അങ്ങാടിയിലെ
ഇടുങ്ങിയ തെരുവോരത്ത് ,
ചുമലിലെ തുണിത്തൊട്ടിലിൽ
ഉറങ്ങുന്ന കുഞ്ഞുമായി
ഒരമ്മ ,
മീൻ വിൽക്കുന്നു ..
ചാളയുടെയും അയലയുടെയും
ചോരച്ച കണ്ണുകൾ
വിലപേശലിന്റെ
നിരർത്ഥകതയെ
നിസ്സംഗതയോടെ
നോക്കിക്കണ്ടു ..
മീൻ കൂട്ടിയിട്ടിരിക്കുന്ന
മരബഞ്ചിനു ചുവട്ടിൽ ,
മീൻ മണത്തിൽ കിറുങ്ങി ,
കുറിഞ്ഞിപ്പൂച്ച
തപസ്സിരിക്കുന്നു.
ഈ സമയം,
സുഗന്ധവാഹിയായൊരു കാറ്റ്
മലയിറങ്ങി വന്ന് ,
അവരെ തഴുകി
കടന്നു പോകുകയും,
തുണിത്തൊട്ടിലിൽ ,
കുഞ്ഞ് ,
മുലപ്പാൽ നുകരുന്ന
സ്വപ്നം കണ്ട്
നനു നനെ
പുഞ്ചിരിക്കുകയും ചെയ്തു.
ഇതേ സമയം തന്നെയാണ്,
ഹോട്ടൽ മുതലാളി
മുഴുവൻ മീനും
മോഹവിലയ്ക്ക്
വാങ്ങുന്നതായി
അമ്മയും,
മുതലാളിക്ക്
മീൻ കൊടുക്കുന്നതിനിടയിൽ
ഒരു മുഴുത്ത ചാള
മുന്നിലേക്ക് വീഴുന്നതായി
കുറിഞ്ഞി പ്പൂച്ചയും
സ്വപ്നം കണ്ടത്..
- അജി ആലത്ത് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ