ഒൻപതേ കാലിനു ഇവിടെ വന്ന്
ഒൻപതരയ്ക്കു തിരിച്ചു പോകുന്ന
എൻ .കെ .പി മോട്ടോർസിൻറെ
ബസ്സിൽ
1983 ജനുവരി 27 ന്
കയറിപ്പോയ
സുഷമ എന്ന പെണ്‍കുട്ടി
ഇനിയും
തിരിച്ചെത്തിയിട്ടില്ല.
ഇന്നലെ,
ഭ്രാന്താസ്പത്രിയിൽ നിന്നും
മോചിതയായി
അവളുടെ അമ്മ
ഇവിടെ
ബസ്സിറങ്ങി.
ഇന്ന്,
അവളുടെ അനുജത്തിയുടെ മകൾ
ലച്ചു എന്ന ലക്ഷ്മി
അതേ ബസ്സിൽ
മൊബൈൽ ഫോണ്‍ ചെവിയിൽ ചേർത്ത്
യാത്ര തിരിക്കുമ്പോൾ,
അരുതേ എന്ന്
കുഞ്ഞിലകൾ
കൈ വീശി പറഞ്ഞത്
അവൾ
കണ്ടിരിക്കാൻ ഇടയില്ല...
- അജി ആലത്ത് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ