൂട്ടും മിന്നിച്ചൊരു
മിന്നാമിനുങ്ങെത്തിയത്
ഓർമകളുടെ രജതപേടകം
തുറന്നു തരാനായിരുന്നു..

ജാലകവാതിൽ
മലർക്കെത്തുറക്കെ,
അടച്ചിട്ട മനസ്സിൻറെ
ദുർഗന്ധമാകെയും
പുറത്തേക്കു വമിക്കുന്നതും ,
നിലാമഴയിലെങ്ങോ വിരിഞ്ഞ
പാതിരാപ്പൂവിൻറെ
നറുമണമുള്ളിൽ
നിറയുന്നതുമവളനുഭവിച്ചു..


നീണ്ടുകിടന്ന ടാറിട്ട റോഡ്
നിലാവെളിച്ചത്തിൽ
ചെമ്മണ്‍  പാതയായ്
പുനർജ്ജനിക്കുന്നതും,
നഷ്ടപ്രണയത്തിൻറെ
ലഹരി നിറച്ച്
മുല്ലമൊട്ടുകൾ വിടരുന്നതും
അവളറിഞ്ഞു..


ഈറൻ മുടിയിൽ
തുളസിക്കതിരുമായ് ,
കരളു കുളിരെ
കേൾക്കാൻ കൊതിച്ച
നാട്ടുവഴിയിലെ  പദനിസ്വനം
കാത്തിരുന്ന
കൗമാര സ്വപ്നങ്ങളിലേക്ക്
കണ്ണ് തുറന്നപ്പോൾ ,
പണ്ടെന്നോ കേട്ടു മറന്ന
പഴയൊരാ പാട്ടോർമ്മയിലവൾ
കരഞ്ഞുകൊണ്ട് പാടി -

അടച്ചിട്ട  ജാലകങ്ങൾ
തുറന്നോട്ടെ...



- അജി ആലത്ത്.

2014 ഡിസംബർ 9, ചൊവ്വാഴ്ച

ഒപ്പ്



പേരെഴുതിയടിയിലൊരു
വരയുമായാരംഭിച്ചതാണ് ..

ഭംഗി പോരെന്ന തോന്നലിൽ
രീതി മാറ്റി, ശൈലി മാറ്റിയനന്യ-
മായൊരൊപ്പ് സ്വന്തമാക്കി-
യഭിമാനിയായ് മാറി ഞാൻ.

കാലം പോകെ, കൈത്തഴക്കത്താലെഴു-
ത്തിൻറെയാകൃതിയും മാറിപ്പോകെ
കൈയൊപ്പു ചേരുന്നില്ലയെന്ന
സ്പഷ്ടീകരണവുമായ്
മടങ്ങിയെത്തിയ ചെക്ക്
തെല്ലും വേദനിപ്പിച്ചില്ലയെങ്കിലും ,

നിൻറെ ഹൃദയത്തിലേക്കയച്ച
നിവേദനത്തിലെയൊപ്പ്
തിരിച്ചറിഞ്ഞേയില്ലെന്ന
വൈകിയ കുറ്റസമ്മതം ,
പിളർക്കുന്നതെൻറെ
ഹൃദയം തന്നെയാണ്, തോഴീ..


- അജി ആലത്ത്.

2014 ഡിസംബർ 3, ബുധനാഴ്‌ച

അവസ്ഥാന്തരങ്ങൾ -


അതിർത്തിത്തർക്കം
തീർക്കാനെത്തിയ മദ്ധ്യസ്ഥൻ
അവകാശത്തിനു വേണ്ടി
അന്യായം ബോധിപ്പിച്ച് ,
ഓഹരിയുടമസ്ഥതയ്ക്ക്
വിധി സമ്പാദിക്കുമ്പോൾ
യഥാർത്ഥ അവകാശിയുടെ
നെടുവീർപ്പ് പോലെയൊരു
വരണ്ട കാറ്റ് വീശുന്നുണ്ട്..

ഉഭയകക്ഷി ചർച്ചയിൽ
കൈവിട്ടു പോയ പാടശിഷ്ടങ്ങളിൽ
ഇഷ്ടിക വേവുന്ന  ഗോപുരങ്ങൾ
പുകവലിച്ച് ലഹരി നുകരുന്ന കാഴ്ച
കലങ്ങിയ കണ്ണിൽ നീറ്റലാകുമ്പോൾ
മുളങ്കാടിൻറെ തേങ്ങലും വഹിച്ചൊരു
നേർത്ത കാറ്റ് വീശുന്നുണ്ട്..

പാമ്പിൻകാവിൻറെ
ഹരിതവിശാലതയ്ക്ക്
നൊമ്പരസ്മരണയേകി
സിമൻറ്ബിംബങ്ങളായ്
പ്രതിഷ്ഠിക്കപ്പെട്ട നാഗങ്ങൾ
നൂറും പാലും  കാത്തിരിക്കുമ്പോൾ ,
കാരണവന്മാരുടെ നിശ്വാസങ്ങൾ
തറവാടിൻറെയസ്ഥിവാരമിളക്കുന്നൊരു
കൊടുങ്കാറ്റായി രൂപം മാറുന്നുണ്ട്..

- അജി ആലത്ത്.