അവന് ഏറെ പ്രിയപ്പെട്ടത്
അവളുടെ കണ്ണുകളായിരുന്നു.
മുഖത്ത് നോക്കുമ്പോൾ
കാണുന്നത്
രണ്ടു നീലസാഗരങ്ങളാണെന്ന്
അവൻ കവിത കുറിച്ചു..
മിന്നുകെട്ടിന് വന്നവർ
അവളുടെ
മിന്നുന്ന കണ്ണ് കണ്ട്
അസൂയപ്പെടുന്നത്
ഉടമയുടെ ഗർവോടെ
അവൻ നോക്കി നിന്നു..
മിന്നുന്ന പൊന്നിന്റെ
കണക്കെടുപ്പിൽ
അവന്റെ വീട്ടുകാർ മാത്രം
വിടർന്ന കണ്ണുകൾ കണ്ടതേയില്ല..
മധുവിധുവിന് ശേഷം,
ഫാനിലെ സാരിക്കുരുക്കഴിച്ച്
ഇറക്കിക്കിടത്തിയപ്പോഴും
ആ കണ്ണുകൾ
അവനായി
തുറന്നു തന്നെയിരുന്നു..
അടയ്ക്കാൻ ശ്രമിച്ചിട്ടും
അടയാതെ..
- അജി ആലത്ത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ