ഉയരങ്ങളിലെ കുഞ്ഞു
ഊഞ്ഞാലുകളൊന്നില്‍
നിന്നിനിയൊന്നിലേക്കവ-
ളൂയലാടുമ്പോള്‍
ഹര്‍ഷാരവം കൂടാരത്തി-
ലുയര്‍ന്നിരുന്നു..
അവളുടെ മനസ്സില്‍
നിറഞ്ഞിരുന്നതോ ..
മുലപ്പാലിനായ് കേഴും
രണ്ടു കുഞ്ഞിക്കണ്ണുകളും..
കാലം പോകെ,
ആളില്ലാക്കസേരകള്‍ക്ക് മുന്നില്‍
ട്രപ്പീസാട്ടമിനിയുമധികം
നാളില്ലെന്ന തിരിച്ചറിവിലാ
അമ്മ മനസ്സ് ഭയന്നിരുന്നു..
അവസാനകളിയും കഴിഞ്ഞ് ,
തമ്പൊഴിഞ്ഞ നേരം,
തെരുവ് വിളക്കുകള്‍ കണ്ണ് ചിമ്മി
മയങ്ങാന്‍ തുടങ്ങിയ നേരം..
കള്ളച്ചിരിയുമായെത്തിയ
കമ്പനി മാനേജര്‍ ,
പുതിയ ലാവണത്തിന്
ഒത്താശ ചെയ്യാന്‍
സമ്മതം തേടിയപ്പോള്‍ ,
കൈ ഉയര്‍ത്തിയത്
അവളല്ല, അവളുടെ
ആത്മാഭിമാനമായിരുന്നു..
പുകയുന്ന കവിളത്ത്
കൈ ചേര്‍ത്ത്
നടന്നകന്ന അയാളുടെ
പുലമ്പലില്‍
പുലയാട്ടും
വെല്ലുവിളിയുമവള്‍ കേട്ടു ..
പിറ്റേന്ന്,
കൈയിലൊരു തുകല്‍ ബാഗും,
ഒക്കത്ത് കുഞ്ഞുമായി
കൂടാരം വിട്ടിറങ്ങേണ്ടി വന്നപ്പോള്‍
അവള്‍ കണ്ടു -
പ്രത്യയശാസ്ത്രം
ബലാത്സംഗം ചെയ്യപ്പെട്ട
നാട്ടിലെ സുന്ദരിമാരുടെ
നീണ്ട നിര ..
കവാടത്തില്‍
പുതിയ ഫ്ലക്സും ..
റഷ്യന്‍ സുന്ദരിമാരുടെ
ആകാശനൃത്തം ..
വരുവിന്‍ ..
ആസ്വദിക്കുവിന്‍ ..
- അജി ആലത്ത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ