2013 നവംബർ 15, വെള്ളിയാഴ്‌ച

കമ്പോള നിലവാരം



രാജകുമാര ( വയോധിക ? ) ന്റെയും
പത്നിയുടെയും
നഗരസന്ദർശനത്തിനിടയ്ക്കാണ്
അത് സംഭവിച്ചത് ,,

ജൂതത്തെരുവിലെ ,
സുഗന്ധ ദ്രവ്യങ്ങൾ
വിൽക്കുന്ന കടയിലേക്ക്
കടന്നു ചെന്ന
രാജവയോധികൻ
വിൽപനയ്ക്ക് വച്ചിരുന്ന
ഏലത്തിന്റെയും ഗ്രാമ്പൂവിന്റെയും
തുറന്ന ചാക്കിന് മുകളിൽ
ഇരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു ..

സന്ദർശനശേഷം,
വിൽപനക്കാരൻ
വിലസൂചിക
ഇങ്ങനെ തിരുത്തി..

ഗ്രാമ്പൂ കിലോ 460 രൂപ എന്നത് 855
ഏലം കിലോ 2420 രൂപ എന്നത് 3850

- അജി ആലത്ത് .

2013 നവംബർ 4, തിങ്കളാഴ്‌ച

കക്കോടി മുക്കിലെ ആൽമരം പറഞ്ഞത് -



ഒൻപതേ കാലിനു ഇവിടെ വന്ന്
ഒൻപതരയ്ക്കു തിരിച്ചു പോകുന്ന
എൻ .കെ .പി മോട്ടോർസിൻറെ
ബസ്സിൽ
1983 ജനുവരി 27 ന്
കയറിപ്പോയ
സുഷമ എന്ന പെണ്‍കുട്ടി
ഇനിയും
തിരിച്ചെത്തിയിട്ടില്ല.

ഇന്നലെ,
ഭ്രാന്താസ്പത്രിയിൽ നിന്നും
മോചിതയായി
അവളുടെ അമ്മ
ഇവിടെ
ബസ്സിറങ്ങി.

ഇന്ന്,
അവളുടെ അനുജത്തിയുടെ മകൾ
ലച്ചു എന്ന ലക്ഷ്മി
അതേ ബസ്സിൽ
മൊബൈൽ ഫോണ്‍ ചെവിയിൽ ചേർത്ത്
യാത്ര തിരിക്കുമ്പോൾ,
അരുതേ എന്ന്
കുഞ്ഞിലകൾ
കൈ വീശി പറഞ്ഞത്
അവൾ
കണ്ടിരിക്കാൻ ഇടയില്ല...

- അജി ആലത്ത് .