കുത്തബ്മീനാറിന്റെ
ദൂരദൃശ്യം
ഓർമ്മിപ്പിക്കുന്ന
പുകക്കുഴലിനു
കീഴെ
ഓട്ടുകമ്പനി
കാടുപിടിച്ചു
കിടന്നു..
ചങ്ങല
ചുറ്റി
താഴിട്ടു
പൂട്ടിയ
ഗേറ്റിനു
മുന്നിൽ
പേരക്കുട്ടിയുടെ
കൈ പിടിച്ച്
കുമാരേട്ടൻ
ഭൂതകാലത്തിലേക്ക്
നടന്നു..
ഉച്ചയൂണിന്റെ
സൈറണ്‍
മുഴങ്ങുമ്പോഴേക്കും
പാടത്തെ പണി നിർത്തിവച്ച്
ചോറുപാത്രവുമായി
ദേവകിയേച്ചി
ഓടിയെത്തി..
അഞ്ചുമണിയുടെ
സൈറണിൽ
ചെങ്കൊടിത്തോരണങ്ങളാൽ
അലങ്കരിക്കപ്പെട്ട
കമ്പനിമുറ്റത്ത്
കുമാരേട്ടന്റെ
മുദ്രാവാക്യം
സാന്ധ്യമേഘങ്ങളുടെ
മുഖാവരണം
കൂടുതൽ
ചുവപ്പിച്ചു..
സൈറണുകൾ
മുഴങ്ങാത്ത
വർത്തമാനകാലത്തിൽ
മുത്തച്ഛന്റെ
കണ്ണിലെ നനവ്
പേരക്കുട്ടിയുടെ
കണ്ണിൽ
ചോദ്യചിഹ്നമുയർത്തി
..
നാലു
വ്യാഴവട്ടങ്ങൾക്കിപ്പുറത്ത്
ഗതകാലസ്മരണകളുടെ
നിഴൽരൂപമായി
കുമാരേട്ടൻ
നിൽക്കുമ്പോൾ ,
പഞ്ചനക്ഷത്ര
ഭാവികാലം
പടിഞ്ഞാറേ
മാനത്ത്
കഴുകൻ
കണ്ണുമായി
വട്ടം
ചുറ്റി പറക്കുന്നുണ്ടായിരുന്നു..
- അജി
ആലത്ത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ