നാലു സെൻറ് പുരയിടത്തിലെ
ഓടിട്ട വീട്ടിൽ
ജാനുവമ്മയെ തനിച്ചാക്കി
മകൻ യാത്രയായിട്ടി -
ന്നേയ്ക്കിരു വ്യാഴവട്ടം.
വീട്ടുമുറ്റത്തെ വെട്ടോഴി
നടപ്പാതയ്ക്കും
നടപ്പാത, നാലുവരി രാജപാതയ്ക്കും
വഴി മാറിക്കഴിഞ്ഞു ..
നാരായണൻറെ പലചരക്കുകട
മൂലധന ഭീമൻറെ ആഗോളതാഡനത്തിൽ
നട്ടെല്ലൊടിഞ്ഞു വീണു..
' മാളി 'ലെ ഹൈപ്പർ മാർക്കെറ്റിലേയ്ക്ക്
തുണിസഞ്ചിയുമായി കയറി വന്ന
ജാനുവമ്മയെ ഗ്ലോബൽ സെക്യൂരിറ്റി
തടഞ്ഞു നിർത്തി .
' എന്താ വേണ്ടത്?'
' നൂറു മുളകും കല്ലുപ്പും’
എസ്കലേറ്ററുകളിൽ കൂടി
ബഹുനിലകൾ പ്രതിധ്വനിച്ച പുശ്ചച്ചിരി
കണ്ണാടിച്ചുമരുകൾ പ്രതിഫലിപ്പിച്ചു..
കെന്റക്കി ഫ്രൈഡ്ചിക്കൻറെ ബോർഡ് കാട്ടി
കൊട്ടാരം വാതിൽ സൂക്ഷിപ്പുകാർ കൽപ്പിച്ചു -
'അവിടേക്ക് പൊക്കോ തള്ളെ ,
വയസു കാലത്ത് ചോറും കറീം വയ്ക്കാനും
പാത്രം കഴുകാനും നിൽക്കണ്ട ..'
ഇനിയുള്ള കാലം
രസന ,
മോർച്ചറി മസാലസ്വാദുകളുടേതെന്ന
തിരിച്ചറിവിൽ
ജാനുവമ്മ
തുണി സഞ്ചി വലിച്ചെറിഞ്ഞ്
കെ. എഫ്. സി യുടെ
ആധുനിക അടുക്കളയിലെ
വറചട്ടിയിലെ
തിളയ്ക്കുന്ന മസാലക്കൂട്ടുകളിലേക്ക്
മുങ്ങാംകുഴിയിട്ടു ..
- അജി ആലത്ത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ