മുറിയിൽ
ശീതീകരണയന്ത്രം
സ്ഥാപിച്ച ശേഷം
ജനാലകളൊരിക്കലും
തുറക്കാനവൻ
അനുവദിച്ചിട്ടില്ല..
അയൽവീടുകളിലെ
ശബ്ദങ്ങളിപ്പോൾ
അവരുടെ സ്വകാര്യതയെ
കടന്നാക്രമിക്കാറേയില്ല ..
മാലിന്യങ്ങളുടെയും
വൃത്തികേടുകളുടെയും
സഹജീവികളുടെയും
ദുർഗന്ധത്തിനവിടെ
പ്രവേശനാനുമതിയുമില്ല..
കൃത്രിമമെന്ന് തോന്നുക
പോലും ചെയ്യാത്ത ,
കേട്ടു പോലും
പരിചയമില്ലാത്ത
സുഗന്ധതരംഗങ്ങൾ
വാതാനുകൂലിത കിടക്കറയിൽ
ഒഴുകി നടക്കുന്നുണ്ട്..
മഴ
പെയ്തുകൊണ്ടിരുന്ന
ഒരു രാത്രി,
അടച്ചിട്ട ജാലകത്തിൻറെ
സ്ഫടികപ്പാളിയിൽ
പഴയൊരു സ്നേഹത്തിൻറെ
ചൂട്ടും മിന്നിച്ചൊരു
മിന്നാമിനുങ്ങെത്തിയത്
ഓർമകളുടെ രജതപേടകം
തുറന്നു തരാനായിരുന്നു..
ജാലകവാതിൽ
മലർക്കെത്തുറക്കെ,
അടച്ചിട്ട മനസ്സിൻറെ
ദുർഗന്ധമാകെയും
പുറത്തേക്കു വമിക്കുന്നതും ,
നിലാമഴയിലെങ്ങോ വിരിഞ്ഞ
പാതിരാപ്പൂവിൻറെ
നറുമണമുള്ളിൽ
നിറയുന്നതുമവളനുഭവിച്ചു..
നീണ്ടുകിടന്ന ടാറിട്ട റോഡ്
നിലാവെളിച്ചത്തിൽ
ചെമ്മണ്‍ പാതയായ്
പുനർജ്ജനിക്കുന്നതും,
നഷ്ടപ്രണയത്തിൻറെ
ലഹരി നിറച്ച്
മുല്ലമൊട്ടുകൾ വിടരുന്നതും
അവളറിഞ്ഞു..
ഈറൻ മുടിയിൽ
തുളസിക്കതിരുമായ് ,
കരളു കുളിരെ
കേൾക്കാൻ കൊതിച്ച
നാട്ടുവഴിയിലെ പദനിസ്വനം
കാത്തിരുന്ന
കൗമാര സ്വപ്നങ്ങളിലേക്ക്
കണ്ണ് തുറന്നപ്പോൾ ,
പണ്ടെന്നോ കേട്ടു മറന്ന
പഴയൊരാ പാട്ടോർമ്മയിലവൾ
കരഞ്ഞുകൊണ്ട് പാടി -
അടച്ചിട്ട ജാലകങ്ങൾ
തുറന്നോട്ടെ...
- അജി ആലത്ത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ