2014 മാർച്ച് 17, തിങ്കളാഴ്‌ച

ഗബ്രിയേൽ ഗാർസിയ മാർകേസ് അറിയുന്നതിന്..



പ്രിയപ്പെട്ട മാർകേസ് ,
പ്രണയച്ചൂടിൽ ഉരുകിയ
അറീലിയാനോ ബുവന്ദിയയ്ക്ക്
ഏകാന്തത,
നൂറു വർഷങ്ങൾ
സമ്മാനിച്ചപ്പോൾ
പ്രണയം,
ഏകാന്തതയുടെ
എത്രയോ യുഗങ്ങളാണ്
എനിക്ക്
ദാനം തന്നതെന്ന്
അങ്ങേയ്ക്കറിയുമോ..

ഓരോ തവണയും
അവൾ
യാത്ര പറഞ്ഞകലുമ്പോൾ
ഏകാന്തത
എനിക്ക്
കൂട്ടിനായെത്തുന്നു..

പ്രിയപ്പെട്ട മാർകേസ് ,
മക്കൊണ്ടോയിൽ
ഇനിയും
കൊടുങ്കാറ്റ് വീശിയേക്കാം ..
നഗരങ്ങളെ വിഴുങ്ങി മഹാ-
സാഗരങ്ങൾ സംഹാര-
നൃത്തം തുടർന്നേക്കാം ..
പ്രളയത്തിൽ
ഒറ്റപ്പെട്ട ദ്വീപിൽ
ഒറ്റയ്ക്കിരുന്ന് ,
അവളില്ലാതെ
അവളോട്‌
സല്ലപിക്കുമ്പോൾ,
ആ ഏകാന്തതയിൽ
നിറഞ്ഞു നിൽക്കുന്നത്
അവൾ തന്നെയാണെന്ന്
ഞാൻ അറിയുന്നു..

പ്രിയപ്പെട്ട മാർകേസ് ,
മറവിയുടെ
മഞ്ഞു മൂടിയ
ചില്ലു ജാലകങ്ങളിൽക്കൂടി,
കാഴ്ച മങ്ങിയ
കഴിഞ്ഞ കാലത്തിലേക്ക്
നോക്കുമ്പോൾ,
അങ്ങറിയുന്നുവോ,
ഏകാന്തതയുടെ
നൂറു യുഗങ്ങൾ
നമുക്കായി
ഇനിയും
കാത്തിരിക്കുന്നുവെന്ന്...

- അജി ആലത്ത്.

2014 മാർച്ച് 14, വെള്ളിയാഴ്‌ച

ഭൂതത്തിനും ഭാവിക്കുമിടയിലെ വർത്തമാനം






കുത്തബ്മീനാറിന്റെ
ദൂരദൃശ്യം ഓർമ്മിപ്പിക്കുന്ന
പുകക്കുഴലിനു കീഴെ
ഓട്ടുകമ്പനി
കാടുപിടിച്ചു കിടന്നു..

ചങ്ങല ചുറ്റി
താഴിട്ടു പൂട്ടിയ
ഗേറ്റിനു മുന്നിൽ
പേരക്കുട്ടിയുടെ കൈ പിടിച്ച്
കുമാരേട്ടൻ
ഭൂതകാലത്തിലേക്ക് നടന്നു..

ഉച്ചയൂണിന്റെ സൈറണ്‍
മുഴങ്ങുമ്പോഴേക്കും
പാടത്തെ പണി നിർത്തിവച്ച്
ചോറുപാത്രവുമായി
ദേവകിയേച്ചി
ഓടിയെത്തി..

അഞ്ചുമണിയുടെ സൈറണിൽ
ചെങ്കൊടിത്തോരണങ്ങളാൽ
അലങ്കരിക്കപ്പെട്ട
കമ്പനിമുറ്റത്ത്
കുമാരേട്ടന്റെ മുദ്രാവാക്യം
സാന്ധ്യമേഘങ്ങളുടെ
മുഖാവരണം
കൂടുതൽ ചുവപ്പിച്ചു..

സൈറണുകൾ മുഴങ്ങാത്ത
വർത്തമാനകാലത്തിൽ
മുത്തച്ഛന്റെ കണ്ണിലെ നനവ്
പേരക്കുട്ടിയുടെ കണ്ണിൽ
ചോദ്യചിഹ്നമുയർത്തി ..

നാലു വ്യാഴവട്ടങ്ങൾക്കിപ്പുറത്ത്
ഗതകാലസ്മരണകളുടെ
നിഴൽരൂപമായി
കുമാരേട്ടൻ നിൽക്കുമ്പോൾ ,
പഞ്ചനക്ഷത്ര ഭാവികാലം
പടിഞ്ഞാറേ മാനത്ത്
കഴുകൻ കണ്ണുമായി
വട്ടം ചുറ്റി പറക്കുന്നുണ്ടായിരുന്നു..

- അജി ആലത്ത്.


2014 മാർച്ച് 11, ചൊവ്വാഴ്ച

വേണ്ടത്..



എനിക്ക്
നിന്നെ
താലി കെട്ടണ്ട..

സീമന്ത രേഖയിൽ
സിന്ദൂരക്കുറി
എനിക്കായ് നീ
ചാർത്തിടേണ്ട ..

എൻറെ
പേര് പതിപ്പിച്ച
സ്വർണ്ണവളയം
മോതിരവിരലിൽ
നീ അണിയേണ്ട.

അധികാര ചിഹ്നങ്ങളൊന്നും
നിന്റെ മേൽ
എനിക്ക്
വേണ്ടേ വേണ്ട..

വേണം..
നിൻറെ
ഉള്ളിന്റെയുള്ളിൽ
എനിക്കായി
ആറടിമണ്ണ്..

-അജി ആലത്ത്.

2014 മാർച്ച് 5, ബുധനാഴ്‌ച

ഗോകുലബാല്യം.



താഴത്തും കാവ്
ഭഗവതി ക്ഷേത്രത്തിലെ
താലപ്പൊലി മഹോത്സവത്തിന്
അവതരിപ്പിക്കുന്ന
ഗോകുലബാല്യം
നൃത്ത നാടകത്തിലെ
ഉണ്ണിക്കണ്ണൻ,
പൂതനയുടെ അച്ഛൻ
ഡോക്ടർ സത്യപ്രകാശ്
കൊണ്ട് വന്ന
കുർകുറെ പാക്കറ്റ് കണ്ട്
വെള്ളമിറക്കി...

ഒരെണ്ണം പോലും കിട്ടാത്ത
പരിഭവത്തിൽ
കണ്ണന്റെ കണ്ണീർ
മേക്കപ്പ്‌ ഫൌണ്ടേഷനിൽ
സമാന്തരരേഖ വരച്ചു..

ഉത്സവക്കമ്മറ്റിക്കാരുടെ
ഉഴുന്നുവടയും ചായയും
കംസനും കണ്ണൻറെ തോഴിമാരും
പങ്കിട്ടെടുത്തു..

വർണ്ണ ക്കടലാസൊട്ടിച്ച
ഓടക്കുഴൽ വലിച്ചെറിഞ്ഞ്
കണ്ണൻ,
അമ്മയുടെ ഒഴിഞ്ഞ  പഴ്സിലെ
അച്ഛൻറെ ഫോട്ടോയോട് പറഞ്ഞു...
'' എനിച്ച് ഡാൻസ് കളിച്ചണ്ടച്ചാ ''

- അജി ആലത്ത്.

2014 മാർച്ച് 3, തിങ്കളാഴ്‌ച

പ്രണയിനിയ്ക്ക് ...



നമുക്ക്,
ഇനിയൊരു യാത്ര പോകാം...
നീ സ്വപ്നം കണ്ടത് പോലെ
ഒരു ചെറിയ യാത്ര..
പിന്നെ,
ഞാൻ കൊതിച്ചത് പോലെ
ഒരു വലിയ യാത്ര..

മഞ്ഞു പെയ്യുന്ന താഴ്വരയിലെ
കാനനപ്പാതയിൽ
കൈ കോർത്ത് നടക്കാം..
ദേവദാരുച്ചുവട്ടിൽ
കുളിരിന്റെ വജ്രസൂചികൾക്ക്
പ്രണയത്തിൻറെ ചൂടിനാലൊരു
കവചം തീർക്കാം

ഇരുണ്ട ആഫ്രിക്കയുടെ
തിളങ്ങുന്ന ചരിത്രം തേടി
യാത്ര തുടരാം..
ബുധാഗലിയിൽ
ഒരലർച്ചയോടെ
നൈൽ
ഒഴുകിത്തുടങ്ങുന്നതിന്
സാക്ഷ്യപ്പെടാം..

മാച്ചുപിക്ച്ചുവിന്റെ
ഉയരങ്ങളിൽ നിന്ന്
ആൻഡിസ് വനനിബിഡതയിലേക്ക്
മുങ്ങാംകുഴിയിടാം..
നിലാവുറങ്ങുന്നത് വരെ
പ്രേമം  പങ്കുവെക്കാം..

അങ്ങനെ,
നേപ്പിൾസും പോംപെയും കടന്ന്
വെസൂവിയസിന്റെ
ലാവയൊഴുക്കിൽ
കരിഞ്ഞൊടുങ്ങിയ   നഗരത്തിൽ
നാം നിൽക്കും ..
അതേ ..
അതു  തന്നെയാണ്
മണ്ണടിഞ്ഞ പ്രണയത്തിന്റെ
ഉപഹാര സമർപ്പണത്തിന്
ഉചിതമായ രംഗം..

അവിടെ വച്ച് ,
നിനക്കേറ്റവും പ്രിയപ്പെട്ട
മുല്ലപ്പൂമാല
ഞാൻ മുടിയിലണിയിക്കും..
ആ നിമിഷം,
നിന്റെ ചെഞ്ചുണ്ടിൽ
വിടരുന്ന
മുല്ലപ്പൂമൊട്ടുകൾ
പിന്നെ,
എന്നും
എനിക്ക് സ്വന്തം...

- അജി ആലത്ത്.