2016 ഫെബ്രുവരി 17, ബുധനാഴ്‌ച

1994 ഒക്ടോബർ 24


താപ്തിനദിയെ
ഇന്നലെ പെയ്ത മഴ
നാണം കുണുങ്ങിയായ 
ലാവണ്യവതിയാക്കി..
പ്രിയതമൻറെ -
യരുകിലേക്കവൾ
ധൃതിയിലൊഴുകി ..
മുകളിൽ ,
ഭുസാവലിൻറെ
ഹൃദയഭാഗത്തെ
ഇരുമ്പു പാലത്തിൽ
പ്രണയിനിക്ക്
കത്തെഴുതാനിരുന്ന
യുവാവിൽ നിന്നും
ഇന്നിലേക്കുള്ള
ദൂരമാണ്
നമ്മുടെ ജീവിതകഥ.
താപ്തിക്ക്
പിന്നിലേക്കൊഴുകാനാവില്ല..
അന്നു തപാൽപ്പെട്ടിയിൽ
വീഴാത്ത കത്തിന്
ഇന്ന് പ്രസക്തിയുമില്ല..
പിന്നിലേക്കൊഴുകാൻ
കഴിയുന്നത് ,
ഓർമ്മകൾക്കു മാത്രം..
ഓളങ്ങളിൽ തെളിയുന്ന
ഓർമ്മകളെ താലോലിച്ച്,
നരച്ചു തുടങ്ങിയ
മുടിയിഴകളൊതുക്കി
അന്നത്തെ യുവാവ്‌ ,
കവിത കുറിക്കുന്നു..
- അജി ആലത്ത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ