2016 മേയ് 4, ബുധനാഴ്‌ച

ക്ഷമാപണം


നീരറ്റ പുഴയുടെ -
യിത്തിരി വട്ടത്തിൽ
നീന്തുവാനരുതാതെ -
യന്ത്യശ്വാസം വലിക്കാൻ
തുടങ്ങവേ, യമ്മ മീൻ
ഒന്നുമറിയാതെ
തുള്ളിക്കളിക്കുന്ന
കുഞ്ഞു മത്സ്യങ്ങളോട്
നെഞ്ഞു നീറിപ്പറഞ്ഞത് -
അത്യാഗ്രഹം പൂണ്ട
മർത്യജന്മങ്ങൾ
കുഴിവെട്ടി മൂടിയ
പുഴയുടെ ചുടലയിൽ
ചെയ്യാത്ത തെറ്റിന്
ശിക്ഷയേറ്റു വാങ്ങി
ചത്തൊടുങ്ങുന്ന
സാധുക്കളാണു നാം.
മനസാക്ഷിയില്ലാത്ത
മനുഷ്യമൃഗങ്ങൾക്ക്
രുചിയേറും ഭോജ്യമാകുവാ-
നിനിയും കാത്തു നിൽക്കാതെ
ജീവൻ വെടിയുകയൊന്നായി ,
നിങ്ങളും, മക്കളേ ,
മാപ്പു നൽക , ജന്മം നല്കിയതിനീ
നിസ്സഹായയാം അമ്മയോട്..
- അജി ആലത്ത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ